

തിരുവനന്തപുരം: ജീവിക്കുന്നതിനും ജീവിപ്പിക്കുന്നതിനുമായി അക്കരകളില്‍ അരനൂറ്റാണ്ട് കാലത്തിനു മുമ്പ് എത്തിയ പ്രവാസി കവി വെണ്‍കുളം മണി യു എ ഇയില്‍ എത്തപ്പെടുന്ന യുവ പ്രവാസി കലാപ്രതിഭകള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്നുവെന്ന് ബി ജെ പി നേതാവും പ്രവാസി ഫോറം പ്രസിഡന്റുമായ വിജയന്‍ തോമസ് അനുസ്മരിച്ചു.

ഇന്‍ഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായിരുന്ന വെണ്‍കുളം മണിയുടെ രണ്ടാം ചരമ വാര്‍ഷികം പ്രമാണിച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗള്‍ഫിലായിരുന്നപ്പോള്‍ സാമൂഹ്യ- സാംസ്‌കാരിക- സാഹിത്യ രംഗങ്ങളില്‍ വെണ്‍കുളം മണി സജീവമായി ഇടപെട്ടത് അഭിമാനപൂര്‍വ്വം നോക്കികാണുവാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായിട്ടെങ്കിലും അദ്ദേഹത്തിന്റെ ചരമ വാര്‍ഷികം ആചരിക്കുന്നതെന്നും വിജയന്‍ തോമസ് പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ വാനോളം പ്രശംസിക്കുന്നവര്‍ മരിച്ചു കഴിഞ്ഞാല്‍ അവരെ മറക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോ- ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസ്സിസി അധ്യക്ഷത വഹിച്ചു. വെണ്‍കുളം മണി സ്മാരക പ്രഥമ കലാ-സാഹിത്യ അവാര്‍ഡ് ഗ്രന്ഥകാരനും ചലച്ചിത്ര സംവിധായകനുമായ ജിഫ്രി ജലീലിന് വിജയന്‍ തോമസ് നല്‍കി. പ്രേംനസീര്‍ സുഹൃത്ത് സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ പൊന്നാട അണിയിച്ചു.
കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു അനുസ്മരണ പ്രഭാഷണം നടത്തി. സെന്റര്‍ സെക്രട്ടറി പ്രദീപ് മധു, അനീഷ് നായര്‍, എം മുഹമ്മദ് മാഹീന്‍ എന്നിവര്‍ പ്രസംഗിച്ചു.

