

തിരുവനന്തപുരം: ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളില്‍ ആധികാരിക പഠനങ്ങള്‍ നടത്തുകയും ക്ഷേമ പദ്ധതികള്‍ക്കും പുരോഗതികള്‍ക്കുമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് കേരള ഇക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നല്‍കി.

തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ക്യാമ്പസില്‍ നടന്ന കേരള ഇക്കണോമിക്ക് കോണ്‍ഫറന്‍സില്‍ ഏഴാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനും ഫോറം പ്രസിഡണ്ടുമായ ഡോ. കെ എന്‍ ഹരിലാല്‍, ജനറല്‍ സെക്രട്ടറി സന്തോഷ് ടി വര്‍ഗ്ഗീസ്, ട്രഷറര്‍ ഗോഡ് വിന്‍ എസ് കെ എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം വിതരണം നടത്തി.

കുടിയേറ്റം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സാമ്പത്തിക വിഷയങ്ങളില്‍ വിവിധ പഠനങ്ങള്‍ നടത്തുകയും സാമ്പത്തിക പുരോഗതിക്കായി സര്‍ക്കാറുമായി സഹകരിച്ച് വിവിധ കാര്യങ്ങളാണ് കേരള ഇക്കണോമിക് ഫോറം നടത്തുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഫറന്‍സില്‍ വിവിധ പ്ലീനറി സെഷനുകളിലായി പ്രൊഫ. എം എ ഉമ്മന്‍, മുന്‍ ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക്, ദിവ്യ എസ് അയ്യര്‍, സി പി ജോണ്‍, സാമ്പത്തിക വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പഠനങ്ങള്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദഗ്ധര്‍ 120ലധികം ഗവേഷണ പ്രബന്ധങ്ങളാണ് കേരള എക്കണോമിക്ക് ഫോറത്തില്‍ അവതരിപ്പിച്ചത്.

