വഖഫ് ബോര്‍ഡ് നിയമനാധികാരം പി എസ് സിക്ക് നല്‍കിയത് മുസ്‌ലിം വിരുദ്ധത തന്നെ: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
2 Min Read

കോഴിക്കോട്: വഖഫ് ബോര്‍ഡ് ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ബോര്‍ഡില്‍ നിന്നെടുത്ത് കളഞ്ഞ് പി എസ് സിക്ക് നല്‍കിയ തീരുമാനം സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ സമീപനത്തിന്റെ വ്യക്തമായ തെളിവാണെന്ന് മുന്‍ വഖഫ് ബോര്‍ഡ് അംഗം ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

city exchange

വഖഫ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാറല്ല, വഖഫ് ബോര്‍ഡ് ആണ്. അതുകൊണ്ട് തന്നെ അവിടത്തെ നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസലിംകള്‍ ദൈവപ്രീതി ആഗ്രഹിച്ച് വഖഫ് ചെയ്ത സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തിന്റെ ഏഴ് ശതമാനം വഖഫ് ബോര്‍ഡിലേക്കടക്കുന്നുണ്ട്. അതില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടും സമുദായത്തെ പ്രതിനിധീകരിക്കുന്ന വഖഫ് ബോര്‍ഡ് ആണ്.

കേന്ദ്ര വഖഫ് ആക്ടും സംസ്ഥാന വഖഫ് റൂളും അനുസരിച്ചാണ് വഖഫ് ബോഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
1954 മുതല്‍ ഇവിടെ വഖഫ് ചട്ടങ്ങള്‍ നിലവിലുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി മുപ്പത് വഖഫ് ബോര്‍ഡുകളുണ്ട്. ബോര്‍ഡില്‍ എം പിമാരും എം എല്‍ എമാരും അഭിഭാഷകരും ഇസ്‌ലാം മത പണ്ഡിതന്മാരും മുസ്‌ലിം സംഘടനാ പ്രതിനിധികളും വഖഫ് മുതവല്ലിമാരുടെ പ്രതിനിധികളും ഗവണ്മെന്റ് സെക്രട്ടരിയുമുണ്ടാവണമെന്നാണ് നിയമം. വനിതാ പ്രാതിനിധ്യവും വേണം. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് രൂപീകരിക്കുന്നതും ഈ നിയമങ്ങള്‍ പാലിച്ച് കൊണ്ടാണ്.

- Advertisement -
Ad image

നിയമപരവും ജനാധിപത്യപരവും സുതാര്യവുമായാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. പോരായ്മകളും വിമര്‍ശനങ്ങളുമുണ്ടാവാം. അവ പരിഹരിച്ചും വഖഫ് സ്വത്തുക്കള്‍ കുറ്റമറ്റ രീതിയില്‍ സംരക്ഷിച്ചും വളര്‍ത്തിയും കൊണ്ടുപോവാനുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാറും പൊതുജനങ്ങളും നല്‍കേണ്ടത്. ഉദ്യോഗസ്ഥന്മാരുടെ കാര്യശേഷി വര്‍ധിപ്പിക്കാന്‍ വേണ്ടത് ചെയ്യാം. സേവന വേതന വ്യവസ്ഥകളില്‍ കാലോചിതവും ശാസ്ത്രീയവുമായ പരിഷ്‌കരണങ്ങള്‍ കൊണ്ട് വരാം. അതല്ലാതെ വഖഫ് ബോര്‍ഡിന്റെ അധികാരം എടുത്ത് കളയുകയല്ല വേണ്ടത്.

സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബോര്‍ഡുകളും കോര്‍പറേഷനുകളും എല്ലാ സ്ഥാനങ്ങളിലുമുണ്ട്. അവിടെയെല്ലാം നിയമനം നടത്തുന്നത് അതത് ബോര്‍ഡുകള്‍ തന്നെയാണ്. അതിലൊന്നുമില്ലാത്ത ഒരു നിയമം വഖഫ് ബോര്‍ഡില്‍ അടിച്ചേല്‍പിക്കുന്നത് ദുരുദ്ദേശപരമാണ്. വഖഫ് ബോര്‍ഡിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി കൈകടത്തുന്നത് മുസ്‌ലിം സമുദായത്തെ വേദനിപ്പിച്ചുണ്ട്. ഇത്തരം വിഭാഗീയവും മുസ്‌ലിം വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!