Business
വരുന്നു ആഡംബര സീനിയര്‍ ലിവിംഗ് പാര്‍പ്പിട പദ്ധതികള്‍; അസറ്റ് ഹോംസും കൊളംബിയ പസഫിക് കമ്യൂണിറ്റീസും കൈകോര്‍ക്കുന്നു
കൊച്ചി: കേരളത്തില്‍ ആഡംബര സീനിയര്‍ ലിവിംഗിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതു കണക്കിലെടുത്ത് സംസ്ഥാനത്തെ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സീനിയര്‍ ലിവിംഗ് വിപണിയിലേയ്ക്ക്. ഈ രംഗത്തെ ആഗോള അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനായി ആഗോള സീനിയര്‍ ലിവിംഗ് രംഗത്തെ മുന്‍നിര സാന്നിധ്യവും രാജ്യത്തെ ഏറ്റവും വലിയ സീനിയര്‍ ലിവിംഗ് കമ്യൂണിറ്റി ഓപ്പറേറ്ററുമായ കൊളംബിയ പസഫിക് കമ്യൂണിറ്റീസും അസറ്റ് ഹോംസും തമ്മില്‍ ഇതു സംബന്ധിച്ച സംയുക്തസംരഭത്തിന് ധാരണയായി. ധാരണാപത്രം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വിയും കൊളംബിയ പസഫിക് കമ്യൂണിറ്റീസ് ഡയറക്ടര്‍ ശിവകുമാര്‍ വിയും ഒപ്പുവെച്ചു.
യു എസിലെ സിയാറ്റ്ല്‍ ആസ്ഥാനമായ കൊളംബിയ പസഫിക് ഗ്രൂപ്പിന്റെ സബ്സിഡിയറിയാണ് കൊളംബിയ പസഫിക് കമ്യൂണിറ്റീസ്. സീനിയര്‍ ലിവിംഗ് കമ്യൂണിറ്റീസ് നിര്‍മാണം, മാനേജ്മെന്റ്, ഓപ്പറേഷന്‍സ് മേഖലകളില്‍ യു എസ്, ചൈന, കാനഡ, യു കെ, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലായി നാല് ദശകത്തിലേറെക്കാലത്തെ അനുഭവസമ്പത്താണ് ഗ്രൂപ്പിനുള്ളത്. ഈ പശ്ചാത്തലത്തില്‍ അസറ്റ് ഹോംസും കൊളംബിയ പസഫികും തമ്മിലുള്ള സഹകരണം സീനിയര്‍ ലിവിംഗ് രംഗത്തെ രൂപകല്‍പ്പന, നിര്‍മാണം, സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നീ സമസ്ത മേഖലകളിലും തീര്‍ത്തും പുതിയ മാറ്റങ്ങളാണ് കൊണ്ടുവരിക. സമാധാനപൂര്‍ണവും ആകുലതകളില്ലാത്തുമായ ആഡംബര സീനിയര്‍ ലിവിംഗ് ഉറപ്പുവരുത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാകും ഈ പദ്ധതികള്‍.
ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 2050ഓടെ 50 കോടിയാകുമെന്നാണ് കണക്കാക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ളതും സമ്പൂര്‍ണ സേവനങ്ങള്‍ ലഭ്യമായതുമായ ആഡംബര സീനിയര്‍ ലിവിംഗ് പാര്‍പ്പിടങ്ങള്‍ക്കുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍ഡിലേയ്ക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇതു കണക്കിലെടുത്ത് അസറ്റ് ഹോംസും കൊളംബിയ പസഫിക് ഗ്രൂപ്പുമായിച്ചേര്‍ന്ന് തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലായി നാല് ആഡംബര സീനിയര്‍ ലിവിംഗ് ഭവന പദ്ധതികളാണ് നിര്‍മാണമാരംഭിക്കുന്നത്. അസറ്റ് യംഗ് @ ഹാര്‍ട്ട് ബൈ കൊളംബിയ പസഫിക് എന്ന പേരില്‍ ഈ പദ്ധതികളിലായി 1000 യൂണിറ്റുകളാണ് നിര്‍മിക്കുക. 2024- 25 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നിര്‍മാണമാരംഭിക്കും.
വിവിധ ആവശ്യങ്ങള്‍ക്കും ജീവിതഘട്ടങ്ങള്‍ക്കും അനുയോജ്യമായ നാല് വ്യത്യസ്ത വിഭാഗങ്ങള്‍ അവതരിപ്പിച്ച് പാര്‍പ്പിട മേഖലയില്‍ നൂതനത്വം കൊണ്ടുവന്ന ബില്‍ഡറാണ് അസറ്റ് ഹോംസ്. വിദ്യാര്‍ഥികള്‍ക്കും എന്‍ട്രി- ലെവല്‍ ജോലികളില്‍ പ്രവേശിച്ചവര്‍ക്കും പഠിക്കാനും ജോലി ചെയ്യാനുമായി നഗരങ്ങളിലെത്തുന്ന ചെറുപ്പക്കാര്‍ക്കുമുള്ള സെല്‍ഫി അപ്പാര്‍ട്ട്മെന്റുകള്‍,
സബര്‍ബന്‍ മേഖലയില്‍ ചേക്കേറുന്ന പുതിയ കുടുംബങ്ങളേയും പ്രൊഫഷനലുകളേയും ലക്ഷ്യമിടുന്ന അഫോഡബ്ള്‍ ഹൗസിംഗ് വിഭാഗത്തിലെ ഡൗണ്‍ റ്റു എര്‍ത്ത്, ആഡംബരം ലക്ഷ്യമിടുന്നവര്‍ക്കുള്ള എക്സോട്ടിക്ക എന്നിവയാണ് ഇവയില്‍ ആദ്യത്തെ മൂന്നെണ്ണം. നാലാമത്തേതായ സീനിയര്‍ ലിവിംഗ്, തിരക്കിട്ട കര്‍മജീവിതത്തില്‍ നിന്നു വിരമിച്ച് സവിശേഷമായ ആവശ്യങ്ങളോടെ മികച്ച ഗുണനിലവാരമുള്ള സീനിയര്‍ ലിവിംഗ് ലക്ഷ്യമിടുന്നവര്‍ക്കാണ്.
ഉപയോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് നൂതന സൗകര്യങ്ങളുള്ള വ്യത്യസ്തമായ പാര്‍പ്പിട പദ്ധതികള്‍ അവതരിപ്പിക്കുകയെന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ സീനിയര്‍ ലിവിംഗ് പദ്ധതികളെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി പറഞ്ഞു.
സീനിയര്‍ ലിവിംഗിനിണങ്ങുന്ന കമ്യൂണിറ്റി ലിവിംഗിന് ഇന്ത്യയില്‍ തുടക്കം കുറിച്ചവരാണ് കൊളംബിയ പസഫിക് കമ്യൂണിറ്റീസ്. മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക ഫിറ്റ്നസ്, മാനസികോല്ലാസം, വൈകാരിക ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്തുള്ള ചുറ്റുപാടുകളാണ് ഇവിടെ ഒരുക്കുക. കോവിഡ് 19ന്റെ വരവോടെ ആഡംബര സീനിയര്‍ ലിവിംഗ് കമ്യൂണിറ്റീസിന്റെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നിരുന്നു. അതോടെ മികച്ച സുരക്ഷയും ശുചിത്വവുമുള്ള സപ്പോര്‍ട്ടിംഗ് സേവനങ്ങള്‍ നിര്‍ണായകമായി.
സീനിയര്‍ ലിവിംഗിലെ ഏകാന്തത ഇല്ലാതാക്കാനും പോസിറ്റീവ് ഏജിംഗ് യാഥാര്‍ഥ്യമാക്കാനും ആകുലതകള്‍ തീര്‍ത്തും ഒഴിവാക്കാനും കമ്യൂണിറ്റി ലിവിംഗിലൂടെ സാധ്യമാക്കാനാകുമെന്ന് സംയുക്ത സംരംഭത്തെക്കുറിച്ച് സംസാരിച്ച കൊളംബിയ പസഫിക് കമ്യൂണിറ്റീസ് ഡയറക്ടര്‍ ശിവകുമാര്‍ വി പറഞ്ഞു. താമസിക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമാധാനവും സുരക്ഷിതത്വബോധവും ഉറപ്പുവരുത്തുന്ന ലോകോത്തര സീനിയര്‍ ലിവിംഗ് കമ്യൂണിറ്റികളാണ് അസറ്റ് ഹോംസും കൊളംബിയ പസഫിക് കമ്യൂണിറ്റീസും തമ്മിലുള്ള പങ്കാളിത്തം യാഥാര്‍ഥ്യമാക്കുക.