‘ഇത് ചെയ്യാനാവില്ലെന്ന് ആരാണ് പറയുന്നത്?’; യുവത്വം സ്വപ്‌നങ്ങള്‍ പിന്തുടരണമെന്ന് കെ എം എ യംഗ് ലീഡേഴ്‌സ് ഫോറം

Web Desk
2 Min Read

കൊച്ചി: ജീവിതത്തിലെ പരാജയങ്ങളും ദൗര്‍ബല്യങ്ങളും സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കാനുള്ള കാരണങ്ങളാക്കരുതെന്നും വ്യക്തമായ ലക്ഷ്യവും ശക്തമായ ഇച്ഛാശക്തിയുമുണ്ടെങ്കില്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങളും നേടിയെടുക്കാനാകുമെന്നും ലോകറെക്കോര്‍ഡ് ജേത്രിയും പ്രമുഖ പ്രഭാഷകയും സംഗീതജ്ഞയും എഴുത്തുകാരിയും അഭിനേത്രിയും വിദ്യാഭ്യാസ വിചക്ഷണയുമായ സ്വപ്‌ന അബ്രഹാം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ യംഗ് ലീഡേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്ത് ‘ഹു സെയ്‌സ് ഇറ്റ് കാണ്‍ട് ബി ഡണ്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

city exchange

ഓരോ വ്യക്തിക്കും തനതായ കഴിവുകളും അനുഭവങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കാനാകുന്ന പ്രത്യേക സ്വാധീനവുമുണ്ടെന്നും മറ്റൊരാള്‍ക്ക് ഒരാളുടെ സ്ഥാനത്ത് അതേ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

നെല്‍സണ്‍ മണ്ടേലയുടെ ‘ഒരു കാര്യം പൂര്‍ത്തിയാകുന്നതുവരെ അത് എല്ലായ്‌പ്പോഴും അസാധ്യമാണെന്ന് തോന്നും’ എന്ന വാക്കുകള്‍ ഉദ്ധരിച്ച അവര്‍, പരാജയത്തെ ഭയക്കാതെ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. നീല്‍ ആംസ്‌ട്രോങ്, എഡ്മണ്ട് ഹിലരി, ടെന്‍സിങ് നോര്‍ഗെ, തോമസ് ആല്‍വ എഡിസണ്‍, നിക്കോള ടെസ്ല, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മുഹമ്മദ് അലി തുടങ്ങിയവരുടെ ജീവിതം ലക്ഷ്യബോധത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഉദാഹരണങ്ങളാണെന്നും അവര്‍ പറഞ്ഞു.

സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച അവര്‍, സംഗീതരംഗത്ത് പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ പോലും പിന്മാറാതെ പുതിയ വെല്ലുവിളി ഏറ്റെടുത്തതായി പറഞ്ഞു. 1,000 ദിവസത്തെ ദൗത്യത്തിനിടെ 2,321 ഗാനങ്ങള്‍ രചിച്ചതായും ഇതിലൂടെ നാല് ലോക റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചതായും അവര്‍ വ്യക്തമാക്കി.

- Advertisement -
Ad image

‘നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ ആദ്യ പ്രേക്ഷകന്‍ മറ്റുള്ളവരല്ല; നമ്മള്‍ തന്നെയാണ്,’ എന്ന് അവര്‍ പറഞ്ഞു. പ്രതിസന്ധികളും തടസ്സങ്ങളും വന്നാലും ലക്ഷ്യത്തില്‍ നിന്ന് പിന്മാറരുതെന്നും അവര്‍ യുവാക്കളോട് ആഹ്വാനം ചെയ്തു.

ഓരോരുത്തരും വീട്ടിലേക്ക് മടങ്ങിയ ശേഷം തങ്ങളുടെ ഇപ്പോഴത്തെ ജീവിതലക്ഷ്യം എന്താണെന്നും അതിനായി എന്താണ് പറയുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും എഴുതിവെക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

കൊച്ചിയെ കൂടുതല്‍ വൃത്തിയുള്ള നഗരമാക്കി മാറ്റണമെന്ന തന്റെ ആഗ്രഹവും അവര്‍ പങ്കുവെച്ചു. ‘ഇത് ചെയ്യാനാവില്ലെന്ന് ആരാണ് പറയുന്നത്? നമുക്ക് അത് ചെയ്യാം’ എന്ന സന്ദേശത്തോടെയാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് അധ്യക്ഷത വഹിച്ചു. കെ എം എ യംഗ് ലീഡേഴ്‌സ് ഫോറം ചെയര്‍ തോമസ് വര്‍ഗ്ഗീസ് സ്വാഗതവും കെ എം എ ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!