Connect with us

NEWS

മൂന്നാം തൊഴില്‍ കമ്മീഷനെ നിയമിക്കണം: കെ യു ഡബ്ല്യു ജെ ട്രേഡ് യൂണിയന്‍ സെമിനാര്‍

Published

on


കൊച്ചി: രാജ്യത്തെ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മൂന്നാം തൊഴില്‍ കമ്മീഷനെ നിയമിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂണിയന്‍ സെമിനാര്‍ ആവശ്യപ്പെട്ടു. തൊഴില്‍ കോഡുകള്‍ നിലവില്‍ വന്നെങ്കിലും ഫലപ്രദമാകാത്ത സാഹചര്യത്തില്‍ മൂന്നാം തൊഴില്‍ കമ്മീഷന്‍ ആവശ്യമാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.

‘മൂലധന താല്‍പര്യങ്ങളും മാധ്യമ തൊഴിലാളികളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ എ ഐ ടി. യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പണിയെടുത്താല്‍ കൂലി കിട്ടണമെന്ന അടിസ്ഥാനകാര്യം പോലും പല മേഖലയിലും സാധ്യമാകുന്നില്ലെന്നത് യാഥാര്‍ഥ്യമാണെന്നും ഇതിന് മാറ്റം വേണമെങ്കില്‍ ട്രേഡ് യൂണിയന്‍ സംഘടനകളുടടെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. 90 ശതമാനം തൊഴിലാളികള്‍ക്കും മിനിമം വേതനം ഇന്ത്യയില്‍ കിട്ടുന്നില്ല. തൊഴില്‍ മേഖലയില്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല. കേരളത്തിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയില്‍ പത്രപ്രവര്‍ത്തകരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീത അധ്യക്ഷത വഹിച്ചു. സി ഐ ടി യു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള, ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ കെ ഇബ്രാഹിം കുട്ടി, ബി എം എസ് മുന്‍ ദേശീയ പ്രസിഡന്റ് സജി നാരായണന്‍, എച്ച് എം.എസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, കെ യു ഡബ്ല്യു ജെ നിയുക്ത പ്രസിഡന്റ് കെ പി റെജി, നിയുക്ത ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ ആര്‍ ഗോപകുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം ഷജില്‍ കുമാര്‍ നന്ദിയും പറഞ്ഞു.


error: Content is protected !!