
ദുബൈ:

യു.എ.ഇയിലെ അവധിമാറ്റം സ്വകാര്യ മേഖലയും ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രിയാണ് സ്വകാര്യ മേഖലയിലെ കമ്പനികളോട് നിര്‍ദേശം മുന്നോട്ടു വച്ചത്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാര സമയത്ത് തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ നിര്‍ബന്ധമായും ഇടവേള നല്‍കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.രണ്ടര ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ ഇങ്ങിനെ പറഞ്ഞത്. ബിസിനസ് താത്പര്യങ്ങള്‍ക്ക് അനുഗുണമാവുന്ന തരത്തിലും ജീവനക്കാരുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്ന രീതിയിലും അവരുടെ കുടുംബജീവിതത്തിന് സഹായമായും പ്രവൃത്തി സമയം ക്രമീകരിക്കണമെന്നാണ് മന്ത്രി കമ്പനികളോട് നിര്‍ദേശിച്ചത്. ഈയിടെ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ കമ്പനികള്‍ താത്പര്യപ്പെടുന്നുവെങ്കില്‍ അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കാം. ഏതെങ്കിലും ഒരു പ്രത്യേക ദിവസം തന്നെ അവധി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും തൊഴില്‍ കരാര്‍ അനുസരിച്ച് തൊഴിലുടമയും ജീവനക്കാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയാണെന്ന് വേണ്ടതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് യു.എ.ഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിയ അറിയിപ്പ് പുറത്തുവന്നത്.2022 ജനുവരി ഒന്ന് മുതലാണ് പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.ഇപ്പോള്‍ നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്ക് പകരം നാലര ദിവസമായിരിക്കും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. വാരാന്ത്യ അവധി ദിനങ്ങളിലെ മാറ്റം രാജ്യത്തെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങളിലും പുനക്രമീകരണങ്ങള്‍ ഉണ്ടാക്കും.

