വിദ്വേഷവും വിഭാഗീതയും വെടിഞ്ഞ് സൗഹൃദ കേരളത്തിനായി ഒന്നിക്കണം: ഐ എസ് എം കേരള മൈത്രി സമ്മേളനം

Web Desk
2 Min Read

കൊച്ചി: വിദ്വേഷവും വിഭാഗീതയും വളര്‍ത്തുന്ന ദുഷ്ട ശക്തികള്‍ക്കെതിരില്‍ ഒരുമയുടെ പടയണി തീര്‍ത്ത് കേരളത്തിന്റെ സൗഹൃദത്തെ വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്തു ഐ എസ് എം കേരള മൈത്രി സമ്മേളനത്തിന് സമാപനം. സംസ്ഥാനത്തിന്റെ വിവിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മറൈന്‍ ഡ്രൈവില്‍ ജനസാഗരം തീര്‍ത്തു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് കേരള മൈത്രി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.

city exchange

സൗഹൃദവും സഹവര്‍ത്തിത്തവും മുഖമുദ്രയാക്കി വിദ്വേഷത്തിന്റേയും വിഭാഗതയുടെയും കനലുകള്‍ ഊതിക്കെടുത്തി സൗഹൃദ കേരളത്തിന്റെ വീണ്ടെടുപ്പിന് മലയാളികള്‍ പ്രതിജ്ഞ പുതുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വര്‍ഗ്ഗീയ രാഷ്ട്രീയത്തേയും ഭീകരവാദ തീവ്രവാദ ശക്തികളേയും അന്ധവിശ്വാസ പ്രചാരകരേയും കേരള മണ്ണില്‍ നിന്ന് വിപാടനം ചെയ്യാന്‍ പ്രബുദ്ധ കേരളം ഉണര്‍ത്തെണീക്കണം.

- Advertisement -
Ad image

ഏക സിവില്‍ കോഡിന്റേയും ആരാധനാലയ സ്ഥല നിയമത്തിന്റേയും പൗരത്വ ബില്ലിന്റേയും മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് വന്ന് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ സംഘടിതമായി ചെറുത്തു തോല്‍പ്പിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.

ആയിരങ്ങളെ കശാപ്പു ചെയ്ത കലാപങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ രാജ്യത്തിന്റെ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ തന്നെ രംഗത്തുവരുന്നത് കടുത്ത അപരാധമാണ്. ഗുജറാത്തുകളും ഭഗല്‍പൂരുകളും മുസാഫര്‍ പൂരും ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ പൗരന്മാര്‍ മുന്നോട്ട് വരണം. ചരിത്ര വസ്തുതകളെ വക്രീകരിച്ചും പുനരാവിഷ്‌കരിച്ചും ഇന്ത്യന്‍ ജനത മറന്നു കളയാന്‍ അഗ്രഹിക്കുന്ന ചരിത്രം പൊടി തട്ടിയെടുത്തും ചരിത്ര പുനര്‍ നിര്‍മ്മിതിയിലൂടെ ജനങ്ങളെ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

കാത്തു വെക്കാം സൗഹൃദ കേരളം എന്ന പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമിതി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ കേരള മൈത്രീ സമ്മേളനം കേരള നിയമ വകുപ്പുമന്ത്രി അഡ്വ. പി രാജീവ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, എളമരം കരീം എം പി, ഹൈബി ഈഡന്‍ എം പി, കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം ജി എം ജനറല്‍ സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍, എം എസ് എം ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ഐ ജി എം ജനറല്‍ സെക്രട്ടറി ടി കെ തഹ്ലിയ, സി എം മൗലവി ആലുവ, ഫാദര്‍ ഡേവിസ് ചിറമ്മേല്‍, കെ പി നൗഷാദലി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, സല്‍മ ടീച്ചര്‍, എം കെ ശാക്കിര്‍, ഡോ. ഫുഖാറലി, സജ്ജാദ് ഫാറൂഖി, റിഹാസ് പുലാമന്തോള്‍, അയ്യൂബ് എടവനക്കാട്, റാഫി കുന്നുപുറം, മുഹ്‌സിന്‍ തൃപ്പനച്ചി, നദീര്‍ കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!