
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്) ലേഡീസ് വിംഗ് സംഘടിപ്പിക്കുന്ന ‘വിമന്സ് കണക്ട് 2026’ ഒക്ടോബര് 16 വെള്ളിയാഴ്ച്ച 12.30 മുതല് തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില് സംഘടിപ്പിക്കുന്നു.

ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസി വനിതകളെ ഒരുമിച്ചുചേര്ക്കുക, പരസ്പരം പരിചയപ്പെടാനും ആശയങ്ങള് പങ്കുവെക്കാനും അവസരമൊരുക്കുക, വനിതകളുടെ കഴിവുകളും നേതൃത്വപാടവവും വികസിപ്പിക്കുക എന്നിവയാണ് ലേഡീസ് വിംഗിന്റെ പ്രധാന ലക്ഷ്യങ്ങള്. കല, കായികം, വിദ്യാഭ്യാസം, തൊഴില്നൈപുണ്യ വികസനം, പരിശീലനം തുടങ്ങിയ വിവിധ മേഖലകളില് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകള്ക്ക് അനുയോജ്യമായ വേദികള് ഒരുക്കുകയും ചെയ്യുന്നതിലും വിംഗ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വിമന്സ് കണക്ട് 2026-ന്റെ ഭാഗമായി സ്തനാര്ബുദ ബോധവല്ക്കരണ പരിപാടി ഉള്പ്പെടെ വനിതകളുടെ ആരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള് സംഘടിപ്പിക്കും. കൂടാതെ, ലേഡീസ് വിംഗിന്റെ പുതിയ കമ്മിറ്റി രൂപീകരണവും ഇതോടനുബന്ധിച്ച് നടക്കും. വനിതകള്ക്കും കുട്ടികള്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കലാ- വിനോദ പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്രവാസജീവിതത്തിലെ തിരക്കുകള്ക്കിടയില് സ്ത്രീകള്ക്ക് പരസ്പരം ബന്ധപ്പെടാനും സൗഹൃദങ്ങള് ശക്തിപ്പെടുത്താനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനും സ്വന്തം കഴിവുകള് തിരിച്ചറിയാനും സഹായിക്കുന്ന വേദിയായി വിമന്സ് കണക്ട് മാറുമെന്ന് സംഘാടകര് പ്രതീക്ഷിക്കുന്നു. വനിതകളുടെ സാമൂഹിക പങ്കാളിത്തം വര്ധിപ്പിക്കുകയും അവരുടെ കഴിവുകള്ക്കും സര്ഗാത്മകതയ്ക്കും കൂടുതല് അവസരങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ വിശാലമായ ലക്ഷ്യം.
ഖത്തറിലുള്ള മലപ്പുറം ജില്ലക്കാരായ എല്ലാ വനിതകളെയും പരിപാടിയിലേക്ക് സംഘാടകര് സ്വാഗതം ചെയ്തു. പരിപാടിയില് പങ്കെടുക്കുന്നതിനും കൂടുതല് വിവരങ്ങള് അറിയുന്നതിനും 33249148, 66831421, 33324499 എന്നീ പറയുന്ന നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.

