
വംശഹത്യയില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു, പക്ഷേ ഇസ്രായേല്‍ കൊലപ്പെടുത്തിയ എന്റെ മൂത്ത മകന്റെ ശവകുടീരവും ഇപ്പോഴും വിശപ്പും ഭയവും മരണവും അനുഭവിക്കുന്ന ഇരുപത് ലക്ഷത്തിലധികം ഫലസ്തീനികളേയും ഞാന്‍ പിന്നില്‍ അവശേഷിപ്പിച്ചു.

ഗാസയില്‍ 690 ദിവസത്തെ വംശഹത്യയും ഭയവും വിശപ്പും സഹിച്ചതിന് ശേഷമാണ് എനിക്ക് അപ്രതീക്ഷിതമായി അതിജീവിക്കാനായത്. 2023 ഒക്ടോബര്‍ 7 മുതല്‍ മിക്കവാറും എല്ലാം നഷ്ടപ്പെട്ട ഗാസയില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഫലസ്തീനികളില്‍ ഒരാളാണ് ഞാന്‍.

യുദ്ധം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റഫയിലെ ഞങ്ങളുടെ കുടുംബവീട്ടില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ എന്റെ 13 വയസ്സുകാരനായ മൂത്ത മകന്‍ അബ്ദുള്ള കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എനിക്കും എന്റെ മറ്റ് കുട്ടികള്‍ക്കും പരിക്കേറ്റു, എന്റെ നിരവധി ബന്ധുക്കളെയും കൊന്നു.
അധികം താമസിയാതെ, എന്റെ അതിജീവിച്ച കുട്ടികള്‍ വിദേശത്തേക്ക് പോയി. മാസങ്ങള്‍ക്കുശേഷം, ഇസ്രായേല്‍ സൈന്യം എന്റെ അപ്പാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടം നശിപ്പിച്ചു. എന്റെ നഗരവും എന്റെ ബന്ധുക്കളുടെ വീടുകളും നശിപ്പിക്കപ്പെട്ടു.
എനിക്ക് അഭയം, സുരക്ഷ, അതിജീവനത്തിനുള്ള എല്ലാ സാഹചര്യങ്ങളും നഷ്ടപ്പെട്ടു. നിരാശയോടെ കാത്തിരിക്കുകയല്ലാതെ ഗാസയില്‍ എനിക്ക് മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒന്നര വര്‍ഷത്തിലേറെ നീണ്ട വംശഹത്യയ്ക്ക് ശേഷം, നെതര്‍ലാന്‍ഡ്സിലെ ഒരു സുഹൃത്ത് ഡി കറസ്‌പോണ്ടന്റില്‍ ഒരു എഴുത്തുകാരന്‍ എന്ന പദവി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ ബന്ധപ്പെട്ടു. പ്രക്രിയ സുഗമമായി നടന്നു: പത്രം എനിക്ക് വേണ്ടി ഒരു വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിച്ചു, ആഴ്ചകള്‍ക്കുള്ളില്‍ എല്ലാം ക്രമീകരിച്ചു. ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടം അവശേഷിച്ചു: ഗാസ വിടുക.
എന്റെ ഡച്ച് സുഹൃത്തുക്കളും ഡി കറസ്‌പോണ്ടന്റിലെ സംഘവും സഹായിക്കാന്‍ കഠിനമായി പരിശ്രമിച്ചു. അവര്‍ ഡച്ച് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു, അവര്‍ ഇസ്രായേലി, ജോര്‍ദാന്‍ അധികൃതരെ സമീപിച്ചു.
ഒടുവില്‍, ഞാന്‍ ഉള്‍പ്പെടെ ഗാസയില്‍ നിന്നുള്ള 13 പേര്‍ക്ക് നെതര്‍ലാന്‍ഡ്സിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചു. ഏകോപനത്തിന് ഏകദേശം രണ്ട് മാസമെടുത്തു- ഉത്കണ്ഠ നിറഞ്ഞ ഒരു നീണ്ട കാത്തിരിപ്പ്- ഡച്ച് എംബസി ഒടുവില്‍ എന്റെ യാത്രാ ദിവസവും മീറ്റിംഗ് പോയിന്റും സ്ഥിരീകരിക്കുകയും ക്രോസിംഗില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
ഞങ്ങള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഒഴികെയുള്ളവ- വസ്ത്രങ്ങള്‍, ബാഗുകള്‍, പുസ്തകങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, എന്തിന് ഒരു ഫോണ്‍ ചാര്‍ജര്‍ പോലും- കൊണ്ടുപോകുന്നതില്‍ നിന്ന് ഇസ്രായേല്‍ ഞങ്ങളെ വിലക്കി.
എനിക്ക് ഇതിനകം തന്നെ മിക്കവാറും എല്ലാം നഷ്ടപ്പെട്ടതിനാല്‍ ഞാന്‍ എതിര്‍ത്തില്ല. ഗാസയിലെ നിരവധി ഫലസ്തീനികള്‍ ഒന്നുമില്ലാതെ അവശേഷിക്കുമ്പോള്‍ എന്റെ കുറച്ച് സാധനങ്ങള്‍ കൂടെ കൊണ്ടുപോകുന്നത് തെറ്റായി തോന്നി. അതിനാല്‍ ഞാന്‍ അവ എന്റെ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ വിതരണം ചെയ്തു.
ഒരേയൊരു കാര്യം മാത്രമേ എന്നെ അലട്ടിയിരുന്നുള്ളൂ: അബ്ദുള്ളയുടെ അവസാനത്തെ ഓര്‍മ്മകള്‍ പോലും കൊണ്ടുപോകാന്‍ എനിക്ക് അനുവാദമില്ലായിരുന്നു. അവന്‍ കൊല്ലപ്പെട്ടതിനുശേഷം, അവന്റെ ഓര്‍മ്മയുടെ ഒരു ഭാഗം സൂക്ഷിക്കാന്‍ ഞാന്‍ എന്റെ അപ്പാര്‍ട്ട്‌മെന്റിലെ ഒരു പ്രത്യേക മുറിയില്‍ അവന്റെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ശേഖരിച്ചിരുന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം, ഇസ്രായേല്‍ സൈന്യം കെട്ടിടവും അതോടൊപ്പം അവന്റെ എല്ലാ വസ്തുക്കളും നശിപ്പിച്ചു. ഫ്‌ളാറ്റിന് പുറത്തുള്ള ഒരു ബാഗില്‍ അവന്റെ ഖുര്‍ആനിന്റെ പകര്‍പ്പും ചീപ്പും മാത്രമായി രണ്ട് വസ്തുക്കള്‍ മാത്രമേ അവശേഷിച്ചുള്ളൂ.
2025 ഓഗസ്റ്റ് 27 ബുധനാഴ്ചയാണ് പുറപ്പെടല്‍ തിയ്യതി നിശ്ചയിച്ചിരുന്നത്. ഇസ്രായേല്‍ ക്രോസിംഗിലൂടെ പോകാനുള്ള സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലായതിനാല്‍, ഞാന്‍ എന്റെ പിതാവിനോട് മാത്രമേ അത് പറഞ്ഞുള്ളൂ. തലേദിവസം ഞാന്‍ അദ്ദേഹത്തെ ഒരു സാധാരണ വിടവാങ്ങലോടെ അഭിവാദ്യം ചെയ്ത് നടന്നു. അപ്പോള്‍ ഒരു ഭയാനകമായ ചിന്ത മനസ്സില്‍ വന്നു: അത് നമ്മുടെ അവസാനത്തെ വിടവാങ്ങലായിരിക്കുമോ? അദ്ദേഹം കൂടുതല്‍ അര്‍ഹിക്കുന്നില്ലേ?
എന്റെ മകന്‍ അബ്ദുള്ള എന്നോട് സംസാരിക്കുന്നതിനിടയിലായിരുന്നു ബോംബ് ഞങ്ങളുടെ വീട്ടില്‍ പതിച്ചത്, ഒരു നിമിഷം കൊണ്ട് അവന്‍ പോയി. അബ്ദുള്ള ഒരിക്കലും അവസാന വാക്ക് പറഞ്ഞില്ല, എനിക്ക് ഒരിക്കലും അവനോട് വിട പറയാന്‍ കഴിഞ്ഞില്ല. അന്നുമുതല്‍, കഴിയുന്നത്ര അറ്റാച്ചുമെന്റുകള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചു.
പുറപ്പെടാനുള്ള മീറ്റിംഗ് പോയിന്റ് ദേര്‍ അല്‍-ബലയിലെ യൂണിസെഫ് ഓഫീസിന് സമീപമായിരുന്നു. ഏത് കാലതാമസവും ഏകദേശം രണ്ട് വര്‍ഷത്തെ അസാധ്യമായ സാഹചര്യങ്ങള്‍ക്ക് ശേഷം ലഭിച്ച ഈ അപൂര്‍വ അവസരം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. അവസരം നഷ്ടപ്പെടുമെന്ന് ഭയന്ന് ഞങ്ങളില്‍ ആര്‍ക്കും തലേദിവസം രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല.
പട്ടികയിലുള്ള മറ്റ് രണ്ട് യാത്രക്കാരായ ഹസീമും ഭാര്യ അമലും ഖാന്‍ യൂനിസില്‍ താമസിച്ചിരുന്നു. രാത്രിയില്‍ ഗതാഗതം കണ്ടെത്താന്‍ കഴിയാത്തതിനാല്‍, അവരുടെ ഏക പോംവഴി തലേന്ന് വൈകുന്നേരം ദേര്‍ അല്‍-ബലയിലേക്ക് പോയി പുറപ്പെടുന്ന സമയം വരെ എന്റെ അടുത്തുള്ള ഒരു കൂടാരത്തില്‍ ഉറങ്ങുക എന്നതായിരുന്നു. അപ്പോഴേക്കും, ഞങ്ങളുടെ വീടുകള്‍ തകര്‍ന്നതിനുശേഷം ഞങ്ങളില്‍ ഭൂരിഭാഗവും ടെന്റുകളിലായിരുന്നു താമസിക്കുന്നത്.
രാത്രിയില്‍ സഞ്ചരിക്കുന്നത് അപകടകരമായിരുന്നു. ഇസ്രായേലി ഡ്രോണുകള്‍ ആകാശത്ത് മൂളുന്നുണ്ടായിരുന്നു, നിരന്തരം തലയ്ക്ക് മുകളിലൂടെ പറന്നു, ഇടയ്ക്കിടെ ആക്രമണങ്ങള്‍ നടത്തി. പക്ഷേ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. ഡ്രോണുകളുടെ ഭയാനകമായ ശബ്ദത്തില്‍ ഇത് ഞങ്ങളുടെ അവസാന രാത്രിയായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.
ഗാസയില്‍ രണ്ട് വര്‍ഷമായി വൈദ്യുതിയില്ല. പക്ഷേ പുലര്‍ച്ചെ 2.30ന് ഞങ്ങള്‍ മൂന്ന് പേരും ഇരുട്ടിലൂടെ ഒത്തുചേരുന്ന സ്ഥലത്തേക്ക് പോയി. ഞങ്ങള്‍ എത്തി ഒരു മണിക്കൂര്‍ കാത്തിരുന്നു. തുടര്‍ന്ന് ഞങ്ങളുടെ പേരുകള്‍ പരിശോധിച്ച് ഒരു ബസില്‍ കയറി.
മൂന്ന് ബസുകളിലായി ആകെ 130ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. അവര്‍ സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികളും കുടുംബങ്ങള്‍ വീണ്ടും ഒന്നിക്കുന്നവരും ജോലി കരാറുള്ള മറ്റുള്ളവരും ആയിരുന്നു. എല്ലാവര്‍ക്കും യൂറോപ്യന്‍ എംബസികള്‍ പോകാന്‍ അനുമതി നല്‍കിയിരുന്നു.
അന്ന്, അതിജീവിച്ചവരുടെ മൂന്ന് ബസുകളില്‍ കയറിയവര്‍ വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇരുപത് ലക്ഷം പേര്‍ മരണത്തിന് മുമ്പിലായിരുന്നു.
നീങ്ങാനുള്ള സിഗ്നല്‍ ഇസ്രായേല്‍ സൈന്യം നല്‍കുന്നതുവരെ ഞങ്ങള്‍ ബസില്‍ രണ്ട് മണിക്കൂറാണ് കാത്തിരുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷം, ബസുകള്‍ തെക്കോട്ട് നീങ്ങി. ദെയ്ര്‍ അല്‍-ബലായ്ക്ക് അപ്പുറം ഖാന്‍ യൂനിസ് നഗരവും കൂടുതല്‍ തെക്ക് റഫയും ഉണ്ടായിരുന്നു.
അവിടെ നിന്ന്, ഞങ്ങള്‍ കിഴക്കോട്ട് പോയി, ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള കെരെം ഷാലോം ക്രോസിംഗില്‍ എത്തുന്നതുവരെ യാത്ര തുടര്‍ന്നു, അതിലൂടെ ഞങ്ങള്‍ കടന്നുപോകുമായിരുന്നു.
ബസുകള്‍ തെക്കോട്ട് നീങ്ങിയപ്പോള്‍, നാശത്തിന്റെ തോത് കൂടുതല്‍ ദൃശ്യമായി. കാഴ്ച ഭയാനകമായിരുന്നു. ഒരു വിനാശകരമായ ഭൂകമ്പത്തേക്കാള്‍ മോശമായിരുന്നു. ഇസ്രായേല്‍ സൈന്യം ഇവിടെ കടന്നുപോയി: ഖാന്‍ യൂനിസിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു, റഫ നഗരം പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു. വലത്തോട്ടോ ഇടത്തോട്ടോ മുന്നിലോ എവിടെ നോക്കിയാലും അവശിഷ്ടങ്ങളുടെ കുന്നുകളും തകര്‍ന്ന തെരുവുകളും ബുള്‍ഡോസര്‍ ചെയ്ത ഭൂമിയും മാത്രമേ കാണാമായിരുന്നുള്ളു.
വാഹനങ്ങളുടെ ചലനം സുഗമമാക്കുന്നതിനായി ഇസ്രായേല്‍ നാശനഷ്ടങ്ങളിലൂടെ പുതിയ റോഡുകള്‍ നിര്‍മ്മിച്ചു. ആ രംഗം ഇസ്രായേലിനെ തന്നെ സംഗ്രഹിച്ചു: ഫലസ്തീന്‍ ജീവിതത്തിന്റെ നാശത്തില്‍ സ്ഥാപിതമായ ഒരു രാഷ്ട്രം.
അതിന്റെ ആദ്യകാലങ്ങള്‍ മുതല്‍, അത് അതിന്റെ ഇരകളുടെ ശവകുടീരങ്ങള്‍ക്ക് മുകളില്‍ പൊതു പാര്‍ക്കുകള്‍ നിര്‍മ്മിച്ചു. 1948-49 ല്‍ നശിപ്പിക്കപ്പെട്ട ഗ്രാമങ്ങളുടെ അവശിഷ്ടങ്ങളില്‍ ജൂത ദേശീയ ഫണ്ട് നട്ടുപിടിപ്പിച്ച വനങ്ങള്‍, പാര്‍ക്കുകള്‍, വിനോദ സ്ഥലങ്ങള്‍ എന്നിവ ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ സോക്രോട്ട് പട്ടികപ്പെടുത്തിയിട്ടുണ്ട്.

