
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദോഹയില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റപ്പ് കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. സല്‍വ റോഡിലെ സയ്തൂണ്‍ റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ലോകത്ത് സമാധാനവും സൗഹൃദവും നിലനിര്‍ത്തുന്നതില്‍ ഖത്തര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നയതന്ത്ര ഇടപെടലുകളും പ്രശംസനീയമാണെന്ന് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. സാമൂഹ്യ സൗഹാര്‍ദ്ദവും ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയും വെറുപ്പും മനുഷ്യരാശിയുടെ പുരോഗതിക്ക് വലിയ തടസ്സമാണെന്നും വര്‍ഗ്ഗവും വര്‍ണ്ണവും അടിസ്ഥാനമാക്കിയുള്ള എല്ലാ വിഭജനങ്ങളെയും ഇസ്ലാം ശക്തമായി നിരാകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം വിശ്വാസവും സംസ്‌കാരവും പിന്തുടരുന്നതിനൊപ്പം മറ്റുള്ളവര്‍ക്കും അതിനുള്ള അവകാശമുണ്ടെന്ന ബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുബൈര്‍ വക്ര അധ്യക്ഷത വഹിച്ചു. കെ എന്‍ എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ എന്‍ എം സെക്രട്ടറി ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, എം എം അക്ബര്‍, അലി ശാക്കിര്‍ മുണ്ടേരി, പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരി എ പി ആസാദ്, ഉണ്ണി ഒളകര, സൈനുല്‍ ആബിദീന്‍ സഫാരി, അബ്ദുല്‍ കരീം എം ഇ എസ്, ഹൈദര്‍ ചുങ്കത്തറ, ഹുസൈന്‍ അല്‍ മുഫ്ത എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി പി കെ ഷെമീര്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയില്‍ നന്ദിയും പറഞ്ഞു. ഖത്തറിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഇസ്ലാഹി സെന്റര്‍ നേതാക്കള്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ലീഡേഴ്സ് മീറ്റിന് അക്ബര്‍ കാസിം, സി കെ ശരീഫ്, അബ്ദുല്ല ഹുസൈന്‍, ഹനീഫ ആയപ്പള്ളി, നജീബ് അബൂബക്കര്‍, ഡോ. ഹശ്‌യത്തുള്ള, ഖല്ലാദ് ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

