Community
സൂപ്പര്‍ സ്മാഷ് 2025 വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ തുളുകൂട്ട ഖത്തര്‍ ചാമ്പ്യന്‍ന്മാര്‍

ദോഹ: ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുപ്പര്‍ സ്മാഷ് 2025 വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ തുളുക്കൂട്ട ഖത്തര്‍ ചാമ്പ്യന്‍മാരായി.
ജൂണ്‍ 13ന് ആരംഭിച്ച മത്സരങ്ങള്‍ക്ക് വലിയ തോതിലുള്ള കാണികളുടെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു.


ടൂര്‍ണ്ണമെന്റ് പങ്കാളിത്തം കൊണ്ടും നിലവാരംകൊണ്ടും വന്‍ വിജയമായിരുന്നുവെന്ന് ഇന്‍കാസ് പത്തനംതിട്ട ഭാരവാഹികള്‍ അറിയിച്ചു.

ഖത്തര്‍ ആസ്പയര്‍ ഡോമില്‍ നടന്ന ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മുഖ്യാതിഥിയായി പങ്കെടുത്തു.


ടൂര്‍ണമെന്റ് എന്നതിലുപരി സൂപ്പര്‍ സ്മാഷ് 2025 കമ്മ്യൂണിറ്റി സ്പിരിറ്റിന്റെയും ഐക്യത്തിന്റെയും സാംസ്‌കാരിക ഇടപെടലിന്റെയും വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തിന്റെയും ആഘോഷമാണെന്ന് മുഖ്യാതിഥി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കേരള ശൈലിയിലുള്ള ‘ചെണ്ട മേളത്തിന്റെ’ പരമ്പരാഗത ശക്തമായ താളം എന്നിവ മൊത്തത്തിലുള്ള അന്തരീക്ഷത്തെ സമ്പന്നമായ സാംസ്‌കാരിക സ്പര്‍ശം സൃഷ്ടിച്ചു. ലോകപ്രശസ്ത അന്താരാഷ്ട്ര കായിക വേദിയായ ആസ്പയര്‍ ഡോം തിരഞ്ഞെടുത്തത് പരിപാടിയുടെ മാറ്റ് വര്‍ധിപ്പിച്ചു. കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായി മാറിയതായി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ എസ് സി ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സമദ്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ സി ബി എഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ തുടങ്ങിയവര്‍ ഫൈനല്‍ മത്സരങ്ങളിലെ അതിഥികളായി പങ്കെടുത്തു.


