ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സായൂജ്യം കണ്ടെത്തുന്ന ജെബി കെ ജോണ്‍

Web Desk
3 Min Read

സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സായൂജ്യം കണ്ടെത്തുന്ന സംരംഭകനാണ് ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍. ഒരു നല്ല സംരംഭകന്‍ എന്ന നിലക്കും ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലക്കും ശ്രദ്ധേയനായ മനുഷ്യ സ്നേഹത്തിന്റെ മാതൃകാപരമായ പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്. തനിക്ക് ചുറ്റും കഷ്ടതയനുഭവിക്കുന്നവരുടെ പ്രയാസം ദൂരീകരിക്കുവാന്‍ തന്നെക്കൊണ്ടാകുന്ന എല്ലാ സഹായങ്ങളും ചെയ്യുന്ന അദ്ദേഹം സേവന രംഗത്ത് മാതൃകാ വ്യക്തിത്വമാണ്. തന്റെ അര്‍പ്പണബോധത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ബിസിനസ്, സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തന്റേതായ ഇടം നേടിയ അദ്ദേഹം ചാരിറ്റിയുടെ വിവിധ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയാണ് ജീവിതം സാര്‍ഥകമാക്കുന്നത്.

city exchange

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മണ്ണത്തൂര്‍ സൗത്ത് പിറമാടം സ്വദേശിയായ ജെബി കെ ജോണ്‍ സേവന രംഗത്തെ മികച്ച മാതൃകയാണ്. ഒരു എളിയ കര്‍ഷക കുടുംബത്തില്‍ കോല്‍ക്കുന്നേല്‍ കെ പി ജോണിന്റെയും ചിന്നമ്മ ജോണിന്റെയും മൂത്തമകനായാണ് ജെബി ജനിച്ചത്. തന്റെ മാതാപിതാക്കളുടെ ഓര്‍മക്കായി കോല്‍കുന്നേല്‍ ജോണ്‍, ചിന്നമ്മ ഫൗണ്ടേഷന്‍ രൂപീകരിച്ച് അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം വയനാട് ദുരന്തമേഖലയിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വേറിട്ട മാതൃക തീര്‍ത്തു.

വയനാട് ദുരന്ത ബാധിതരെ നേരില്‍ കാണാനും അവരുടെ കണ്ണീരൊപ്പാനും സമയം കണ്ടെത്തിയ അദ്ദേഹം നിരവധി കുടുംബങ്ങള്‍ക്കാണ് സഹായമെത്തിച്ചത്.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വസ്ത്രം, വീട് നിര്‍മാണം തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് ജെബി നടത്തുന്നത്. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും പഠനോപകരണങ്ങളും നല്‍കിയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയ മാതൃകയാണ് ജെബി സൃഷ്ടിക്കുന്നത്.

- Advertisement -
Ad image

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമായ ജെബി തന്റെ സ്ഥാപനത്തില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളും സവിശേഷമാണ്. കമ്പനിയിലെ എല്ലാ ജീവനക്കാരേയും ഉള്‍പ്പെടുത്തി നടത്തുന്ന ചാരിറ്റി ഏറെ ശ്രദ്ധേയമാണ്. ഓരോ ജീവനക്കാരനില്‍ നിന്നും ഒരു നിശ്ചിത തുക ശേഖരിക്കുകയും മൊത്തം പിരിച്ച് കിട്ടുന്ന അത്രയും തുക സ്വന്തമായി നല്‍കിയുമാണ് ചാരിറ്റി നടത്തുന്നത്. ഓരോ മാസവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ജീവനക്കാരന്റെ നാട്ടിലാണ് മാസാന്ത ചാരിറ്റി നടത്തുന്നത്.

1991ല്‍ സൗദി അറേബ്യയിലാണ് ജെബി പ്രവാസ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 1993 മുതല്‍ 1997 വരെ കുവൈറ്റില്‍ ജോലി ചെയ്ത അദ്ദേഹം 1999ല്‍ ദോഹയിലെത്തി. ഏകദേശം ഒരു ദശാബ്ദത്തോളം വിവിധ കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2008ല്‍ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഖത്തറിലെ നിരവധി അഭിമാനകരമായ പ്രോജക്ടുകള്‍ക്കായി ഖത്തര്‍ ടെക്ക് വിശ്വസനീയമായ മാന്‍ പവര്‍ പങ്കാളിയായി വളര്‍ന്നു.

ജെബിയുടെ മാനുഷിക സേവനങ്ങളെ യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ സഭയും ജന്മനാടും പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം (യുആര്‍എഫ്) 2023-ല്‍ അദ്ദേഹത്തെ ഹാള്‍ ഓഫ് ഫെയിം നല്‍കി ആദരിച്ചു കൂടാതെ എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ 2024-ല്‍ അദ്ദേഹത്തിന്റെ വിവിധ ചാരിറ്റി സംരംഭങ്ങള്‍ക്കും കമ്മ്യൂണിറ്റി സേവനങ്ങള്‍ക്കും അംഗീകാരമായി മാനവ സേവ അവാര്‍ഡ് നല്‍കി. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 2024ല്‍ മികച്ച സംരംഭകനുള്ള വീക്ഷണം പുരസ്‌കാരവും ജീവകാരുണ്യ പ്രവര്‍ത്തകനുള്ള മംഗളം അവാര്‍ഡും ജെബി സ്വന്തമാക്കി.

ജെബിക്ക് എല്‍ദോസ്, ജീസ് എന്നീ രണ്ട് മക്കളാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭാര്യ ആശയാണ്.

Share This Article
Leave a Comment
error: Content is protected !!