

ദോഹ: അഞ്ചാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ഇന്ന് സമാപിക്കും. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് പ്രദര്‍ശനം രണ്ട് ദിവസത്തേക്ക് കൂടി സംഘാടകര്‍ നീട്ടിയിരുന്നു.

25 രാജ്യങ്ങളില്‍ നിന്നുള്ള 100ലധികം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. 60 ഇനം തേനുകളാണ് പ്രദര്‍ശനത്തിലുണ്ടായിരിന്നത്. സൂഖ് വാഖിഫിന്റെ ഈസ്റ്റേണ്‍ സ്‌ക്വയറിലാണ് പ്രദര്‍ശനം നടന്നത്.

പ്രദര്‍ശനത്തിലുള്ള തേനിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിനുള്ള ടെസ്റ്റിംഗ് ലാബുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിന്നു. തേനീച്ച ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഇതര ഔഷധങ്ങളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് പഠിക്കാന്‍ കഴിയുന്ന എപ്പിതെറാപ്പി സേവനങ്ങളും പ്രദര്‍ശനത്തില്‍ ലഭ്യമായിരുന്നു. പ്രശസ്തമായ ഒമാന്‍ മധുര പലഹാരമായ തേന്‍ ചേര്‍ത്ത ഹല്‍വയുടെ തത്സമയ പാചക പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിച്ചു.
സിദര്‍, അക്കേഷ്യ, കണ്ടല്‍ക്കാടുകള്‍, മനുക, ലാവെന്‍ഡര്‍, താല്‍, കാശിത്തുമ്പ, മജ്ര, ആതല്‍, സമ്ര, വൈറ്റ് ഹണി എന്നിവ പ്രദര്‍ശനത്തിലുള്ള ശ്രദ്ധേയമായ തേന്‍ ഇനങ്ങളായിരിന്നു.

