
കാബൂള്‍: താലിബാന്‍ പൂര്‍ണമായും അഫ്ഗാനിസ്ഥാന്‍ കീഴടക്കിയെന്ന് പറയുന്നതിനിടയിലും അഫ്ഗാനികള്‍ക്ക് പ്രതീക്ഷയായി വൈസ് പ്രസിഡന്റ് അമറുല്ല സലെ. രാജ്യത്തിന്റെ കെയര്‍ ടേക്കര്‍ പ്രസിഡന്റായി പ്രഖ്യാപിച്ചാണ് അഷറഫ് ഗനിയുടെ വൈസ് പ്രസിഡന്റ് അമറുല്ല സലെ രംഗത്തെത്തിയത്. താലിബാന് കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നും പോരാടുമെന്നും സലെ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഭരണഘടന പ്രകാരം നിലവിലുള്ള പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റിനാണ് പകരം ചുമതല ലഭിക്കുക. താലിബാന്‍ കാബൂള്‍ കീഴടക്കിയതോടെ പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ടിരുന്നു. ഭരണഘടന പ്രകാരം പ്രസിഡന്റ് രാജ്യം വിടുക, രാജിവെക്കുക, മരിക്കുക തുടങ്ങിയ കാരണങ്ങളാണ് വൈസ് പ്രസിഡന്റിന് ചുമതല ഏല്‍ക്കാനുള്ള അവസരങ്ങള്‍ നല്കുന്നത്. നിലവില്‍ പ്രസിഡന്റ് രാജ്യം വിട്ടതോടെ വൈസ് പ്രസിഡന്റിന് സ്വാഭാവികമായും പ്രസിഡന്റിന്റെ ചുമതല ലഭിക്കും. ഇതോടെയാണ് പകരം ചുമതല താനേറ്റെടുക്കുന്നതായി സലെ പ്രഖ്യാപിച്ചത്. താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് ഉറപ്പായ ഞായറാഴ്ച തന്റെ നിലപാട് വ്യക്തമാക്കി സലെ ട്വീറ്റ് ചെയ്തിരുന്നു.
താലിബാന് മുന്നില്‍ തല കുനിക്കേണ്ട സാഹചര്യം തനിക്കൊരിക്കലുമില്ലെന്നും സ്വന്തം ആത്മാവിനെ വഞ്ചിക്കില്ലെന്നും സലെ വ്യക്തമാക്കുന്നു. എന്റെ ഹീറോയായ, കമാന്‍ഡറും ഇതിഹാസവും വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ പൈതൃകത്തെ ഒറ്റില്ലെന്നു പറഞ്ഞ സലെ തന്നെ ശ്രവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നിരാശരാക്കില്ലെന്നും താലിബാനു കീഴിലുള്ള ഒരാളായി എനിക്കൊരിക്കലും മാറാനാവില്ല, ഒരിക്കലും എന്നാണ് ട്വീറ്റ് ചെയ്തത്.
താലിബാന്‍ വിരുദ്ധ പോരാളിയായ അഹമ്മദ് ഷാ മസൂദിന്റെ മകനും സലെയും ചേര്‍ന്നു പഞ്ച്ഷിര്‍ പ്രവിശ്യയില്‍ ഗറില്ല ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

