

എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിനൊരു പ്രൊഫഷണല്‍ സ്പര്‍ശമുണ്ടാകണം, അക്കാര്യത്തില്‍ ഷലീല്‍ കല്ലൂരിന് നിര്‍ബന്ധമുണ്ട്. സിനിമയായാലും യൂട്യൂബ് ചാനലായാലും ഒരാളോട് കഥ പറയുന്നതായാല്‍ പോലും ഓരോന്നിനും അതിന്റേതായ രീതിയുണ്ടെന്നും ആ രീതിയിലെ ഏറ്റവും മികച്ചതായിരിക്കണമെന്നും അദ്ദേഹം നിര്‍ബന്ധം പിടിക്കും. അതുകൊണ്ടാണ് ലേറ്റായി വന്താലും ലേറ്റസ്റ്റായി വരാന്‍ എപ്പോഴും ഷലീലിനാവുന്നത്.


ഡോള്‍സ്, കാട്ടുമാക്കാന്‍, സാല്‍മണ്‍ എന്നീ സിനിമകളുടെ സംവിധാനം നിര്‍വഹിച്ച ശേഷം വര്‍ദ എന്ന സിനിമ ആരംഭിക്കുന്നതിന് മുമ്പ്, കോവിഡ് നല്കിയ ഇടവേളയെ ഷലീല്‍ മനോഹരമായി ഉപയോഗപ്പെടുത്തിയത് തന്റെ ഒരു സ്വപ്‌ന പദ്ധതി പൂര്‍ത്തിയാക്കിയാണ്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ തോന്നും, ഓ, ഇതോ, ഇതിനെന്ത് പ്രശ്‌നം, ആര്‍ക്കും ചെയ്യാവുന്നതല്ലേയെന്ന്. എന്നാല്‍ ഒരു നിമിഷം. ഇത് ചെയ്യുന്നത് ഷലീലാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു സ്റ്റൈലുണ്ട്.
എല്ലാവരും തുടങ്ങുന്നതു പോലെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഷലീലിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നിട്ടും അതിന്റെ എല്ലാ നിലവാരത്തോടെയും അത് ചെയ്യാന്‍ അദ്ദേഹം സമയം വരുവോളം കാത്തിരിക്കുക തന്നെ ചെയ്തു.


ഒന്നല്ല, മൂന്ന് വ്യത്യസ്ത യൂട്യൂബ് ചാനലുകളുമായാണ് ഷലീല്‍ കല്ലൂര്‍ രംഗത്തെത്തുന്നത്. അതില്‍ ആദ്യത്തേത് രംഗത്തെത്തി. ഒറ്റ മാസംകൊണ്ട് ആയിരം സബ്‌സ്‌ക്രൈബര്‍മാരും നാലായിരം വാച്ച് ഹൗറും കഴിഞ്ഞ് യൂട്യൂബിന്റെ പട്ടികയിലിടം പിടിച്ചു. അടുത്ത രണ്ടെണ്ണം പണിപ്പുരയില്‍ പുരോഗമിക്കുകയാണ്.
ഷലീല്‍ കല്ലൂരിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ചാനലുകളോടൊപ്പം കൂടാം- വിത്ത് എസ് കെ.
കുക്കിംഗ് ഓഫ് എസ് കെയാണ് ആദ്യം പുറത്തുവന്നത്. വ്യത്യസ്ത വിഭവങ്ങള്‍ ഏറ്റവും പ്രൊഫഷണലായി ഉണ്ടാക്കുകയും അത്രയും പ്രൊഫഷണലായി ചിത്രീകരിച്ചും എഡിറ്റ് ചെയ്തും സംഗീതം നല്കിയും ചെയ്തിരിക്കുന്നു.
സിനിമാ വിത്ത് എസ് കെയാണ് രണ്ടാമത്തെ ചാനല്‍. എം ജെ എസ് വ്‌ളോഗാണ് മൂന്നാമത്തെ ചാനല്‍.

കുക്കിംഗ് വിത്ത് എസ് കെ
അടുത്ത ബന്ധുക്കള്‍ളുടേയും സുഹൃത്തുക്കളുടേയും നാവ് തൊട്ടറിഞ്ഞിട്ടുണ്ട് ഷലീലിന്റെ രുചി മേള തീര്‍ത്ത പാചക നൈപുണ്യം. അതുകൊണ്ടുതന്നെ അവരില്‍ പലരും പലപ്പോഴായി ഷലീലിനോ നേരിട്ടു ചോദിച്ചിട്ടുമുണ്ട് ഒരു പാചക യൂട്യൂബ് ചാനല്‍ തുടങ്ങിക്കൂടേയെന്ന്. കണ്ടും കേട്ടും അറിഞ്ഞവര്‍ പോലും യൂട്യൂബില്‍ കയറി പാചകം ചെയ്യുന്ന കാലത്ത് കേവലം ആ പേരും പറഞ്ഞ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് ഒട്ടും ശരിയാവില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പ്രൊഫഷണലായി പാചകത്തിന്റെ ചാനല്‍ രംഗത്തെത്തിക്കാന്‍ ഷലീല്‍ തയ്യാറായത്. വ്യത്യസ്ത പാചക വിഭവങ്ങള്‍ ചെയ്യുന്നു എന്നതു മാത്രമല്ല അത് വ്യത്യസ്തമായ രീതിയില്‍ എത്തിക്കുന്നു എന്നതുകൂടിയാണ് കുക്കിംഗ് വിത്ത് എസ് കെയുടെ പ്രത്യേകത. അപ്പപ്പോള്‍ തോന്നി ചിത്രീകരിച്ച് അപ്പോള്‍ തന്നെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതൊന്നുമല്ല കുക്കിംഗ് വിത്ത് എസ് കെ. നേരത്തെ പ്ലാന്‍ ചെയ്ത് അതിന്റെ ഓരോ ചെറിയ അംശം പോലും ശ്രദ്ധിച്ച് മൂന്ന് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച് സിനിമാ എഡിറ്റര്‍ എഡിറ്റിംഗും സിനിമാ സംഗീത സംവിധായകന്‍ സംഗീതവും നല്കി നിരവധി എപ്പിസോഡുകള്‍ തയ്യാറാക്കി കൃത്യമായ ഇടവേളകളിലാണ് കുക്കിംഗ് വിത്ത് എസ് കെ യൂട്യൂബിലെത്തുന്നത്.

ടര്‍ക്കിഷ് ചിക്കന്‍ കെബാബ്, ദോം മന്തി ബിരിയാണി, ചൈനീസ് ചിക്കന്‍ ചൗ മെയിന്‍, സോബു പായസം, ക്രിസ്പി ചിക്കന്‍ പകോട, പ്രോണ്‍സ് മസാല റസിപി, ഡിലീഷ്യസ് ഒറിയോ വൈറ്റ് ചോക്കലേറ്റ്, പെപ്പര്‍ ക്രാബ് റോസ്റ്റ്, ഹണി ചില്ലി പൊട്ടാറ്റോ, ചിക്കന്‍ രശ്മി കെബാബ്, ഫ്രൂട്ട് കസ്റ്റാര്‍ഡ് റെസിപി, അറേബ്യന്‍ ചിക്കന്‍ റൈസ് തുടങ്ങി വ്യത്യസ്ത ഇനങ്ങളുമായി ഇതിനകം എത്തിയ കുക്കിംഗ് വിത്ത് എസ് കെയില്‍ ഇനി വരാനുള്ളത് അതിനേക്കാള്‍ താത്പര്യജനകമായിരിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
കുക്കിംഗ് വിത്ത് എസ് കെ യൂട്യൂബ് ചാനല്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://youtube.com/channel/UCsxXcyDA_aXtvgQ4Tek-EVA
സ്വന്തം വീടിനു മുകളില്‍ പ്ലാന്‍ വരച്ച് ഡിസൈന്‍ ചെയ്ത് സ്റ്റുഡിയോ തയ്യാറാക്കിയാണ് കുക്കിംഗ് വിത്ത് എസ് കെ ചിത്രീകരിക്കുന്നത്. ഏറ്റവും സൂക്ഷ്മമായ സാധനം മുതല്‍ ആവശ്യമായ വസ്തുക്കളെല്ലാം ചാര്‍ട്ട് ചെയ്ത് ഓണ്‍ലൈന്‍ വഴി വാങ്ങിയതിന് ശേഷമാണ് ചിത്രീകരണം ആരംഭിച്ചതു പോലും.
ഭക്ഷണമുണ്ടാക്കി കാണിക്കുക മാത്രമല്ല കുക്കിംഗ് വിത്ത് എസ് കെയുടെ ലക്ഷ്യം. ഏറെ രസകരമായ നിരവധി എപ്പിസോഡുകള്‍ ഇതിനകം ചാര്‍ട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട് കുക്കിംഗ് വിത്ത് എസ് കെയില്‍ ഷലീല്‍ കല്ലൂര്‍. താനുണ്ടാക്കിയ ഭക്ഷണവുമായി സെലിബ്രിറ്റികളുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഉള്‍പ്പെടെ എത്തിക്കുന്ന ബ്യൂട്ടിഫുള്‍ മൊമന്റ്‌സ് ഇതിലെ ഒരു സെഗ്മെന്റാണ്. മറ്റൊരു സെഗ്മെന്റാകട്ടെ ബ്യൂട്ടിഫുല്‍ ചലഞ്ചാണ്.

സെറ്റിട്ടതുകൊണ്ടുള്ള ഗുണം ഓരോ തവണയും ഇഷ്ടത്തിനനുസരിച്ച് മാറ്റിയെടുക്കാമെന്നതാണ്. സ്റ്റുഡിയോയ്ക്കകത്ത് മാത്രമല്ല പ്രത്യേക അവസരങ്ങളില്‍ ഔട്ട്‌ഡോര്‍ ചിത്രീകരണവും പദ്ധതിയിലുണ്ട്. അതോടൊപ്പം ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുക, അവരറിയാതെ അവരുടെ വീട്ടിലെത്തിച്ച് മാറിപ്പോവുക തുടങ്ങിയ വ്യത്യസ്ത പരിപാടികളും ആവിഷ്‌ക്കരിക്കുന്നുണ്ട്. ഭക്ഷണവും അതിന്റെ രുചിയും മാത്രമല്ല അതിലെ നന്മയും സമൂഹത്തിന് നല്കാന്‍ ആഗ്രഹിക്കുന്നു ഷലീല്‍.
എട്ടാം ക്ലാസ് മുതല്‍ വി എച്ച് എസ് സി വരെ ഹോസ്റ്റലില്‍ പഠിച്ചപ്പോഴാണ് ഭക്ഷണത്തിന്റെ രുചിയുടെ ലോകത്തേക്ക് ഷലീല്‍ ഇറങ്ങിത്തുടങ്ങിയത്. സിവില്‍ പഠിക്കുന്ന കാലത്ത് വീടെടുത്ത് ഒറ്റയ്ക്ക് താമസിക്കേണ്ട അവസ്ഥ വന്നതോടെ ഭക്ഷണം ഉണ്ടാക്കുകയെന്നത് ആകാംക്ഷയും ആഗ്രഹവും താത്പര്യവുമായി. അതോടെ താത്പര്യം ശക്തമാവുകയായിരുന്നു.
പിന്നീട് തൊഴിലുമായി ബന്ധപ്പെട്ട് യു എ ഇയിലും ഖത്തറിലുമൊക്കെ എത്തിയപ്പോള്‍ അവിടെയും ഭക്ഷണം ഉണ്ടാക്കേണ്ട അവസ്ഥകളുണ്ടായി.

സഹോദരന്‍ ഷെഫായതും സുഹൃത്തുക്കളില്‍ പലരും ആ മേഖലയില്‍ ഉണ്ടായതും ഗുണകരമായി. കുടുംബ പരിപാടികളിലും ഗെറ്റ് ടുഗെതറുകളിലുമെല്ലാം അവരോടൊപ്പം സഹായിയായി കൂടിയതോടെ രുചിമേളം തീര്‍ക്കുന്നതിന്റെ രഹസ്യങ്ങള്‍ പതിയെപ്പതിയെ ഷലീലിനും സ്വായത്തമായി. താത്പര്യവും അവസരങ്ങളും ഒത്തുവന്നതോടെ പരീക്ഷണങ്ങള്‍ വിജയങ്ങളായി. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിലെ പരിപാടികളിലും ഒത്തുചേരലുകളിലും ‘ഇടിച്ചു കയറി’യുണ്ടാക്കിയ ഭക്ഷണം പലര്‍ക്കും ഇഷ്ടമായി. അതോടെപരിപാടികളില്‍ ഷലീലിന്റെ വിഭവങ്ങള്‍ നിര്‍ബന്ധവുമായി. ഇതിനു പിന്നാലെയാണ് പലരും പാചക യൂട്യൂബ് ചാനലിനെ കുറിച്ച് ചോദിച്ചു തുടങ്ങിയത്. അതോടെ സിനിമാ മേഖലയിലെയും പാചക രംഗത്തേയും പരിചയങ്ങള്‍ സമന്വയിപ്പിച്ച് കുക്കിംഗ് വിത്ത് എസ് കെ പിറവിയെടുത്തു. സംവിധായകനായതുകൊണ്ട് ചിത്രീകരണത്തിന്റെ ആദ്യാവസാനമറിയാം, പാചകക്കാരനായതുകൊണ്ട് അതിന്റേയും- ഫലം കുക്കിംഗ് വിത്ത് എസ് കെ സൂപ്പര്‍ ഹിറ്റ്.
അറബിക്ക്, ചൈനീസ്, ഗവേഷണവും പരീക്ഷണവും നടത്തി സ്വന്തം കണ്ടെത്തിയ വിവിധ വിഭവങ്ങള്‍ തുടങ്ങിയവയെല്ലാം കുക്കിംഗ് വിത്ത് എസ് കെയുടെ പ്രത്യേകതകളാണ്.
എബിന്‍ സി തോമസാണ് എഡിറ്റ് ചെയ്യുന്നത്. ശൈന്‍ ബോധി സംഗീതവും അഡ്‌ലൈന്‍ എസ് എ സ്റ്റുഡിയോ ലോഗോ മ്യൂസിക്കും ചെയ്തിരിക്കുന്നു. സലീഷ് ഗോപാല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, പ്രദീപ് ബാലകൃഷ്ണന്‍ ഡിസൈന്‍സ്, അജയ് പി വി സബ്‌ടൈറ്റില്‍, ജയേഷ് വേണുഗോപാല്‍ മാനേജര്‍, എം ജെ എസ് മീഡിയ ക്യാമറ എന്നിവയാണ് അണിയറയിലുള്ളത്. ഇതോടൊപ്പം ഭാര്യയും മക്കളും ഷലീലിന്റെ സഹോദരന്‍ ഭാര്യയുമെല്ലാം പിന്തുണയുമായി രംഗത്തുണ്ടാകും.

സിനിമ വിത്ത് എസ് കെ
രണ്ടാമത്തെ യൂട്യൂബ് ചാനല്‍ സിനിമാ വിത്ത് എസ് കെയുടെ ഒരുക്കങ്ങളില്‍ കൂടിയാണ് ഷലീല്‍ ഇപ്പോഴുള്ളത്. ഒരു സിനിമയുടെ സ്‌ക്രിപ്റ്റിംഗ് മുതല്‍ റിലീസിംഗ് വരെയുള്ള കാര്യങ്ങള്‍ വ്യക്തമായും വിശദമായും പഠിപ്പിച്ചു കൊടുക്കുന്നതായിരിക്കും സിനിമ വിത്ത് എസ് കെയെന്ന് ഷലീല്‍ പറയുന്നു.
ഷലീല്‍ തുടങ്ങാനിരിക്കുന്ന തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായുള്ള വര്‍ദ എന്ന സിനിമയോടൊപ്പമാണ് സിനിമ വിത്ത് എസ് കെയും മുമ്പോട്ടു പോവുക. സ്‌ക്രിപ്റ്റിംഗ്, ചാര്‍ട്ടിംഗ്, നിര്‍മാതാവിനെ സമീപിക്കുന്ന രീതി, സാങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നത്, കലാകാരന്മാരെ സമീപിക്കുന്നത്, ചിത്രീകരണം തുടങ്ങി എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിക്കും.
എം ജെ എസ് വ്‌ളോഗ്
ഷലീല്‍ കല്ലൂര്‍ ഇരുപത് വര്‍ഷം മുമ്പ് തുടക്കമിട്ട കമ്പനിയാണ് എം ജെ എസ് മീഡിയ. അതിന്റെ ഭാഗമായാണ് എം ജെ എസ് വ്‌ളോഗ് രംഗത്തെത്തിക്കുന്നത്. സാമൂഹ്യ പ്രസക്തവും പ്രാധാന്യമര്‍ഹിക്കുന്നതുമായ നിരവധി വിഷയങ്ങള്‍ എം ജെ എസ് വ്‌ളോഗിലൂടെ രംഗത്തെത്തിക്കാനാണ് ഷലീലിന്റെ ശ്രമം. ഷലീലിന്റെ അയല്‍ നാട്ടുകാരന്‍ കൂടിയായ മാള അരവിന്ദനാണ് എം ജെ എസ് മീഡിയ എന്ന പേര് ഷലീലിന് നല്കിയത്. ഷലീലിന്റേയും മാതാപിതാക്കളുടെ മുഹമ്മദ്, ജമീല എന്നീ പേരുകള്‍ ചേര്‍ത്താണ് മാള പേര് നല്കിയതെങ്കിലും പിന്നീട് ഷലീല്‍ അതിനെ മാജിക്കല്‍ ജേര്‍ണി ഓഫ് സീന്‍സ് എന്നു മനോഹരമാക്കി.
ഒരു സിനിമാക്കാരന്‍
ഇതള്‍ എന്ന ആല്‍ബം സംവിധാനം ചെയ്ത് അഭിനയിച്ചാണ് ഷലീല്‍ രംഗത്തെത്തിയത്. ചിത്രീകരണത്തെ കുറിച്ച് ഒരുപിടിയുമില്ലാത്ത കാലത്ത് മാള അരവിന്ദന്റെ അഭിമുഖം നടത്തി ചിത്രീകരിച്ച് മനസാസ്മരാമി എന്ന പേരില്‍ ഡോക്യുമെന്ററിയാക്കി. മാളയുടെ ജീവിത കഥ പകര്‍ത്തുന്നതിനിടയില്‍ പരിചയപ്പെട്ട സിനിമാക്കാര്‍ വഴി ജീവന്‍ ടി വിയിലെ രൂപാന്തരം എന്ന സീരിയലില്‍ പ്രവര്‍ത്തിച്ചു. ദുബൈയിലെത്തിയതോടെ റിയാലിറ്റി ഓഫ് ദുബൈ എ ടു ഇസെഡ് ജീവന്‍ ടി വിക്കും ഗള്‍ഫ് സ്‌ക്രിപ്റ്റ് കൈരളിക്കും വേണ്ടി ചെയ്തു. നസ്‌റിയ നസീം, സുരാജ് വെഞ്ഞാറമ്മൂട്, ശില്‍പ ബാല തുടങ്ങിയവരൊക്കെ ഷലീലിന്റെ പരിപാടികളുടെ അവതാരകരായിരുന്നു.

ദുബൈക്കാലത്ത് മായാവിയുടെ അത്ഭുത ലോകം, ഒരു പെരുന്നാള്‍ രാവ്, തമ്പ്, മഹാബലി തമ്പുരാന്‍, മേഘങ്ങള്‍, തീരം തുടങ്ങിയ ടെലിഫിലിമുകള്‍ എം ജെ എസ് മീഡിയ ചെയ്തു.
ദുബൈയില്‍ ലാന്റ്‌സ്‌കേപ്പ് ഡിസൈനറായിരിക്കെ ജോലി മതിയാക്കി ഡോള്‍സ് എന്ന ആദ്യ സിനിമ ചെയ്യാന്‍ നാട്ടിലെത്തി. പിന്നീട് ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താളത്തിന്റെ പ്രൊജക്ടില്‍ ലാന്റ്‌സ്‌കേപ്പ് ഡിസൈനറായി.
അതിനു പിന്നാലെ രണ്ടാമത്തെ സിനിമ കാട്ടുമാക്കാന്‍ പൂര്‍ത്തിയാക്കി. മൂന്നാമത്തെ സിനിമ സാല്‍മണ്‍ ഏഴു ഭാഷകളിലായി ത്രിഡിയിലാണ് അദ്ദേഹം ഒരുക്കുന്നത്.
തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലാണ് സാല്‍മണ്‍ വരുന്നത്.
വിജയ് യേശുദാസ് നായകനായി വേഷമിട്ട സാല്‍മണിന്റെ അവസാനഘട്ട ഗ്രാഫിക്ക് പ്രവത്തനങ്ങളാണ് നടക്കുന്നത്. തിയേറ്ററുകള്‍ തുറന്നതോടെ വേഗത്തിലാക്കി ജനുവരിയോടെ റിലീസിനൊരുങ്ങുന്ന സാല്‍മണിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവരും.

