

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ വിളിച്ചു.

ഗാസയിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സ്ഥിതിഗതികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുകയും രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. കൂടാതെ സംയുക്ത താത്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഇരുനേതാക്കളും സംസാരിച്ചു.

ഗാസയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഖത്തര്‍ ഭരണകൂടത്തിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്കും മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ അതിന്റെ ഫലപ്രദവും ക്രിയാത്മകവുമായ പങ്കിനും അമീറിനോട് അമേരിക്കന്‍ പ്രസിഡന്റ് നന്ദിയും അഭിനന്ദനവും അറിയിച്ചു.
അടിയന്തര വെടിനിര്‍ത്തല്‍, രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുക, ഗാസയിലെ സാധാരണക്കാരുടെ സംരക്ഷണം, ഉപരോധിച്ച ഫലസ്തീനികള്‍ക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും ഉറപ്പാക്കാന്‍ റഫ ക്രോസിംഗ് സ്ഥിരമായി തുറക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ അമീര്‍ ഊന്നിപ്പറഞ്ഞു.

