ഇന്ത്യന്‍ ആര്‍ട്ടിസന്‍സ് ഹാറ്റ്’ കരകൗശല മേളയ്ക്ക് തുടക്കമായി

Web Desk
1 Min Read

കൊച്ചി: ഇന്ത്യയുടെ പാരമ്പര്യ കൈത്തറി- കരകൗശല വൈവിധ്യം പരിചയപ്പെടുത്തുന്ന ‘ദി ഇന്ത്യന്‍ ആര്‍ട്ടിസന്‍സ് ഹാറ്റ്’ കരകൗശല മേളയ്ക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടക്കമായി. ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. രാജസ്ഥാനി നാടോടി സംഗീതം ഒഴുകുന്ന പ്രദര്‍ശന നഗരിയില്‍ ഇന്ത്യയുടെ കലാ- സാംസ്‌ക്കാരിക വൈവിധ്യത്തിന്റെ അത്ഭുതപ്പെടുത്തുന്ന ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനിലെ പ്രശസ്ത നാടോടി ഗായകന്‍ ഉസ്താദ് സാവന്‍ ഖാനാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. കരകൗശല മേള ഒക്ടോബര്‍11 വരെ തുടരും.

city exchange

ഇന്ത്യയിലെ 25ലേറെ സംസ്ഥാനങ്ങളില്‍ നിന്നുള്ള 100ലേറെ കരകൗശല വിദഗ്ധരാണ് മേളയില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഈ രംഗത്തെ പ്രമുഖരും പുരസ്‌കാര ജേതാക്കളുമായ കരകൗശല വിദഗ്ധര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, ചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഫര്‍ണിച്ചര്‍, പാദരക്ഷകള്‍, ശില്‍പങ്ങള്‍, വിളക്കുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്കായി മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ബിഹാറിലെ ഭാഗല്‍പൂരി സാരികള്‍, ഗുജറാത്തിലെ കച്ച് എംബ്രോയ്ഡറി, ലഖ്നൗവിലെ ചിക്കന്‍കാരി, ഒഡിഷയിലെ സംബല്‍പുരി സാരികള്‍, പശ്ചിമ ബംഗാളിലെ ജംദാനി, തെലങ്കാനയിലെ ഇക്കത്ത്, ഉത്തര്‍പ്രദേശിലെ ബനാറസി സാരികള്‍, മധ്യപ്രദേശിലെ ചന്ദേരിമഹേശ്വരി സാരികള്‍ തുടങ്ങിയവയ്ക്ക് പുറമേ ജയ്പൂരിലെ ബ്ലൂ പോട്ടറി, ബിഹാറിലെ മധുബനി ചിത്രങ്ങള്‍, പശ്ചിമ ബംഗാളിലെ കാളിഘട്ട് ചിത്രങ്ങള്‍, മധ്യപ്രദേശിലെ ഗോണ്ട് പെയിന്റിങ്, ഒഡിഷയിലെ പട്ടച്ചിത്രം, കേരളത്തിലെ മരപ്പണികള്‍, മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പരമ്പരാഗത ആഭരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ എന്നിവയെല്ലാം തയ്യാറാക്കിയിട്ടുണ്ട്.

- Advertisement -
Ad image

കരകൗശല നിര്‍മാണത്തിന്റെ തത്സമയ പ്രദര്‍ശനവും മേളയുടെ പ്രത്യേകതയാണ്. ദേശീയ പുരസ്‌കാര ജേതാവും ‘ആര്‍ആര്‍ആര്‍’ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളുമായ മുഹമ്മദ് സലീമിന്റെ ലാക് വള നിര്‍മാണം, ദേശീയ പുരസ്‌കാര ജേതാവ് ജൊറൂപ്പ് റാം രാജസ്ഥാനി പരവതാനി നെയ്ത്ത്, ഒഡിഷയിലെ ഭാരത് പട്ടച്ചിത്ര ചിത്രരചനയും രാജസ്ഥാനിലെ മദന്‍ലാല്‍ പരമ്പരാഗത തുണിപ്പാവ നിര്‍മാണവും ഉള്‍പ്പെടെ നേരിട്ട് അവതരിപ്പിക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകളും, കശ്മീരി ഡ്രൈ ഫ്രൂട്ട്‌സും മേളയിലുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് മേള.

Share This Article
Leave a Comment
error: Content is protected !!