മുസാഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ യു പി സര്‍ക്കാര്‍ പിന്‍വലിച്ചെന്ന് അമിക്കസ് ക്യൂറി

Web Desk
1 Min Read

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാരണമൊന്നും കാണിക്കാതെ മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ പിന്‍വലിച്ചതായി അമിക്കസ് ക്യൂറി സുപ്രിം കോടതിയെ അറിയിച്ചു. അമിക്കസ് ക്യൂറിമാരായ വിജയ് ഹന്‍സാരിയയും അഭിഭാഷക സ്‌നേഹ കലിതയും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

city exchange


ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ് പിന്‍വലിക്കുന്നതിന് ഒരു കാരണവും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പൂര്‍ണ്ണമായ പരിഗണനയ്ക്ക് ശേഷം നിര്‍ദ്ദിഷ്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തതായി സര്‍ക്കാര്‍ പ്രസ്താവിക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പിന്‍വലിച്ച കേസുകളെല്ലാം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. ആഗസ്ത് 20ന് ഉത്തര്‍പ്രദേശ് സംസ്ഥാന അഭിഭാഷകന്‍ തനിക്ക് അയച്ച കത്തിന്റെ ഭാഗമാണ് ഈ വിവരമെന്ന് ഹന്‍സാരിയ വിശദീകരിച്ചു. 2013ലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 6869 പ്രതികള്‍ക്കെതിരെ 510 കേസുകളാണ് മീററ്റ് സോണിലെ അഞ്ച് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 175 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും 165 കേസുകളില്‍ അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും 170 കേസുകള്‍ ഒഴിവാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

Share This Article
Leave a Comment
error: Content is protected !!