

ആലുവ: ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് യു ഡി എഫ് എം പിമാര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യയെ കണ്ടു നിവേദനം സമര്‍പ്പിച്ചു. ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും വിദഗ്ധ മെഡിക്കല്‍ സംഘത്തെ എറണാകുളത്തേക്ക് അയയ്ക്കണമെന്നും മനുഷ്യ നിര്‍മ്മിത ദുരന്തമാണോ ഇതെന്ന് അന്വേഷിക്കണമെന്നും മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതിയും തേടിയിരുന്നു.

എയിംസില്‍ നിന്ന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്ന വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. 2018, 19 പ്രളയങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സംഘത്തെ കേന്ദ്രം അയച്ചിരുന്നു. ഈ വിഷയത്തില്‍ അത്തരം തീരുമാനം ഉണ്ടായിട്ടില്ലെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ ബ്രഹ്മപുരം വിഷയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കേന്ദ്രത്തോട് സഹായം തേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
