

ദുബൈ: തിങ്കളാഴ്ച രാവിലെ അബുദബിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ യെമനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ത്ത് യു എ ഇ തിരിച്ചടിച്ചു. മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൗഫിലെ കേന്ദ്രമാണ് യു എ ഇ സേന തകര്‍ത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ യെമന്‍ സമയം 4.10നായിരുന്നു എഫ്- 16 യുദ്ധ വിമാനമുപയോഗിച്ച് യു എ ഇ സൈന്യത്തിന്റെ ആക്രമണം.

യു എ ഇ പ്രതിരോധ സേന ആക്രമണം നടത്തിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ യു എ ഇ സമയം 4.30ഓടെയാണ് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് അബുദബിയില്‍ ആക്രമണം നടത്താന്‍ ഹൂതികള്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ യു എ ഇ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

തകര്‍ന്ന മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലകളിലാണ് പതിച്ചത്. അതുകൊണ്ടുതന്നെ ആക്രമണത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഈ ആക്രമണം നടന്ന് മിനിറ്റുകള്‍ക്കകം തന്നെ യു എ ഇ സേന യെമനിലെ ഹൂതികളുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകര്‍ക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്നും യു എ ഇ അറിയിച്ചു.
കഴിഞ്ഞയാഴ്ച്ച യു എ ഇയുടെ എണ്ണ കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബുദബി വിമാനത്താവളത്തിന്റെ പുതിയ നിര്‍മ്മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.

