
മക്ക: പ്രവാസ ലോകത്തെ മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി ഐ സി എഫ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ‘തിലാവ-2026’ അന്താരാഷ്ട്ര ഫൈനല്‍ മത്സരം വെള്ളിയാഴ്ച സൗദി സമയം ഉച്ചക്ക് ഒന്നരയ്ക്ക് നടക്കും.

ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. മദ്‌റസ, റീജിയണ്‍, ചാപ്റ്റര്‍, നാഷണല്‍ എന്നീ നാല് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര മത്സരം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഗ്രാന്റ് ഫിനാലെ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത്തവണ നടക്കുന്നത്.

മത്സരങ്ങള്‍ക്ക് നൂതനമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മത്സരം ഉദ്ഘാടനം ചെയ്യും.
കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ശബ്ദ സൗന്ദര്യത്തിന് പുറമെ തജ്വീദ് നിയമങ്ങള്‍, മഖ്റജ്, പാരായണ ശൈലി എന്നിവയാണ് വിധിനിര്‍ണയത്തില്‍ പ്രധാനമായും പരിഗണിക്കുക. ഓരോ വിഭാഗത്തിനും പ്രത്യേക സൂറത്തുകള്‍ മത്സരത്തിനായി നിശ്ചയിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടന്നത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ വിജ്ഞാന പദ്ധതികളിലൊന്നായി തിലാവ ഖുര്‍ആന്‍ പാരായണ മത്സരം മാറിയിട്ടുണ്ടെന്ന് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.

