
കോഴിക്കോട്: സ്വര്‍ണ്ണവും കറന്‍സിയും കടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു പൊലീസ്.

റോഡ് ഉപരോധിച്ച ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പെടെയുള്ളവരെ ബലമായി അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടെയാക്കി. നേതാക്കളെ റോഡില്‍ വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ച് ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കിടന്നു. തുടര്‍ന്ന് അരമണിക്കൂറോളം റോഡ് ഉപരോധിച്ച ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള 17 പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

രാവിലെ 11.30ന് എരഞ്ഞി പാലത്ത് നിന്നും പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിന് മുന്നില്‍ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ പിണറായി വിജയന്‍ കള്ളക്കടത്ത് ക്യാപ്റ്റനായെന്ന് പ്രവീണ്‍കുമാര്‍ വിമര്‍ശിച്ചു. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയ കാട്ടുകള്ളനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മൗനം തന്നെ തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ്. കള്ളക്കടത്തിനെ ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടി ഗുണ്ടകളെ വിട്ട് ആക്രമിപ്പിക്കുകയാണിപ്പോള്‍. ഇത്രയും അധ:പതിച്ച മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ലെന്നും അല്‍പമെങ്കിലും മര്യാദയുണ്ടെങ്കില്‍ രാജിവെച്ച് ഒഴിയണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയും വരെ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍ അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, എം ധനീഷ് ലാല്‍, ഒ ശരണ്യ, സത്യന്‍ കടിയങ്ങാട്, ബവിത്ത് മലോല്‍, രാജേഷ് കീഴരിയൂര്‍, വി ടി നിഹാല്‍, വൈശാഖ് കണ്ണോറ എന്നിവര്‍ സംസാരിച്ചു.
ബവീഷ് ചേളന്നൂര്‍, ഇ കെ ശീതള്‍ രാജ്, ജസ്മിന മജീദ്, ഉഷേശ്വരി ശാസ്ത്രി, മുജീബ് പുറായില്‍, എന്‍ ലബീബ്, ശ്രീയേഷ് ചെലവൂര്‍, എം പി ബബിന്‍ രാജ്, ടി എം നിമേഷ്, എം പി എ സിദ്ദിഖ്, അജയ്യ് ബോസ്, ടി എം വരുണ്‍ കുമാര്‍, പ്രത്യൂഷ് ഒതയോത്ത്, ഷമീര്‍ ഓമശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

