Connect with us

Special

സ്വാതന്ത്ര്യത്തിന്ന് വേണ്ടി പട പൊരുതിയ ധീര യോദ്ധാക്കളുടെ ദീപ്ത സ്മരണക്കു മുന്‍പില്‍

Published

on


മതസൗഹാര്‍ദ്ദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും വീരഗാഥകള്‍ രചിച്ച രാമന്തളിയിലെ 17 രക്തസാക്ഷികളുടെ ദീപ്ത സ്മരണയുമായി ഒരാഴ്ച നീണ്ടുനിന്ന ഉറൂസിന്റെയും അതോടൊപ്പം നടത്തുന്ന ദിഖ്ര്‍ സ്വലാത്തിന്റെയും പരിസമാപ്തി കുറിക്കുകയാണ് ഞായറാഴ്ച.

ഏഴിമലയുടെ വടക്കേ താഴ്‌വരയില്‍ പതിനാറാം നൂറ്റാണ്ടില്‍ താവളമടിച്ച പോര്‍ച്ചുഗീസുകാര്‍ അവിടെ താമസിച്ചിരുന്ന മുസ്‌ലിം കുടുംബങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയമായ മസ്ജിദുകള്‍ക്കെതിരെയും അക്രമങ്ങള്‍ അഴിച്ചുവിടുകയുണ്ടായി. ഇതിനെതിരെ ചെറുത്ത് നിന്ന് ശഹീദായ യോദ്ധാക്കളുടെ ദീപ്ത സ്മമരനയിലാണ് രാമന്തളി 17 ശുഹദാക്കള്‍ ചരിത്രത്തില്‍ മഹത്തായ സ്ഥാനം പിടിച്ചത്.

സംഘടിതരായി ചെറുത്ത് നില്‍പ്പ് ആരംഭിച്ച മുസ്‌ലിം യുവാക്കള്‍ പറങ്കികള്‍ എന്നു വിളിച്ചു വരുന്ന പോര്‍ച്ചുഗീസുകാരെ എതിരിട്ടുവെങ്കിലും സേനാബലവും ആയുധശക്തിയും കൂടുതലുണ്ടായിരുന്ന ശത്രുക്കള്‍ക്ക് മുന്നില്‍ 17 പേര്‍ മാത്രമുണ്ടായിരുന്ന മുസ്‌ലിം സംഘത്തിന് രക്തസാക്ഷിത്വം വരിച്ച് ചരിത്രത്തിന്റെ ഭാഗമായി തീരേണ്ടി വന്നു.

പടനായകനായ ഹസ്രത്ത് പോക്കര്‍ മൂപ്പര്‍, പരി, ഖലന്തര്‍, പരി, കുഞ്ഞിപ്പരി, കമ്പര്‍, അബൂബക്കര്‍, അഹമദ്, ബാക്കിരിഹസന്‍, ചെറിക്കാക്ക എന്നീ 10 ശുഹദാക്കളുടെ പേരുകള്‍ മാത്രമേ ഇപ്പോള്‍ അറിയപ്പെടുന്നുള്ളൂ. ഏഴു ശുഹദാക്കളുടെ പേരുകള്‍ പില്‍ക്കാലത്ത് വിസ്മൃതിയിലായി.

പടത്തലവനായത് കൊണ്ടായിരിക്കാം ഹസ്രത്ത് പോക്കര്‍ക്ക് മൂപ്പര്‍ എന്ന സ്ഥാനപ്പേര് വന്നതെന്ന് കരുതപ്പെടുന്നു. ഈ മഹാന്മാരായ 17 ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയാണ് രാമന്തളി ജുമാ മസ്ജിദിന് മുന്നില്‍ സ്ഥിതി ചെയ്യുന്നത്. രാമന്തളിയില്‍ ജനിച്ചുവളര്‍ന്ന ഇവരുടെ കുടുംബ പരമ്പരയില്‍പ്പെട്ടവരാണ് ഇന്നത്തെ രാമന്തളി നിവാസികളില്‍ ഭൂരിഭാഗവും. രാമന്തളിയിലെ മുസ്ലിം തറവാടുകളില്‍ ഒന്നാം തറവാട് എന്ന് ഇപ്പോഴും അറിയപ്പെടുന്ന കുട്ട്വന്‍ പീടിക തറവാട്ടിലെ അംഗമായിരുന്നു പടനായകനായ പോക്കര്‍ മൂപ്പര്‍. ശുഹദാക്കളുടെ ഭൗതികശരീരങ്ങള്‍ കണ്ടെത്തിയ കിണറ്റില്‍ നിന്നും പ്രവഹിച്ച പ്രകാശത്തിന്റെ വിവരം അറിയിച്ച ഹിന്ദുസമുദായത്തില്‍പ്പെട്ട ചെത്തുകാരനായ യുവാവിന്റെ കുടുംബപരമ്പരയില്‍പ്പെട്ടവര്‍ ഇപ്പോഴും രാമന്തളി വടക്കുമ്പാട് പ്രദേശത്ത് താമസിക്കുന്നുണ്ട്.

Advertisement

ധീരോജ്ജ്വലമായ പോരാട്ടത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ 17 ശുഹദാക്കളുടെ കുടുംബങ്ങള്‍: 1- കുട്ട്വന്‍ പീടിക, 2- കൊവ്വപ്പുറം, 3- മോണങ്ങാട്ട്, 4- മുണ്ടക്കാല്‍, 5- പൊന്നിച്ചി, 6- ഉള്ളിവലിയകത്ത്, 7- തളിക്കാരന്‍, 8- മൗവളപ്പില്‍, 9- കളത്തിലെ പുര, 10- തായത്ത്, 11- കരപ്പാത്ത്, 12- പറമ്പന്‍ എന്നീ ഇപ്പോഴുമുള്ള തറവാടുകളില്‍ ഉള്‍പ്പെടുന്നവരാണ്. പടനായകന്‍ പോക്കര്‍ മൂപ്പരുടെ തറവാട് കുട്ട്വന്‍ പീടികയാണ്. മറ്റു ശുഹദാക്കളുടെ തറവാടുകള്‍ മേല്‍പ്പറഞ്ഞവയില്‍ പെടുന്നു.

കുട്ട്വന്‍ പീടിക ഒന്നാം തറവാടായും കൊവ്വപ്പുറം രണ്ടാം തറവാടായും മോണങ്ങാട്ട് മൂന്നാം തറവാടായും മുണ്ടക്കാല്‍ നാലാം തറവാടായുമാണ് പരമ്പരാഗതമായി അറിയപ്പെട്ടിരുന്നത്. പോക്കര്‍ മൂപ്പരൊഴികെയുള്ള ശുഹദാക്കളില്‍ ആരെല്ലാം ഏതെല്ലാം തറവാടുകളില്‍ ഉള്‍പ്പെട്ടവരാണെന്ന തിരിച്ചറിവ് പില്‍ക്കാലത്ത് ഇല്ലാതായി. ചില തറവാടുകളില്‍ നിന്ന് രണ്ടു പേര്‍ വീതം യുദ്ധത്തില്‍ പങ്കെടുത്തതായും പറയപ്പെടുന്നുണ്ട്.

വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന ശ്രീകുറുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷാന്തരം നടത്തി വരുന്ന ഉത്സവങ്ങളും ഉറൂസും ഒരിക്കലും ഒരെ സമയത്താ വാതിരിക്കാന്‍ സംഘാടകര്‍ പൗരാണികമായി ശ്രദ്ധിച്ചു വരുന്നത് മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമാകമാണ്.
കേരളത്തിലെ മാത്രമല്ല അന്യ സംസ്ഥാനത്തുള്ള മന്ത്രിമാര്‍, എം പിമാര്‍, നിയമ സാമാജികമാര്‍ ചരിത്ര ഗവേഷകന്മാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മഖാം സന്ദര്‍ശിക്കാറുണ്ട്.

കക്കുളത്ത് അബ്ദുല്‍ ഖാദര്‍

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


error: Content is protected !!