

കൊച്ചി: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ സിനിമാ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഭാരവാഹി യോഗത്തിലാണ് തീരുമാനമുണ്ടായത്.

വിജയ് ബാബുവിനെ അമ്മ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണമെന്ന് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു. നേരത്തെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നല്‍കിയിരുന്നു. വിഷയത്തില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാല്‍ ജാമ്യത്തെ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു.
വിജയ് ബാബുവിനെതിരെ ഉറച്ച നിലപാടാണ് അമ്മ യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ ബാബുരാജും ശ്വേതാ മേനോനും സ്വീകരിച്ചത്. പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും അറിയിച്ചത്. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി.

