
ദോഹ: ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യ വഴി കരമാര്‍ഗം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കി. ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതനുസരിച്ച് ഖത്തറില്‍ നിന്ന് അബു സമ്ര- സല്‍വ കര അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ യാത്ര ഏകോപിപ്പിക്കുകയാണ് എംബസി.

ആവശ്യമായ അനുമതികള്‍ ലഭിക്കാന്‍ ഏകദേശം 48 മണിക്കൂര്‍ വരെ സമയമെടുക്കാന്‍ സാധ്യതയുണ്ടെന്ന് എംബസി അറിയിച്ചു. യാത്രയ്ക്ക് ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച ലിങ്കില്‍ ലഭ്യമാണെന്നും യാത്ര സുഗമമാക്കാന്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതിര്‍ത്തിയിലേക്ക് പോകുന്നതിന് മുന്‍പ് ആവശ്യമായ രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കണം.
പാസ്‌പോര്‍ട്ടും അംഗീകരിച്ച ട്രാന്‍സിറ്റ് വിസയും: സൗദി അധികൃതര്‍ അംഗീകരിച്ച വിസയോ എംബസി വഴി ലഭിക്കുന്ന താത്ക്കാലിക ട്രാന്‍സിറ്റ് വിസയോ ഉണ്ടായിരിക്കണം.
സ്ഥിരീകരിച്ച വിമാന ടിക്കറ്റ്: റിയാദ് അല്ലെങ്കില്‍ ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ അവസാന ലക്ഷ്യസ്ഥാനത്തേക്കുള്ള സ്ഥിരീകരിച്ച വിമാന ടിക്കറ്റ് നിര്‍ബന്ധമാണ്. (ഇത് 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ ആയതിനാല്‍ ടിക്കറ്റ് ഇല്ലാത്തവര്‍ക്ക് സൗദി ഇമിഗ്രേഷന്‍ പ്രവേശനം നിഷേധിക്കാനിടയുണ്ട്.)
അതിര്‍ത്തി നടപടിക്രമങ്ങള്‍
ബസ്/ ഗ്രൂപ്പ് യാത്ര: അബു സമ്ര അതിര്‍ത്തിയിലെ സൗദി ആഭ്യന്തര മന്ത്രാലയ ഓഫീസില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
സ്വകാര്യ വാഹന യാത്ര: സാധാരണ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധനയും നടപടികളും നടക്കും.
ഗതാഗതം: വിശ്വസനീയമായ ട്രാവല്‍ ഏജന്‍സികളെ ഉപയോഗിക്കാന്‍ എംബസി നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്ക് അന്തര്‍ദേശീയ യാത്രാ അനുമതി, ഇന്‍ഷുറന്‍സ് എന്നിവയും ഡ്രൈവര്‍ക്ക് സാധുവായ ലൈസന്‍സും ഉണ്ടായിരിക്കണം.
യാത്രയ്ക്ക് നിര്‍ദേശിച്ച സമയം:
സൗദി അധികൃതരുമായി അവസാനഘട്ട ഏകോപനം നടത്താന്‍ സൗകര്യമൊരുക്കുന്നതിനായി രാവിലെ 6.00 മുതല്‍ 8.00 വരെ അതിര്‍ത്തിയില്‍ എത്താന്‍ യാത്രക്കാരോട് എംബസി നിര്‍ദേശിച്ചു.
യാത്ര സുഗമവും സുരക്ഷിതവുമായിരിക്കാനായി എംബസി നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി വീണ്ടും ഓര്‍മ്മിപ്പിച്ചു.

