

ആലുവ: ആലുവ, പെരുമ്പാവൂര്‍ റോഡിലെ മരണക്കുഴികള്‍ അടയ്ക്കാതെ ഗുരുതര വീഴ്ച്ച വരുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ ഇടപ്പള്ളിയിലെ കെ ആര്‍ എഫ് ബി ഓഫീസിനുള്ളില്‍ ഉപരോധസമരവും പ്രതിഷേധവും നടത്തി. ആലുവ, പെരുമ്പാവൂര്‍ റോഡിലെ മരണക്കുഴിയില്‍ വീണ് കഴിഞ്ഞ ദിവസം മാറമ്പിള്ളിയിലെ കുഞ്ഞ് മുഹമ്മദ് മരണപ്പെട്ടിരുന്നു. നിരവധി തവണ എം എല്‍ എ നിയമസഭയിലും മന്ത്രിമാരുടെ ശ്രദ്ധയിലും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും റോഡുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും കുഴികള്‍ താല്‍ക്കാലികമായി അടയ്ക്കാനോ റീ ടാറിംഗ് നടത്താനോ തയ്യാറായിരുന്നില്ല.

കേരളത്തിലെ ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിയാല്‍ പട്ടിയുടെ കടിയും റോഡിലേക്ക് ഇറങ്ങിയാല്‍ കുഴിയില്‍ വീണ് മരണവും ഗുരുതര പരിക്കും സംഭവിക്കുന്ന തരത്തിലാണ് നിലവിലെ സാഹചര്യമെന്ന് എം എല്‍ എ കുറ്റപ്പെടുത്തി. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും റോഡില്‍ വീണ് പരിക്ക് പറ്റിയവര്‍ക്കും സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

ആലുവ മൂന്നാര്‍ റോഡും പെരുമ്പാവൂര്‍ റോഡും വീതി കൂട്ടി നാല് വരി പാതയാക്കുന്നതിനായി കിഫ്ബി ഏറ്റെടുത്തപ്പോള്‍ പാത കടന്ന് പോകുന്ന നിയോജക മണ്ഡങ്ങളിലെ എം എല്‍ എമാര്‍ക്കെല്ലാം ബി എം എസി നിലവാരത്തില്‍ റോഡ് റീ ടാറിംഗ് നടത്തുമെന്ന് കിഫ്ബി ഉദ്യോഗസ്ഥര്‍ അന്ന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടതെന്നും എം എല്‍ എ പറഞ്ഞു. കിഫ്ബി ഏറ്റെടുത്ത ദേശം, ചൊവ്വര റോഡും അടിയന്തരമായി നന്നാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
രണ്ട് മണിക്കൂറോളം ഓഫീസിനുള്ളില്‍ പ്രതിഷേധം നടത്തി. തിരുവനന്തപുരത്ത് നിന്ന് കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ ഷൈല, കെ ആര്‍ എഫ് ബി ചീഫ് എഞ്ചീനീയര്‍ ഡിങ്കി എന്നിവര്‍ എം എല്‍ എയെ ഫോണില്‍ വിളിച്ച് ഉടന്‍ റോഡിലെ കുഴികള്‍ അടയ്ക്കാമെന്നും ബി എം സി നിലവാരത്തില്‍ റോഡ് നവീകരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇടപ്പള്ളി ഓഫീസിലെ കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ നേരിട്ട് വന്ന് രേഖാമൂലം അറിയിച്ചാല്‍ മാത്രമെ സമരം അവസാനിപ്പിക്കൂ എന്ന് എം എല്‍ എ നിലപാട് എടുത്തു. എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ ബിന്ദു നേരിട്ടെത്തി പത്രമാധ്യമങ്ങളുടെ മുന്നില്‍ വച്ച് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രണ്ട് മണിക്കൂര്‍ നടത്തിയ സമരം അവസാനിപ്പിച്ചത്.
സമരത്തിന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഉമ തോമസ് എം എല്‍ എ, മുന്‍ എം പി കെ പി ധനപാലന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, ആലുവ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍, ബാബു പുത്തനങ്ങാടി, പി ബി സുനീര്‍, എം ജെ ജോമി, തോപ്പില്‍ അബു, ലത്തീഫ് പൂഴിത്തറ, ലിന്റൊ പി ആന്റു, ഹസീം ഖാലിദ്, അബ്ദുല്‍ റഷീദ്, പി എ മുജീബ്, സിയാദ് കെ പി, ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത, പഞ്ചായത്തംഗം സതീഷ്, കെ എം കുഞ്ഞുമോന്‍, ഷറഫുദീന്‍ കീഴ്മാട്, ജോണി ക്രിസ്റ്റഫര്‍, അല്‍അമീന്‍ അഷ്‌റഫ്, താഹിര്‍, ആല്‍ഫിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

