കാബൂള്‍ വിമാനത്താവളത്തില്‍ തത്രപ്പെടുന്ന ഈ മനുഷ്യര്‍ ടൂര്‍ പോകാനിറങ്ങിയതല്ല

Web Desk
2 Min Read

അഫ്ഗാനിസ്ഥാനില്‍ പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്. താലിബാന്‍ നേതൃത്വവുമായി ദോഹയില്‍ യു എസ് അധികാരികള്‍ ഔപചാരിക ചര്‍ച്ച നടത്തിയത് മുതല്‍ ഇത്തരമൊരു പരിണതി ഉറപ്പായിരുന്നു. ഇത്ര വേഗമായതിലേ അത്ഭുതമുള്ളൂ. താലിബാനുമായി നയതന്ത്ര പദവി നല്‍കി ചര്‍ച്ചാ മേശയിലേക്ക് ആനയിക്കുകയാണ് അമേരിക്ക ചെയ്തത്.

city exchange


താലിബാന് ഇങ്ങനെ വളരാനും വ്യാപിക്കാനുമുള്ള അവസരമൊരുക്കുകയാണ് യു എസ് ചെയ്തതെന്ന് പറയാം. ഇറാഖിലും ലിബിയയിലുമൊക്കെ അമേരിക്ക ഇങ്ങനെ ഗോള്‍ പോസ്റ്റ് മാറ്റിക്കളിച്ചിട്ടുണ്ട്. ഇന്ന് ഇവിടങ്ങളില്‍ കാണുന്ന ഐ എസ് അടക്കമുള്ള എല്ലാ ഗ്രൂപ്പുകള്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ സഹായം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരു ഘട്ടത്തില്‍ യു എസ് ഇവരെ ശത്രുവായി കാണും. അടുത്ത ക്ഷണം ഭരണം അവര്‍ക്ക് താലത്തില്‍ വെച്ച് നല്‍കി തടിയൂരും. അത്കൊണ്ട് അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ പതിതാവസ്ഥക്ക് കാരണം അധിനിവേശ ശക്തികളാണ് എന്ന് പറഞ്ഞാല്‍ അത് താലിബാനെ ന്യായീകരിക്കലാകില്ല.


ഒരു ന്യായീകരണവും അര്‍ഹിക്കാത്ത വിധം അക്രമോത്സുകമായ സായുധ സംഘമാണ് താലിബാന്‍. ആധുനിക ജനാധിപത്യ മൂല്യങ്ങളില്‍ അവര്‍ വിശ്വസിക്കുന്നില്ലെന്ന് തന്നെയാണ് ഇക്കാലം വരെയുള്ള അവരുടെ ചെയ്തികള്‍ വ്യക്തമാക്കുന്നത്. വൈദേശിക അധിനിവേശത്തിനെതിരെ ഉയര്‍ന്നു വന്ന പ്രാദേശിക ശക്തിയെന്ന് താലിബാനെ സൂക്ഷ്മാര്‍ഥത്തില്‍ വേണമെങ്കില്‍ അടയാളപ്പെടുത്താം. അന്താരാഷ്ട്ര ലക്ഷ്യങ്ങള്‍ ഇല്ലത്തത് കൊണ്ട് അല്‍ ഖാഇദയില്‍ നിന്ന് അവരെ വ്യത്യാസപ്പെടുത്തി മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സൗമനസ്യവും അര്‍ഹിക്കാത്ത വിധത്തില്‍ ക്രൂരമാണ് താലിബാന്റെ വഴികള്‍.

- Advertisement -
Ad image


ആയുധത്തിന്റെയും അക്രമത്തിന്റെ ചോരയുടെയും ഭാഷയില്‍ നിന്ന് താലിബാന് സ്ഥായിയായി പുറത്തു കടക്കാനാകില്ല. ഇസ്ലാമിന്റെ യഥാര്‍ഥ മൂല്യങ്ങള്‍ അവര്‍ ഒരിക്കലും പിന്തുടര്‍ന്നിട്ടില്ല. ഭാവിയില്‍ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന സ്ഥിതിയുമില്ല. കാരണം, അവരെ നയിക്കുന്ന അടിസ്ഥാന പ്രത്യയ ശാസ്ത്രം ആയിരക്കണക്കായ മനുഷ്യരെ കൊന്നുതള്ളിയ വഹാബിസത്തിന്റെതാണ്. അവര്‍ക്ക് ഐഡിയോളജിക്കല്‍ കില്ലിംഗില്‍ ഒരു മനസ്താപവുമുണ്ടാകില്ല. ചൈനയും റഷ്യയും പിന്തുണച്ചു എന്നത് കൊണ്ട് ‘ഇതാ പുതിയ താലിബാന്‍’ എന്ന് ആര്‍പ്പു വിളിക്കാനാകില്ല. ചിതറിത്തെറിച്ചു പോയ ചാവേറുകളും നിമിഷാര്‍ധം ശവപ്പറമ്പായി മാറിയ തെരുവുകളും കൊട്ടുകഥകളാണോ?


അഫ്ഗാന്‍ ജനതയെക്കുറിച്ചാണ് വേദന. എത്രകാലമായി അവര്‍ അധിനിവേശം അനുഭവിക്കുന്നു. അമേരിക്ക ഹെലികോപ്റ്ററില്‍ ഇറക്കിയ ഐ എസുകാര്‍ അവിടെയുണ്ട്. അതിര്‍ത്തിയില്‍ ഇറാന്‍ സജ്ജമായി നില്‍ക്കുന്നുണ്ട്. അപ്പുറത്ത് ചൈനയും റഷ്യയുമായതിനാല്‍ യു എസും വെറുതെ ഇരിക്കില്ലല്ലോ. കാബൂള്‍ വിമാനത്താവളത്തില്‍ തത്രപ്പെടുന്ന ഈ മനുഷ്യര്‍ ടൂര്‍ പോകാനിറങ്ങിയതല്ല.

  • (മുസ്തഫ പി എറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്‌)
Share This Article
Leave a Comment
error: Content is protected !!