
തൃശൂര്‍: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന വയനാട് സ്വദേശി ഇബ്രാഹിമിന്റെ ആഗോഗ്യസ്ഥിതി അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. എത്രയുംപെട്ടെന്ന് ചികിത്സ ലഭ്യമാക്കണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രമേഹവും ഹൃദ്രോഗവും അലട്ടുന്ന ഇബ്രാഹിമിന് ജയിലില്‍ വെച്ച് ഒരു തവണ ഹൃദയാഘാതമുണ്ടായി. 62 കാരനായ ഇബ്രാഹിമിന് വീണ്ടും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും പല്ലുകള്‍ ഇല്ലാത്തതിനാല്‍ ചവച്ചരച്ച് ഭക്ഷണം കഴിക്കാനാകുന്നില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാവോവാദി ബന്ധമാരോപിച്ച് ആറു വര്‍ഷം മുമ്പാണ് വയനാട് മേപ്പാടി മുക്കില്‍പീടിക സ്വദേശിയായ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്യുന്നത്. മോശം ആരോഗ്യസ്ഥിതിയുമായി കഷ്ടതകള്‍ അനുഭവിക്കുന്ന ഇബ്രാഹിമിന് ജാമ്യമോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
