മുട്ടയിടല്‍ സീസണ് തുടക്കമായി; ഹോക്‌സ്ബില്‍ കടലാമകള്‍ കൂട്ടത്തോടെ ഖത്തറിന്റെ വടക്കന്‍ തീരങ്ങളിലെത്തും

Web Desk
1 Min Read

ദോഹ: പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഫുവൈരിത് ബീച്ചില്‍ കടലാമകളുടെ മുട്ടയിടല്‍ സീസണ്‍ ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബായിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

city exchange

ഖത്തറിലെ വന്യജീവികളെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഹോക്‌സ്ബില്‍ കടലാമകളാണ് ഫുവൈറിത് ബീച്ചില്‍ മുട്ടയിടാനെത്തുക.

ഖത്തര്‍ യൂണിവേഴ്‌സിറ്റി, ഖത്തര്‍ എനര്‍ജി, നിരവധി ദേശീയ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കിയ ദേശീയ പദ്ധതി മൂന്നാം ദശകത്തിലേക്കാണ് കടന്നത്. പതിനായിരക്കണക്കിന് കടലാമ കുഞ്ഞുങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വിടാന്‍ പദ്ധതിയിലൂടെ സാധിച്ചു. ഖത്തറിന്റെ സമുദ്രജീവിതത്തിന്റെ പുനഃസ്ഥാപനത്തിന് ഇത് ഗണ്യമായ സംഭാവനയാണ് നല്‍കുന്നത്.

മെച്ചപ്പെട്ട ഇന്‍കുബേഷന്‍ ടെക്‌നിക്കുകളും പ്രത്യേക ഗവേഷകരുടെ മേല്‍നോട്ടത്തിലുള്ള ഓണ്‍-സൈറ്റ് പരിചരണവും ഉള്‍പ്പെടെ പദ്ധതിയിലെ സമീപകാല പുരോഗതികള്‍ വിരിഞ്ഞ കുഞ്ഞുങ്ങളുടെ ഉയര്‍ന്ന അതിജീവന നിരക്കിന് കാരണമാകുന്നുണ്ട്.

- Advertisement -
Ad image

മുട്ടയിടല്‍ സീസണില്‍ ഫുവൈരിതിന് പുറമേ റാസ് ലഫാന്‍, അല്‍ ഗാരിയ, അല്‍ ഹുവൈല ബീച്ചുകളിലും ഉമ്മു തൈസ്, റാസ് റാകാന്‍, ഷുറാഅവ, ഹാലുല്‍ തുടങ്ങിയ ദ്വീപുകളിലും ഹോക്‌സ്ബില്‍ കടലാമകള്‍ വര്‍ഷം തോറും എത്താറുണ്ട്.

ഏപ്രില്‍ ആദ്യം മുതല്‍ ജൂണ്‍ അവസാനം വരെയാണ് മുട്ടയിടല്‍ കാലം. മുട്ടയിട്ട് ഏകദേശം രണ്ട് മാസത്തിന് ശേഷം കുഞ്ഞുങ്ങള്‍ പുറത്തുവരും. 2003ലാണ് ഖത്തറില്‍ ഹോക്‌സ്ബില്‍ കടലാമ സംരക്ഷണ പദ്ധതി ആരംഭിച്ചത്.

Share This Article
Leave a Comment
error: Content is protected !!