

കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എറണാകുളം പ്രസ് ക്ലബ്ബിന്റെ മുന്‍ സെക്രട്ടറിയും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പി ആര്‍ ഒയുമായിരുന്ന മുഹമ്മദ് സലീം നിര്യാതനായി. പത്രപ്രവര്‍ത്തകരുടെ അഖിലേന്ത്യാ സംഘടനയായ ഐ എഫ് ഡബ്ല്യു ജെ പ്രവര്‍ത്തക സമിതി അംഗം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടെലക്‌സ് (ബ്യൂറോ ചീഫ്), വീക്ഷണം (സബ് എഡിറ്റര്‍), മംഗളം (കറസ്‌പോണ്ടന്റ്), ജനയുഗം, മലയാള മണ്ണ് (സ്‌പെഷല്‍ കറസ്‌പോണ്ടന്റ്) എന്നീ പത്രങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം
കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പാര’ രാഷ്ട്രീയ ആക്ഷേപഹാസ്യ മാസികയുടെ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്ററുമായിരുന്നു. അസാധു വിനോദ മാസികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഫോറം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവില്‍ സംസ്ഥാന സമിതി അംഗമാണ്. മീഡിയ കൊച്ചിന്‍ എന്ന പബ്ലിക് റിലേഷന്‍സ് സ്ഥാപനം സലിം നടത്തി വരികയായിരുന്നു.

ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധിയായി മുഖ്യമന്ത്രിയുടെ മാധ്യമോപദേശക സമിതി അംഗമായിരുന്നു.
കോട്ടയം ചുങ്കം ഇടാട്ടുതറയില്‍ പരേതനായ കെ അലിയാരുടെയും കോടിമത മഠത്തിപറമ്പില്‍ പരേതയായ കെ ഹലീമ ബീവിയുടെയും മകനാണ്. കോട്ടയം സി എം എസ് കോളജിലായിരുന്നു വിദ്യാഭ്യാസം.
ഗവണ്‍മെന്റ് ഹോമിയോ (റിട്ടയേര്‍ഡ്) മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എ പരിമള കുമാരിയാണ് ഭാര്യ. മക്കള്‍: തന്‍വീര്‍ എം സലിം (ഫ്‌ളേവറി, പാലാരിവട്ടം), തസ്വീര്‍ എം സലിം (ദുബൈ).
1970കളില്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നിരവധി ചെറുകിട ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവ കേരളം, പ്രിയംവദ, സമത, സൗരയൂഥം, ഡയറക്ടര്‍ എന്നിവ അതില്‍ ഉള്‍പ്പെടും.
1973ല്‍ കേരളം നടാടെ സന്തോഷ് ട്രോഫി നേടിയതു മുതല്‍ കൊച്ചിയില്‍ അരങ്ങേറിയ എല്ലാ ഫുട്‌ബോള്‍ മേളകളുടെയും പബ്ലിസിറ്റി കണ്‍വീനര്‍ സലീമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പരാതിക്കിട നല്‍കാത്ത വിധം കൈകാര്യം ചെയ്തു. മികച്ച ഫുട്‌ബോള്‍ കമന്റേറ്റര്‍ കൂടിയായിരുന്നു.

