നിഴല്‍ വീഴും വഴികളില്‍ ഒഴുകിപ്പരക്കുന്ന ചോലകള്‍

Web Desk
3 Min Read

ഇരുളും വെളിച്ചവും ചേര്‍ത്തു വെച്ച ചിത്രങ്ങളിലേക്ക് പ്രകൃതിയില്‍ നിന്നുള്ള നിറങ്ങള്‍ ചാലിച്ചു ചേര്‍ക്കുന്നതാണ് സലീം റാസ എന്ന സലീം കാട്ടുചോലയുടെ വരകള്‍. അക്കാദമിക തലത്തിലുള്ള ‘വരയല്‍’ പാഠങ്ങളൊന്നും കൈവശമാക്കിയിട്ടില്ലെങ്കിലും നെഹ്‌റു ആര്‍ട്ട് ഫെസ്റ്റിവലില്‍ സംസ്ഥാന തലത്തില്‍ ചിത്രരചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് തൃശൂര്‍- പാലക്കാട് ജില്ലാ അതിര്‍ത്തി ഗ്രാമമായ ഒറ്റപ്പിലാവില്‍ നിന്നുള്ള സലീം റാസ.

city exchange

സലീം റാസയെ പരിചയപ്പെടുമ്പോള്‍ പേരില്‍ തുടങ്ങും കൗതുകം. മലയാളികള്‍ക്ക് അധികം പരിചയമൊന്നുമില്ലാത്ത പേരായ ‘റാസ’യാണ് ജാതിയും മതവുമില്ലാതെ ഉപയോഗിക്കുന്ന ‘സലീ’മിനോടൊപ്പമുള്ളത്. മനോഹരമായ വേറെ രണ്ടു പേരുകള്‍ കൂടി സലീം റാസ തന്നോടൊപ്പം ചേര്‍ത്തുവെക്കുന്നുണ്ട്. തീര്‍ത്തും ഗ്രാമീണവും അതിലേറെ പരിസ്ഥിതിയുമായി ഒട്ടിനില്‍ക്കുന്നതുമായ രണ്ടു പേരുകള്‍- നാട് ഒറ്റപ്പിലാവ്, വീട്ടുപേര് കാട്ടുചോലയില്‍! ചെറുപ്പം മുതല്‍ തന്നെ പരിസ്ഥിതി സ്‌നേഹം മനസ്സില്‍ ശക്തമാകാന്‍ ഒരുപക്ഷേ ഈ പേരുകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മനാലത്ത് വളപ്പില്‍ എന്ന തറവാട്ടു വീട്ടില്‍ നിന്നും സലീം റാസയുടെ പിതാവ് കാട്ടുചോലയില്‍ അബ്ദുല്ലക്കുട്ടിയുടെ പിതാവ് മുഹമ്മദിന്റെ പിതാവ് അബ്ദുല്ലയാണ് കാട്ടുചോലയില്‍ എന്ന മൂന്നുനില വീട് ഒന്നേമുക്കാല്‍ നൂറ്റാണ്ടു മുമ്പ് പണിതുയര്‍ത്തിയത്. വീടുപണിയുന്ന കാലത്തും പിന്നീടും അതുവഴി ഒരു കാട്ടുചോല ഒഴുകിയിരുന്നത്രേ. അതുകൊണ്ടുതന്നെ പിന്നീടെപ്പോഴോ ഇല്ലാതായിപ്പോയ ആ ചോലയുടെ ഓര്‍മയായി വീട്ടിനു പേര് കാട്ടുചോലയിലെന്നായി!

കാട്ടുചോലയില്‍ വീട് സലീം കാട്ടുചോലയിലിന്റെ വരയില്‍

ജനനം ഒറ്റപ്പിലാവിലാണെങ്കിലും സലീം റാസ ഇപ്പോള്‍ ജീവിക്കുന്നത് എറണാകുളം ജില്ലയിലെ ആലുവയ്ക്ക് സമീപം കമ്പനിപ്പടിയിലാണ്. വിദേശ രാജ്യങ്ങളിലെ തൊഴിലിന് ശേഷം ഇപ്പോള്‍ എച്ച് ഡി എഫ് സി ലൈഫ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു.

- Advertisement -
Ad image

സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ചിത്രരചന, കഥ, കവിതാ രചന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള സലീം കോളേജ് കാലഘട്ടത്തില്‍ തന്നെ സലീം കാട്ടുചോല എന്ന പേരില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങിയിരുന്നു. കലാകൗമുദി പ്രസിദ്ധീകരണമായ കഥ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ച ‘കനലുകള്‍’ ആയിരുന്നു ആദ്യകഥ.

സലീം കാട്ടുചോല

തുടര്‍ന്ന് ചന്ദ്രിക, മാധ്യമം, മലയാളം, വര്‍ത്തമാനം തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ കഥ, കവിത, ലേഖനങ്ങള്‍, യാത്രാ വിവരണങ്ങള്‍ തുടങ്ങി നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചു. അറബ് ന്യൂസ്, സൗദി ഗസറ്റ്, ഗ്ലോമാഗ് തുടങ്ങിയ ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരണങ്ങളിലും റൈറ്റേഴ്‌സ് സമാഹാരങ്ങളിലുമായി വിവിധ സാഹിത്യ സൃഷ്ടികളും ഇരുപത്തിഅഞ്ചോളം ഇംഗ്ലീഷ് കവിതകള്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലേയും കേരളത്തിലേയും നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പ്രതികരണം ഇംഗ്ലീഷ് കവിതകളിലൂടെയാണ് സലീം റാസ പ്രകടിപ്പിക്കാറുള്ളത്.

സൗദി അറേബ്യ, ലബനന്‍, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിച്ചപ്പോഴും വരയും വര്‍ണവും കഥയും കവിതയുമായിരുന്നു സലീം റാസയുടെ മനസ്സില്‍ മുഴുവനുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാവണം ഖലീല്‍ ജിബ്രാന്റെ ലെബനാനോട് സലീം റാസയ്ക്ക് പ്രണയം കൂടുതല്‍ തോന്നിയത്. എഴുതുകയും വരക്കുകയും തത്വചിന്തയില്‍ മുഴുകുകയും ചെയ്ത ജിബ്രാന്‍ രീതികള്‍ ഇദ്ദേഹത്തിലുമുണ്ട്. അതുകൊണ്ടാവണം കവിത തുളുമ്പുന്ന ലബനാനിനെ അത്രമേല്‍ സ്‌നേഹിക്കുന്നതും.

ഖത്തറില്‍ സ്വീറ്റ് ഫാക്ടറി റീജ്യണല്‍ മാനേജരായ സലീം റാസ ജോലിയുമായി ബന്ധപ്പെട്ടാണ് ലബനാനിലെത്തിയത്. ഇസ്താംബൂള്‍, ടക്‌സിം, സിസ്‌ലി, ദമസ്‌ക്കസ്, ദുബൈ, അബൂദാബി, കെയ്‌റോ, അലക്‌സാണ്‍ഡ്രിയ തുടങ്ങിയ നഗരങ്ങളെല്ലാം ഔദ്യോഗിക ആവശ്യാര്‍ഥം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

ഇതുവരെ പ്രദര്‍ശനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഓയില്‍, അക്രലിക്, വാട്ടര്‍കളര്‍ മാധ്യമങ്ങളില്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തയ്യാറായി നില്‍പ്പുണ്ട്. പ്രവാസി വര്‍ത്തമാനത്തില്‍ ദേവതാരുക്കള്‍ പൂക്കുന്നത്, മാധ്യമത്തില്‍ തീര്‍ഥാടനത്തിന്റെ നാട്ടില്‍ ഒരു സ്വപ്‌നതാഴ്‌വര എന്നീ യാത്രാ വിവരണങ്ങളും ഇംഗ്ലീഷ് കവിതകളും പുസ്തക രൂപത്തിലേക്ക് മാറ്റാനും അദ്ദേഹം തയ്യാറെടുത്തു നില്‍ക്കുകയാണ്.

മലയാളത്തില്‍ എഴുതുമ്പോള്‍ സലീം കാട്ടുചോല എന്ന പേര് ഉപയോഗിക്കുന്ന അദ്ദേഹം ഇംഗ്ലീഷില്‍ സലീം റാസ എന്നും വരകളില്‍ റാസ എന്നുമാണ് ചേര്‍ക്കാറുള്ളത്. അബ്ദുല്ലക്കുട്ടിയും ഫാത്തിമയുമാണ് മാതാപിതാക്കള്‍. സുരയ്യയാണ് അദ്ദേഹത്തിന്റെ ഭാര്യ. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സയാല്‍ റാസ, ഭാരത് മാതാ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ഹനാന്‍ റാസ എന്നിവരാണ് മക്കള്‍. ആലുവ മഹിളാലയം പബ്ലിക്ക് സ്‌കൂളില്‍ അധ്യാപികയായ ഫാത്തിമയാണ് മരുമകള്‍. ഒരു സഹോദരനും മൂന്നു സഹോദരിമാരുമാണ് അദ്ദേഹത്തിനുള്ളത്.

സാധാരണ എല്ലാവരും നടക്കുന്ന വഴികളിലൂടെയാണ് സലീം റാസയും നടക്കുന്നത്. പക്ഷേ, ആ വഴികളിലെ അസാധാരണത്വത്തിലാണ് അദ്ദേഹം ശ്രദ്ധിക്കാറുള്ളതെന്ന് മാത്രം. ഈ കാഴ്ചകളാണ് വരകളിലും വരികളിലുമായി അദ്ദേഹം സമൂഹത്തിന് സമര്‍പ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!