

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനേയും വെട്ടിക്കൊലപ്പെടുത്തി. എസ് ഡി പി ഐ നേതാവ് ഷാനെ ശനിയാഴ്ച രാത്രി കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ തട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയ രഞ്ജിത്തിനെ വീട്ടിനു മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.

സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്താണ് സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷാനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസാണെന്ന് എസ് ഡി പി ഐയും രഞ്ജിത്തിനെ കൊലപ്പെടുത്തിയത് എസ് ഡി പി ഐയാണെന്ന് ബി ജെ പിയും ആരോപിച്ചു.
മണ്ണഞ്ചേരി- പൊന്നാട് റോഡില്‍ കപ്പഴം ജംഗ്ഷനിലാണ് ഷാന്‍ ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാനെ രാത്രി ഏഴരയോടെ കാറിലെത്തിയ നാലംഗ സംഘം ഇടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാന്‍ രാത്രി പതിനൊന്നരയോടെ മരിക്കുകയായിരുന്നു. അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടെങ്കിലും സമീപത്തെ വീട്ടിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ബി ജെ പി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ 11 എസ് ഡി പി ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആംബുലന്‍സില്‍ രഞ്ജിത്തിന്റെ വീട്ടിലെത്തിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരെ ആംബുലന്‍സില്‍ നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവര്‍ കേസിലെ പ്രതികളാണോ എന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

