
ബീജിംഗ്: ചൈനയ്ക്കും തായ്‌വാനുമിടയിലെ കടലിടുക്കില്‍ യു എസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ പോകുന്നതിനെതിരെ ചൈനയുടെ പ്രതിഷേധം. യു എസിന്റെ നീക്കം പ്രകോപനപരമെന്നാണ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചത്. 160 കിലോമീറ്റര്‍ വീതിയുള്ള തായ്‌വാന്‍ കടലിടുക്കില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണ് അമേരിക്കയെന്നും ചൈന കുറ്റപ്പെടുത്തി.

യു എസ് എസ് കിഡ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറും കോസ്റ്റ്ഗാര്‍ഡ് കട്ടറുമായ മണ്‍റോ വെള്ളിയാഴ്ച കടലിടുക്കിലൂടെ അന്താരാഷ്ട്ര സമുദ്രത്തില്‍ സഞ്ചരിച്ചതായി യു എസ് നാവികസേന അറിയിച്ചു. യു എസിന്റെ നാവിക വ്യായാമങ്ങളെ മുന്നറിയിപ്പായാണ് ചൈന കാണുന്നത്.
തായ്‌വാന്‍ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നിയമാനുസൃത ഗതാഗതം സ്വതന്ത്രവും തുറന്നതുമായ ഇന്തോ- പസഫിക്കിനുള്ള യുഎസ് പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് നാവിക സേനയുടെ ജപ്പാന്‍ ആസ്ഥാനമായുള്ള ഏഴാമത്തെ കപ്പലില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ ജനുവരിയില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ചൈനീസ്- അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് പ്രസ്താവന വന്നത്.


