
ടോക്യോ: ജാവലിന്‍ ത്രോയില്‍ നേട്ടവുമായി പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണ മെഡല്‍. പുരുഷന്മാരുടെ എഫ് 64 വിഭാഗത്തില്‍ കാലുകള്‍ മുറിച്ചു മാറ്റിയ കായക താരങ്ങളുടെ വിഭാഗത്തില്‍ സുമിത് ആന്റിലാണ് ഇന്ത്യക്കു വേണ്ടി സ്വര്‍ണം കരസ്ഥമാക്കിയത്.

ഹരിയാനയിലെ സോനെപത് സ്വദേശിയായ 23കാരന്‍ സുമിതിന് 2015ല്‍ മോട്ടോര്‍ ബൈക്ക് അപകടത്തിലാണ് ഇടതുകാല്‍ മുട്ടിനു താഴെ നഷ്ടമായത്. അഞ്ചാം ശ്രമത്തിലാണ് ജാവലിന്‍ 68.55 മീറ്റര്‍ എറിഞ്ഞ് സുമിത് സ്വര്‍ണം നേടിയത്.

ഞായറാഴ്ച രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യക്ക് തിങ്കളാഴ്ച രണ്ട് സ്വര്‍ണ നേട്ടമാണ് ലഭിച്ചത്.
62.88 മീറ്റര്‍ ലോകറെക്കോര്‍ഡ് മെച്ചപ്പെടുത്തിയാണ് സുമിത് 68.55 മീറ്റര്‍ ദൂരം കണ്ടെത്തിയത്. ആസ്‌ത്രേലിയയുടെ മിഖാല്‍ ബൂരിയന്‍ (66.29), ശ്രീലങ്കയുടെ ദുലന്‍ കൊടിവാക്കു (65.61) എന്നിവരാണ് വെള്ളിയും വെങ്കലവും നേടിയത്.
ഡല്‍ഹി രാംജാസ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ അപകടത്തിന് മുമ്പ് ഗുസ്തി താരമായിരുന്നു സുമിത്. 2019ല്‍ ദുബൈയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ എഫ് 64 ജാവലിന്‍ ത്രോയില്‍ സുമിത് വെള്ളി സ്വന്തമാക്കിയിരുന്നു.

