
കൊച്ചി: ടൈ കേരള യംഗ് ഓണ്‍ട്രപ്രണേഴ്‌സ് 2025- 26 ലോഞ്ചിംഗും കേരളത്തില്‍ ടൈ യംഗ് ഓണ്‍ട്രപ്രണേഴ്‌സ് പരിശീലനം ലഭിച്ച 15000 വിദ്യാര്‍ഥികള്‍ പൂര്‍ത്തിയായ ചടങ്ങും കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയയില്‍ നടന്നു. കെ എസ് ഐ ഡി സി ചെയര്‍മാനും ടൈ കേരള മുന്‍ പ്രസിഡന്റുമായ സി ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ പുരോഗമനപരമായി യാതൊന്നും സംഭവിക്കുന്നില്ല എന്ന പ്രതീതിയാണ് വാര്‍ത്താ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതെന്നും എന്നാല്‍ മികച്ച അവസരങ്ങളാണ് യുവ സമൂഹത്തിനു മുമ്പില്‍ തുറന്നു കിടക്കുന്നതെന്നും സി ബാലഗോപാല്‍ പറഞ്ഞു. ലോക സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ നിന്നും അവസരങ്ങള്‍ നിരവധിയുള്ള കേരളത്തില്‍ നിന്നും വിദ്യാര്‍ഥികളും യുവാക്കളും പോകാന്‍ ആഗ്രഹിക്കുന്നത് സാമ്പത്തിക മാന്ദ്യം നേരിടുന്ന പാശ്ചാത്യ രാജ്യങ്ങളിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രം ആയിരക്കണക്കിന് യുവാക്കള്‍ തങ്ങളുടെ വഴികളിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുന്നത് യാത്രകളില്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകുമെന്നും സി ബാലഗോപാല്‍ പറഞ്ഞു.

ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണഗോവിന്ദ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളിലും യുവതയിലും സംരംഭകരെ സൃഷ്ടിക്കുക എന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വപ്‌നം മാത്രമായിരുന്നെങ്കില്‍ ഇപ്പോഴത് യാഥാര്‍ഥ്യമായതായി വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
ടൈ കേരള മുന്‍ പ്രസിഡന്റ് ജോണ്‍ കെ പോള്‍, ടൈ യംഗ് ഓണ്‍ട്രപ്രണേഴ്‌സ് ചെയര്‍ വിനോദിനി സുകുമാര്‍, ജയദേവ് മേനോന്‍, അഭിമന്യു ഉദയന്‍, ഭവന്‍സ് ആദര്‍ശ് വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ ജ്യോതി എന്നിവര്‍ പ്രസംഗിച്ചു. ടൈ കേരള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ദിവ്യ തലക്കലാത്ത് സ്വാഗതവും ഭവന്‍സ് ആദര്‍ശ് വിദ്യാലയ ഇവന്റ് കോര്‍ഡിനേറ്റര്‍ സുധ വര്‍മ നന്ദിയും പറഞ്ഞു.
ടൈ ഗ്ലോബല്‍ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

