അരനൂറ്റാണ്ടു മുമ്പുള്ള പാരമ്പര്യത്തോടൊപ്പം അന്‍പത് വര്‍ഷത്തിനപ്പുറത്തെ സാങ്കേതിക പുരോഗതിയും ഉള്‍ക്കൊള്ളാനാവണം

Web Desk
10 Min Read

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി സ്ഥാപകനും ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ സംസാരിക്കുന്നു

സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍

മുസ്‌ലിംകള്‍ക്കിടയില്‍ മത- ഭൗതിക വിദ്യാഭ്യാസത്തെ ഒരുപോലെ സമന്വയിപ്പിക്കാന്‍ ലക്ഷ്യമിട്ട് കാല്‍നൂറ്റാണ്ടു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച മഅ്ദിന്‍ അക്കാദമിയുടെ സ്ഥാപകനും ചെയര്‍മാനുമാണ് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍. കേരള മുസ്‌ലിംകളിലെ മതപരമായ മതപരമായ രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ദീര്‍ഘവീക്ഷണവും കൃത്യവും വ്യത്യസ്തവുമായ നിലപാടുകള്‍ പുലര്‍ത്തുന്ന സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ 1997ല്‍ ആരംഭിച്ച മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ എന്ന മഅ്ദിന്‍ അക്കാദമിക്ക് നിലവില്‍ 44 സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാമായി കാല്‍ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.

city exchange

ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം പ്രതിഭകളുടെ പട്ടികയില്‍ ഇടം നേടിയ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി 1964ല്‍ കടലുണ്ടിയിലാണ് ജനിച്ചത്.

നിരവധി മഹല്ലുകളുടെ ഖാദിയും തൃശൂര്‍ ജില്ലാ സംയുക്ത ഖാദിയുമായ അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മതമൈത്രി സമ്മേളനത്തിലും ജി 20 മതസൗഹാര്‍ദ്ദ ഉച്ചകോടിയിലെ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയുമാണ്. മാര്‍പ്പാപ്പയുടെ നിയന്ത്രണത്തിലുള്ള പോന്തിഫിക്കല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗിന്റെ വത്തിക്കാന്‍ ആസ്ഥാനത്തു നടന്ന മതസൗഹാര്‍ദ്ദ ചര്‍ച്ചാ വേദിയില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം.

നിരവധി മഹല്ലുകളുടെ ഖാദിയും തൃശൂര്‍ ജില്ലാ സംയുക്ത ഖാദിയുമായ അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മതമൈത്രി സമ്മേളനത്തിലും ജി 20 മതസൗഹാര്‍ദ്ദ ഉച്ചകോടിയിലെ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയുമാണ്. മാര്‍പ്പാപ്പയുടെ നിയന്ത്രണത്തിലുള്ള പോന്തിഫിക്കല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗിന്റെ വത്തിക്കാന്‍ ആസ്ഥാനത്തു നടന്ന മതസൗഹാര്‍ദ്ദ ചര്‍ച്ചാ വേദിയില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി മലേഷ്യ ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകളുമായി അക്കാദമിക ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുള്ള മഅ്ദിന്‍ അക്കാദമി മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റോടെയുള്ള ഇസ്‌ലാമിക് ബാങ്കിങ് പഠിപ്പിക്കാനുള്ള കേന്ദ്രമായും ജാമിഅ മില്ലിയ്യയുടെ സ്റ്റഡി സെന്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. സാംസ്‌ക്കാരിക- ചരിത്ര പഠന മേഖലയിലെ സഹകരണത്തിന് യു എസ് ആസ്ഥാനമായ ഷെന്‍ഗെ ഇന്റര്‍നാഷണല്‍ പീസ് ഫൗണ്ടേഷനും സ്പാനിഷ് ഭാഷാപഠനം വിപുലപ്പെടുത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടോ സെര്‍വാന്‍തസും മഅ്ദിന്‍ അക്കാദമിയുമായി ധാരണാപത്രമുണ്ട്.

അറബി ഭാഷാ രംഗത്തെ സംഭാവനയ്ക്കും സേവനത്തിനും മഅ്ദിന്‍ അക്കാദമി ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സയ്യിദ് അഹമദുല്‍ ബുഖാരി പുരസ്‌ക്കാരം നല്കുന്നുണ്ട്.

മഅ്ദിന്‍ അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അദനി ബിരുദമാണ് നല്കുന്നതാണ്. 2016ലാണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ദഅ്‌വ കോളജ്, ശരീഅത്ത് കോളജ്, ഖുര്‍ആന്‍ പഠനകേന്ദ്രം, അറബിക്ക് സ്റ്റഡി സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടര്‍ക്കിഷ് സ്റ്റഡീസ്, മീഡിയ സ്‌കൂള്‍, പോളിടെക്‌നിക്ക്, പബ്ലിക്ക് സ്‌കൂള്‍, സ്പാനിഷ് അക്കാദമി, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, ഷീ ക്യാംപസ്, ഏബ്ള്‍ വേള്‍ഡ്, മഅ്ദിന്‍ക്യൂ ലാന്റ്, ഇന്‍ഡസ് അക്കാദമി, ഹോം സയന്‍സ് സെന്റര്‍ തുടങ്ങി സ്‌കൂളുകള്‍, കോളജുകള്‍, അന്തര്‍ദേശീയ പാഠശാലകള്‍, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അനാഥാലയങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് മഅ്ദിന്‍ അക്കാദമി. ഇതോടൊപ്പം സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ബഹുമുഖ പദ്ധതികളോടെയുള്ള മഅ്ദിന്‍ എജ്യുപാര്‍ക്കിനും തുടക്കമിട്ടിട്ടുണ്ട്.

നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനാണ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍, ആസ്‌ത്രേലിയ, അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, റോം, വ്ത്തിക്കാന്‍, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക, ജോര്‍ദാന്‍, ഇറാഖ്, യമന്‍, സിറിയ, ഈജിപ്ത്, ഫലസ്തീന്‍, ചൈന, ഫിജി, തായ്‌ലാന്റ് തുടങ്ങി അന്‍പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

2012ലെ ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി അവാര്‍ഡ്, 2014 ലെ ഇമാം ഗസ്സാലി അവാര്‍ഡ്, 2017ല്‍ മൊററോക്കോയിലെ അഗാദീര്‍ യൂണിവേഴ്‌സിറ്റിയുടെ എക്‌സലന്‍സ് അവാര്‍ഡ് എന്നിങ്ങനെ വിവിധ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

മത- ഭൗതിക- വിദ്യാഭ്യാസരംഗത്ത് വിശാല വീക്ഷണവും അന്താരാഷ്ട്ര കാഴ്ചപ്പാടുകളും പുലര്‍ത്തുന്ന സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ആഗോളവാര്‍ത്തയുമായി സംസാരിക്കുന്നു:

ചോദ്യം: വ്യത്യസ്ത മുസ്ലിം സംഘടനകളും മുസ്ലിം ചിന്താധാരകളുമുണ്ട്. അവയെല്ലാം സാധാരണ മുസ്ലിംകള്‍ക്ക് അവരുടേതായ ചിന്തകളും പ്രവര്‍ത്തനങ്ങളും പഠിപ്പിക്കുന്നുമുണ്ട്. സമൂഹത്തിനും സമുദായത്തിനുമായി വ്യത്യസ്തമായ രീതിയില്‍ ഗുണകരമാകുന്ന നിരവധി കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും പരസ്പരം കുറ്റപ്പെടുത്തുകയോ അപഹസിക്കുകയോ ചെയ്യാറുമുണ്ട്. ഇതില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന കാര്യങ്ങളാണ് മുസ്‌ലിംകളല്ലാത്തവര്‍ പലപ്പോഴും കാണുകയോ അറിയുകയോ ചെയ്യുന്നത്. ഓരോ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ചെറിയ മാറ്റങ്ങളോ വ്യത്യാസങ്ങളോ ഉള്ളത് പരസ്പരം ചെളിവാരി എറിയാതെ സമൂഹത്തിന് നല്ല സന്ദേശം മാത്രം നല്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കാന്‍ സമസ്ത പോലൊരു വലിയ സംഘടന വിചാരിച്ചാല്‍ സാധിക്കില്ലേ?

ഉത്തരം: സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയും വിവാദങ്ങളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും പരമാവധി മാറി നില്‍ക്കുകയും ചെയ്യുന്നതാണ് വിവേകമുളളവരുടെ സ്വഭാവം. വ്യക്തികളായാലും ഒരു കൂട്ടമായാലും ചീത്ത പറച്ചിലും കുറ്റം മാത്രം കണ്ടെത്തലും ഒരു ഉപകാരവും ചെയ്യില്ല. അത് ആളുകളെ നമ്മില്‍ നിന്ന് അകറ്റും. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളും മഅ്ദിന്‍ അടക്കമുള്ള സ്ഥാപനങ്ങളും ഇക്കാര്യം എപ്പോഴും ജനങ്ങളെ ഉദ്ബോധിപ്പിക്കാറുണ്ട്.

മഅ്ദിന്‍ അക്കാദമി ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ടാവുന്നു. ഇത്രയും കാലത്തിനിടക്ക് ഒരിക്കല്‍ പോലും മറ്റുള്ളവരെ ചീത്ത പറയുന്ന ഒരു വേദിയും സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ചിട്ടില്ല എന്ന് ധൈര്യത്തോടെ എനിക്കു പറയാനാവും. ഇങ്ങോട്ട് ചീത്ത പറഞ്ഞാലും തിരിച്ചു പറയേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ക്ഷമയും സഹനവും ഒരിക്കലും വെറുതെയാകില്ല. ഒരു കാലത്ത് പഴിപറഞ്ഞവര്‍ വൈകാതെ നമ്മുടെ ഉറ്റ സുഹൃത്തുക്കളാകുന്നതാണ് അനുഭവം.

ചില ശീലങ്ങള്‍ നാം മാറ്റിയേ തീരൂ. ഉദാഹരണമായി, നമുക്കൊരാള്‍ ചായ വാങ്ങി തരാന്‍ വേണ്ടി തയ്യാറായി എന്നു കരുതുക. അയാള്‍ നമ്മളോട് ‘നമുക്കൊരു ചായ കുടിക്കാം’ എന്നു പറഞ്ഞു കൊണ്ട് ക്ഷണിക്കുന്നു. ചായ കുടിക്കാന്‍ താത്പര്യമില്ലാത്ത നമ്മള്‍ ഉടന്‍ പ്രതികരിക്കുന്നു. ‘വേണ്ട’. വെട്ടൊന്ന് മുറി രണ്ട് എന്നതാണ് നമ്മുടെ സ്വാഭാവം. തീര്‍ച്ചയായും നമ്മളോട് ചായ ഓഫര്‍ ചെയ്ത വ്യക്തിക്ക് മാനസികമായി ചെറിയ വിഷമം ഉണ്ടായിട്ടുണ്ടാവും.

എന്നാല്‍ ഇതേ ചോദ്യം ഒരു അറബിയോടൊ യൂറോപ്യനോടൊ ചോദിച്ചാല്‍ അവര്‍ മറുപടി പറയും ‘മഷ്‌കൂര്‍’ അല്ലങ്കില്‍ ‘താങ്ക്സ്’. താങ്കള്‍ ചോദിച്ചതിന് നന്ദി. എനിക്ക് ഇപ്പോള്‍ ആവശ്യമില്ല. എന്നാണ് അതിന്റെ ഉദ്ദേശ്യം. എത്ര മാന്യമായ മറുപടിയാണത്. ഈ ശീലം അവരുടെ വ്യക്തിത്വ വികാസത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. അല്ലാതെ, അവരുടെ നാട്ടിലെ ഒരു പ്രസ്ഥാനമോ സംഘടനയോ വളര്‍ത്തിയെടുത്തതല്ല.

മറ്റൊരുദാഹരണം പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഹോട്ടലുകളുടെയും ‘ഈവനിങ് കോഫി’ കടകളുടെയും തിരക്കാണ്. ഏതെങ്കിലും ഹോട്ടലില്‍ ജോലിക്ക് വന്ന വ്യക്തി ആ ഹോട്ടലില്‍ നിന്ന് കാര്യങ്ങളെല്ലാം പഠിച്ചതിന് ശേഷം അതിനു തൊട്ടടുത്ത് ഇതുപോലോത്ത മറ്റൊരു കട തുടങ്ങുന്നു. ഇതോടുകൂടി ആദ്യത്തെ കടക്കാരന്റെ കച്ചവടത്തെ ബാധിക്കുന്നു. പാല്‍ തന്ന കൈകള്‍ക്കു തന്നെ കൊത്തുന്ന ഇത്തരം സ്വഭാവം നമ്മുടെ നാട്ടില്‍ മാത്രം സര്‍വ്വ സാധാരണമായി കാണുന്ന കാര്യങ്ങളിലൊന്നാണ്.

സ്വഭാവവും പെരുമാറ്റ രീതിയിലും മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അതിന് വ്യക്തികളാകുന്ന നാം ഓരോരുത്തരും തീരുമാനിക്കണം. ശേഷം അത് നമ്മുടെ കുടുംബത്തില്‍ നടപ്പിലാക്കണം. തുടര്‍ന്നേ അത് സമൂഹത്തിന്റെ ചുമലിലേക്ക് ചാര്‍ത്തുവാന്‍ പറ്റുകയുള്ളൂ.

ചോദ്യം: ഒരു ഭാഗത്ത് കൃത്യമായ മതപഠനം നടക്കുന്നു. എന്നിട്ടും പൊതുസമൂഹത്തില്‍ മതത്തിന്റെ നന്മ പ്രസരിപ്പിക്കാനും മറ്റു മതവിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിംകളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനും സാധിക്കുന്നില്ല. മുസ്ലിം മതപണ്ഡിതന്മാര്‍ക്കും സംഘടനാ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ പിഴവുപറ്റുന്നുണ്ടോ?

ഉത്തരം: കൃത്യമായ മതപഠനം ഇവിടെ നടക്കുന്നുണ്ട് എന്ന് ചോദ്യത്തില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. പിന്നെ, ഇതിനെ എങ്ങനെ സമൂഹം സ്വീകരിക്കുന്നു എന്നിടത്താണ് പ്രശ്നമുള്ളത്. ആവശ്യമുള്ളതെന്തും സെര്‍ച്ച് ചെയ്താല്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മതപരമായ വിഷയങ്ങള്‍ക്ക് പോലും പുസ്തകങ്ങളില്‍ നിന്നും സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നുമാണ് പരിഹാരം തേടുന്നത്. താന്‍ വായിച്ചു മനസ്സിലാക്കിയതിന് എതിരായി ഏതെങ്കിലും പണ്ഡിതര്‍ പറഞ്ഞാല്‍ അദ്ദേഹത്തിനെതിരെ പല്ലും നഖവും ഉപയോഗിക്കാനും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ അളവുകോലെടുക്കാനുമാണ് ആളുകള്‍ക്ക് തിടുക്കം.

സ്വയം മുഫ്തിയാവാനും മതത്തിന്റെ നിയമ നടപടികള്‍ രൂപപ്പെടുത്താനും ഒരു പേടിയുമില്ലാത്ത അവസ്ഥയിലേക്ക് പലരും നീങ്ങുന്നുണ്ട്. ഇതൊരിക്കലും പണ്ഡിതര്‍ മതം പഠിപ്പിച്ചു കൊടുക്കുന്നതിലുള്ള പാകപ്പിഴവല്ല. മറിച്ച്, തങ്ങള്‍ക്കാവശ്യമുള്ളത് പണ്ഡിതര്‍ പറയണം എന്ന് സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും അതിന് പണ്ഡിത സമൂഹം തയ്യാറാവതെ വരുമ്പോള്‍ അവരെ കുറ്റമാരോപിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്.

ചോദ്യം: നാട്ടില്‍ വര്‍ഗ്ഗീയത വര്‍ധിച്ചു വരികയാണ്. അതിന് സോഷ്യല്‍ മീഡിയകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മദ്റസകളിലും സ്‌കൂളുകളിലും മതപഠന കേന്ദ്രങ്ങളിലും സോഷ്യല്‍ മീഡിയാ ഉപയോഗത്തേയും അതിന്റെ രീതികളേയും കുറിച്ചു കൂടി പുതിയ കാലത്ത് പാഠങ്ങള്‍ പഠിപ്പിക്കേണ്ടതില്ലേ?

ഉത്തരം: തീര്‍ച്ചയായും. മദ്റസകളിലും സ്‌കൂളുകളിലും മാത്രമല്ല, വീടിന്റെ അകത്തളങ്ങളില്‍ നിന്നു തന്നെ ഇത്തരം പാഠങ്ങള്‍ വിദ്യാര്‍ഥികളില്‍ ഇഞ്ചക്ട് ചെയ്യണം. കാരണം ദിവസത്തില്‍ കുറഞ്ഞ സമയം മാത്രമാണ് അവര്‍ മദ്റസകളിലും സ്‌കൂളുകളിലും ചെലവഴിക്കുന്നത്. അതു തന്നെ നാല്‍പത് കുട്ടുകളുള്ള ഒരു ക്ലാസില്‍ ഒരധ്യപകനോ അധ്യാപികയോ മാത്രമേ ഉണ്ടാവുകയുള്ളു. ഈ കുട്ടികളോടെല്ലാം പൊതുവായി പറയാനെ അധ്യാപകര്‍ക്ക് സാധിക്കുകയുള്ളൂ. എന്നാല്‍ വീടകങ്ങളില്‍ നിന്നു തന്നെ അവരെ സോഷ്യല്‍ മീഡിയയുടെയും സൈബറിടങ്ങളുടെയും ഉപയോഗത്തിന്റെ ഗുണദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം.

മുഴുവന്‍ സമയവും സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കുന്ന രക്ഷിതാക്കളുള്ള മക്കള്‍ ഒരു മദ്റസാധ്യാപനം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ദൂഷ്യവശങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പറയാനൊക്കുകയില്ലല്ലോ. അതുകൊണ്ട് ഇത്തരം അപാകതകളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള രക്ഷിതാക്കളുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഭാവിതലമുറയെ നമുക്ക് സുരക്ഷിതമാക്കാം.

ചോദ്യം: കാലം വളരെ വേഗത്തിലാണ് മാറുന്നത്. ഈ മാറ്റത്തിന് അനുസരിച്ച് ഗുണപരമായ രീതിയില്‍ മുമ്പോട്ടു പോകാന്‍ എന്തൊക്കെ തരത്തിലുള്ള പദ്ധതികളാണ് താങ്കളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്?

ഉത്തരം: പാരമ്പര്യവും നൂതനവും ഒരു പോലെ സമ്മിശ്രമായി കൊണ്ടു പോവാന്‍ നമുക്ക് സാധിക്കണം. അമ്പത് വര്‍ഷം മുമ്പുള്ള പാരമ്പര്യത്തെ മുറുകെപിടിക്കുമ്പോള്‍ തന്നെ അമ്പത് വര്‍ഷ കഴിഞ്ഞാലുള്ള സാങ്കേതിക പുരോഗതിയെയും ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കും. മഅ്ദിന്‍ അക്കാദമിയുടെ തുടക്ക കാലം മുതല്‍ എന്റെ വിദ്യാര്‍ഥികളോടെല്ലാം ഞാനിത് പറയാറുള്ളതാണ്. അക്കാദമിയുടെ വളര്‍ച്ചാ രീതിയെ പഠന വിധേയമാക്കിയാലും നിങ്ങള്‍ക്കിത് വ്യക്തമാവും. ഫുള്ളി ഓട്ടോണമസ് ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും റോബോട്ടിക് സംവിധാനങ്ങളെ കുറിച്ചുമെല്ലാം സ്ഥാപനവും വിദ്യാര്‍ഥികളും ഒരുപോലെ ആലോചിച്ചു കൊണ്ടിരിക്കുന്നു.

കൂടാതെ സ്വലാത്തും ബദ്റും ബദ്‌രീങ്ങളും ആത്മീയതയുമെല്ലാം മുറുകെപ്പിടിച്ചു കൊണ്ടു തന്നെയാണ് ഭൗതികതയുടെ ഇത്തരത്തിലുള്ള എല്ലാ നല്ല വശങ്ങളെയും ഞങ്ങളുള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുള്ളത്. അതു തന്നെയാണ് പുതിയ കാലത്ത് അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

ചോദ്യം: ചരിത്രം ഉള്‍പ്പെടെ തിരുത്താനും പഴയ സംഭാവനകളെല്ലാം മായ്ക്കാനും ശ്രമിക്കുന്നു എന്നു മാത്രമല്ല പുതിയ കൂട്ടിച്ചേര്‍ത്തലുകള്‍ നടത്തി വര്‍ഗ്ഗീയവാദമുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രബോധമുണ്ടാക്കാനും ചരിത്രം പഠിപ്പിക്കാനും വഴി തെറ്റിക്കലുകളെ ചെറുക്കാനും പുതിയ തലമുറയ്ക്ക് ഏതു രീതിയിലാണ് പാഠങ്ങള്‍ നല്കുന്നത്?

ഉത്തരം: ചരിത്രമറിയാത്തവന് വര്‍ത്തമാനവും ഭാവിയുമില്ലായെന്നൊരു അറബി ആപ്തവാക്യമുണ്ട്. ചരിത്രമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. നാം ഇന്നനുഭവിക്കുന്ന സര്‍വ്വ സുഖ സൗകര്യങ്ങളുടെയും ആചാര അനുഷ്ഠാന സ്വാതന്ത്ര്യങ്ങളുടെയുമെല്ലാം അടിത്തറ മനസ്സിലാക്കണമെങ്കില്‍ ചരിത്രത്തിന്റെ കൃത്യമായ അവബോധം വേണം. ചരിത്രത്തെ നിരന്തരം അപനിര്‍മിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം കൃത്യമായി അതിനെ രേഖപ്പെടുത്തിവെക്കുകയും നമ്മുടെ മേഖലകളില്‍ സജീവമായി അത് പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. ഇതിന്റെ ഭാഗമായി പ്രാദേശികമായും അല്ലാതെയുമുള്ള വ്യത്യസ്ത ചരിത്ര സമാഹാരങ്ങള്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പുറത്തിറക്കാനും സമൂഹത്തിന് നല്‍കാനുമുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമായി തന്നെ നടക്കുന്നുണ്ട്.

ചോദ്യം: മതത്തിലോ സംഘടനയിലോ എന്നതിനോടൊപ്പം പൊതുസമൂഹത്തെ കൂടി അഭിസംബോധന ചെയ്യുന്ന തരത്തിലും പൊതുസമൂഹത്തില്‍ കൂടി സ്വീകാര്യതയുണ്ടാകുന്ന വിധത്തില്‍ മുസ്ലിംകള്‍ക്ക് നേതൃത്വമുണ്ടാവുകയും അത്തരം നേതാക്കളെ വളര്‍ത്തിയെടുക്കേണ്ടതുമില്ലേ?

ഉത്തരം: നമ്മുടെ പണ്ഡിത സമൂഹത്തെ കുറിച്ചുള്ള വ്യക്തമായ അവബോധത്തിന്റെ കുറവാണ് ഈ ചോദ്യം ഉയര്‍ന്നു വരാനുള്ള ഒരു പ്രധാന കാരണം. പൊതു സമൂഹത്തെ അഭിമുഖീകരിക്കാനോ അവരോട് സംവദിക്കാനോ സാധിക്കാത്തവരല്ല നമ്മുടെ പണ്ഡിത നേതൃത്വം. വളര്‍ന്ന് വരുന്ന പണ്ഡിത തലമുറയും അതുപോലെ തന്നെ. ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം സമൂഹത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയവരാണ് ഓരോ കാലഘട്ടത്തിലെയും പണ്ഡിത നേതൃത്വം.

ബ്രീട്ടീഷ് സാമ്രാജ്യം നിലനിന്നിരുന്ന രാജ്യങ്ങളിലെല്ലാം ബ്രിട്ടീഷ് അബോളിഷ്മെന്റ് മൂവ്മെന്റ് സജീവമായി നിലനിന്നിരുന്ന കാലത്ത് മറ്റു രാഷ്ട്രങ്ങളെപ്പോലെ തന്നെ നമ്മുടെ പണ്ഡിത നേതൃത്വത്തോടൊപ്പം നമ്മളും ആ സ്വാതന്ത്ര സമര പ്രക്രിയയില്‍ പങ്കുചേര്‍ന്നു. അതിന്റെ ഭാഗമായായിരുന്നു ഇംഗ്ലീഷ് ഭാഷാ നിരോധനമെല്ലാം നടത്തിയിരുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സമൂഹത്തിന്റെ ഉന്നമനത്തിനാവശ്യമായ ദ്രുതഗതിയിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി നമ്മുടെ പണ്ഡിത നേതൃത്വം മുന്നിട്ടു വന്നു.

മര്‍കസും മഅ്ദിനുമടക്കം കേരളത്തിലങ്ങൊളമിങ്ങോളമുള്ള മത- ഭൗതിക വിദ്യാഭ്യാസ സമുച്ചയങ്ങളെല്ലാം അതിന്റെ ഭാഗമാണ്. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ തൂവെള്ള വസ്ത്രവും തലപ്പാവും ധരിച്ച് ലോകത്തുള്ള ഏത് പൊതുജന സമൂഹത്തെയും അഭിസംഭോധന ചെയ്യുന്നത് നമ്മള്‍ കണാറുള്ളതാണ്. എന്തിനേറെ, ഈയുള്ളവന്‍ ഇതേ വേഷം ധരിച്ച് ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍ സംസാരിച്ചിട്ടുണ്ട്.
അതുകൊണ്ട് പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാന്‍ സാധിക്കാത്ത നേതൃത്വമൊന്നുമല്ല നമ്മുടേത്.

എന്നാല്‍ പഴയ കാലം പോലെയല്ല പുതിയ സമൂഹം. അവരോട് സംസാരിക്കുമ്പോള്‍ കൃത്യമായ സ്ഥലകാല ബോധ്യത്തോട് കൂടെ മാത്രമേ സംസാരിക്കാവൂ. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയകളും ക്യാമറ കണ്ണുകളും നിരന്തരം വീക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സൂക്ഷിക്കണം. സത്യമാണെങ്കില്‍ പോലും വളച്ചൊടിക്കപ്പെടാന്‍ സാധ്യതയുണ്ട്.

Share This Article
Leave a Comment
error: Content is protected !!