

ആലുവ: സാങ്കേതിക മേഖലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ദായകരായി മാറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ആലുവ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.70 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലുണ്ടായ പുരോഗതി സമൂഹത്തെ കൂടുതല്‍ വൈജ്ഞാനിക സമൂഹമാക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6,000 കോടി രൂപയുടെ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വിവര സാങ്കേതിക വിദ്യയുടെ കാലത്ത് അനുയോജ്യമായ വിദ്യാഭ്യാസ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

അടിസ്ഥാന സൗകര്യം ഇത്രയേറെ വികസിച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ല. ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള 88 സ്ഥാപനങ്ങളിലൂടെയും അഭിമാന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആലുവ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിപ്പിച്ച അന്‍വര്‍ സാദത്ത് എം എല്‍ എയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ മുഖ്യാതിഥിയായിരുന്നു. ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ. വി എ അരുണ്‍ കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഫാസില്‍ ഹുസൈന്‍, ലത്തീഫ് പൂഴിത്തറ, മിനി ബൈജു, ലിസ ജോണ്‍സണ്‍, എം പി സൈമണ്‍, കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി കെ ജയ, ബോയ്‌സ് എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ വി പ്രീത, ജോസഫ് പുതുശേരി, എം എം കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള കപ്രശേരി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കി. ആലുവ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടന വേദിയില്‍ അധ്യക്ഷനായിരുന്ന അന്‍വര്‍ സാദത്ത് എം എല്‍ എയാണ് ആവശ്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്‌കൂള്‍ പ്രിന്‍സിപ്പളും ജീവനക്കാരുമെല്ലാം വിഷയം വീണ്ടും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും അനുകൂലമായാണ് പ്രതികരിച്ചത്.

