
ദോഹ: സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെയും ഗള്ഫ് മേഖലയുടെയും കൂട്ടായ സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഖത്തര് മന്ത്രിസഭ. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂതി വിഭാഗം ആവര്ത്തിച്ചുനടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച മന്ത്രിസഭ, സൗദിയുടെ പരമാധികാരത്തിനും പ്രാദേശിക സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണിതെന്ന് വ്യക്തമാക്കി. സൗദി അറേബ്യയോടുള്ള ഖത്തറിന്റെ പൂര്ണ ഐക്യദാര്ഢ്യവും മന്ത്രിസഭ ആവര്ത്തിച്ചു.

അതേസമയം, കുട്ടികളുടെ അവകാശസംരക്ഷണം, ഡിജിറ്റല് സുരക്ഷ, റേഡിയേഷന് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കരട് നിയമങ്ങള്ക്കും നിര്ദേശങ്ങള്ക്കും മന്ത്രിസഭ അംഗീകാരം നല്കി. അമീര് ശൈഖ് തമീം ബിന് ഹമദ് അല്താനി ശൂറാ കൗണ്സിലിന്റെ പുതിയ നിയമസഭാ സമ്മേളന ഉദ്ഘാടനത്തില് നടത്തിയ പ്രസംഗം അടുത്ത ഘട്ടത്തിലെ സര്ക്കാര് പ്രവര്ത്തനങ്ങള്ക്ക് മാര്ഗരേഖയാക്കാനും മന്ത്രാലയങ്ങള്ക്കും സ്ഥാപനങ്ങള്ക്കും നിര്ദേശം നല്കി.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് അബ്ദുറഹ്മാന് ബിന് ജാസിം അല്താനിയുടെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങള്. യോഗത്തിനുശേഷം നീതിന്യായ മന്ത്രിയും മന്ത്രിസഭാകാര്യ സഹമന്ത്രിയുമായ ഇബ്രാഹിം അല് മുഹന്നദി തീരുമാനങ്ങള് വിശദീകരിച്ചു.
കഴിഞ്ഞ മാസങ്ങളില് ഖത്തര് നേരിട്ട വെല്ലുവിളികള്, രാജ്യത്തിന്റെ പ്രതിരോധശേഷി, സ്ഥാപനങ്ങളുടെ മുന്നൊരുക്കങ്ങള്, ദേശീയ വികസനത്തിന്റെ അടുത്ത ഘട്ടത്തിലെ മുന്ഗണനകള് എന്നിവ അമീറിന്റെ പ്രസംഗത്തില് വിശദീകരിച്ചതായി മന്ത്രിസഭ വിലയിരുത്തി. സാമ്പത്തിക വൈവിധ്യവത്ക്കരണം, കാര്യക്ഷമമായ സര്ക്കാര് സംവിധാനങ്ങള്, സാമൂഹിക ഐക്യം എന്നിവയുടെ പ്രാധാന്യവും പ്രസംഗം ഉയര്ത്തിക്കാട്ടി. പൊതുസേവനത്തോടുള്ള പ്രതിബദ്ധത വര്ധിപ്പിക്കുക, പൊതുമുതല് സംരക്ഷിക്കുക, ദേശീയ താത്പര്യങ്ങള്ക്ക് മുന്ഗണന നല്കുക എന്നിവയുടെ ആവശ്യകതയും അമീര് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രാദേശിക, ആഗോള തലങ്ങളില് അമീര് പിന്തുടരുന്ന വിവേകപൂര്ണമായ നയങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രസംഗത്തിലെ ലക്ഷ്യങ്ങള് നടപ്പാക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും തയ്യാറാക്കാന് മന്ത്രിമാര്ക്ക് നിര്ദേശം നല്കുകയും ചെയ്തു.
ഗള്ഫ് രാജ്യങ്ങളുമായുള്ള സഹകരണം, ഫലസ്തീന് വിഷയത്തിനുള്ള പിന്തുണ, പ്രാദേശിക പ്രതിസന്ധികള്ക്ക് സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്ഗങ്ങളിലൂടെയും പരിഹാരം കണ്ടെത്തല് എന്നിവയുള്പ്പെടെയുള്ള വിദേശനയ മുന്ഗണനകളും മന്ത്രിസഭ ആവര്ത്തിച്ചുറപ്പിച്ചു. ശൂറാ കൗണ്സിലും എക്സിക്യൂട്ടീവ് വിഭാഗവും തമ്മിലുള്ള സഹകരണത്തെ പ്രശംസിച്ച മന്ത്രിസഭ, സ്വകാര്യ മേഖലയെ പിന്തുണയ്ക്കുകയും ഖത്തറിന്റെ നിക്ഷേപാന്തരീക്ഷം ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിയമനിര്മാണങ്ങളുടെ പ്രാധാന്യവും എടുത്തുപറഞ്ഞു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂതി വിഭാഗം ആവര്ത്തിച്ചുനടത്തിയ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനവും പ്രാദേശിക സുരക്ഷയ്ക്കും സാധാരണക്കാര്ക്കും സിവില് വ്യോമഗതാഗതത്തിനും നേരെയുള്ള നേരിട്ടുള്ള ഭീഷണിയുമാണിതെന്ന് മന്ത്രിസഭ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഭൂപ്രദേശത്തിന്റെ അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികള്ക്ക് ഖത്തറിന്റെ പൂര്ണ പിന്തുണയും മന്ത്രിസഭ അറിയിച്ചു. സൗദിയുടെ സുരക്ഷ ഖത്തറിന്റെ സുരക്ഷയില്നിന്നും ഗള്ഫ് സഹകരണ കൗണ്സിലിലെ രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയില്നിന്നും വേര്തിരിക്കാനാവില്ലെന്നും പ്രസ്താവിച്ചു.
കുട്ടികളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്കി. സാമൂഹിക വികസന- കുടുംബ മന്ത്രാലയം 2025- 2030 തന്ത്രത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരട് നിയമം കുട്ടികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി സമഗ്രമായ നിയമചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷത്തില് കുട്ടികള് വളരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ഇതില് ഉള്പ്പെടും.
പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും സ്വീകരിക്കുന്നതിനായി കരട് നിയമം ഖത്തറിന്റെ അല് മീസാന് നിയമ പോര്ട്ടലിലും ഷാരെക് പ്ലാറ്റ്ഫോമിലും പത്തുദിവസത്തേക്ക് പ്രസിദ്ധീകരിക്കും. തുടര്ന്ന് നിയമനിര്മാണ നടപടികളുടെ ഭാഗമായി കരട് പരിശോധിക്കും.
കുട്ടികളുടെ ഡിജിറ്റല് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മറ്റൊരു കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്കി. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ ജനറല് സെക്രട്ടേറിയറ്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്ദേശം. ഖത്തറിലെ കുട്ടികളുടെയും യുവാക്കളുടെയും ഡിജിറ്റല് സുരക്ഷ സംബന്ധിച്ച പ്രത്യേക പഠനത്തിന്റെ അടിസ്ഥാനത്തില് തുടര്നടപടികള് സ്വീകരിക്കാന് സാമൂഹിക വികസന- കുടുംബ മന്ത്രാലയത്തെയും ചുമതലപ്പെടുത്തി.
റേഡിയേഷന് സുരക്ഷയ്ക്ക് പുതിയ ചട്ടങ്ങള്
ന്യൂക്ലിയര് ഗേജുകള്, കിണര് ലോഗിങ് തുടങ്ങിയ റേഡിയേഷന് അധിഷ്ഠിത പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്നതിനുള്ള ചട്ടാവലിക്ക് പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്കി.
ഖത്തര് എനര്ജിയുമായി സഹകരിച്ച് തയ്യാറാക്കിയ നിര്ദേശങ്ങള് റേഡിയോ ആക്ടീവ് സ്രോതസ്സുകളുടെ കൈവശംവെക്കല്, ഉപയോഗം, ഗതാഗതം, സംഭരണം എന്നിവയ്ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള് നിശ്ചയിക്കുന്നതിനാണ്. അന്താരാഷ്ട്ര ആണവോര്ജ ഏജന്സി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്ക്കനുസൃതമായിരിക്കും ചട്ടങ്ങള്.
റേഡിയേഷന് സമ്പര്ക്കത്തില്നിന്ന് തൊഴിലാളികളെയും പൊതുജനങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും നിയന്ത്രണ സംവിധാനങ്ങള് ശക്തിപ്പെടുത്തുന്നതിനുമാണ് നടപടി. നിയമനിര്മാണ നടപടികള്ക്ക് മുമ്പായി കരട് ഏഴുദിവസത്തേക്ക് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിക്കും.
ഖത്തര്- അര്മേനിയ, ഖത്തര്- ബഹ്റൈന് സഹകരണത്തിന് അംഗീകാരം
ഖത്തറിലെയും അര്മേനിയയിലെയും നീതിന്യായ മന്ത്രാലയങ്ങള് തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രത്തിനും ഖത്തറും ബഹ്റൈനും തമ്മിലുള്ള ഗതാഗത, അനുബന്ധ ലോജിസ്റ്റിക് സേവനങ്ങളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്കി.
സര്ക്കാര് സേവനങ്ങളുടെ ഫീസ്, സിവില് വ്യോമയാന സുരക്ഷ, നോര്ത്ത് മാസിഡോണിയയുമായുള്ള തൊഴില് സഹകരണം, ജി സി സി രാജ്യങ്ങള്ക്കിടയിലെ കാര്ഷിക സഹകരണം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്ട്ടുകളും യോഗം പരിഗണിച്ചു.

