Connect with us

Business

ബിസിനസുകാര്‍ക്കായി ഒക്ടോബര്‍ 8ന് കോഴിക്കോട്ട് ശില്‍പ്പശാല

Published

on


കോഴിക്കോട്: ബിസിനസിലേക്ക് ഫണ്ട് കൊണ്ടുവരാനും വളര്‍ത്താനുമുള്ള പ്രായോഗിക വഴികള്‍ വിശദീകരിക്കുന്ന ഏകദിന ശില്‍പ്പശാല ഒക്ടോബര്‍ എട്ട് ചൊവ്വാഴ്ച കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കും. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ നടത്തുന്ന എംഎസ്എംഇ സമിറ്റില്‍ ബിസിനസുകളെ അടുത്തതലത്തിലേക്ക് വളര്‍ത്താനുള്ള തന്ത്രങ്ങള്‍ വിവിധ മേഖലകളിലെ പത്തിലേറെ വിദഗ്ധര്‍ വിശദീകരിക്കും.

രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന ശില്‍പ്പശാലയില്‍ കെ എസ് ഐ ഡി സി ചെയര്‍പേഴ്‌സണ്‍ സി ബാലഗോപാല്‍ മുഖ്യാതിഥിയാകും. ജ്യോതി ലാബ്‌സ് മുന്‍ ജോയിന്റ് എം ഡിയും ഫിക്കി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനും യു കെ ആന്‍ഡ് കോ സ്ഥാപകനുമായ ഉല്ലാസ് കമ്മത്ത് മുഖ്യപ്രഭാഷണം നടത്തും.

തലമുറകളോളം കെട്ടുറപ്പോടെ നിലനില്‍ക്കുന്ന കുടുംബ ബിസിനസുകള്‍ കെട്ടിപ്പടുക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍ സെഷനാണ് സമിറ്റിലെ പ്രധാന ആകര്‍ഷണം. ഉല്ലാസ് കമ്മത്ത് നയിക്കുന്ന ചര്‍ച്ചയില്‍ ഇവോള്‍വ് ബാക്ക് റിസോര്‍ട്ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജയലക്ഷ്മി സില്‍ക്ക്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സുജിത് കമ്മത്ത്, എളനാട് മില്‍ക്ക് സ്ഥാപകനും എം ഡിയുമായ സജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

വിദേശ രാജ്യങ്ങളില്‍ എങ്ങനെ ബിസിനസ് നടത്താം എന്ന വിഷയത്തില്‍ എബിസി ഗ്രൂപ്പ് സ്ഥാപകനും എം ഡിയുമായ മുഹമ്മദ് മദനി, ബിസിനസില്‍ പുതിയ കാര്യങ്ങള്‍ എങ്ങനെ കൊണ്ടുവരാം എന്ന വിഷയത്തില്‍ ബാംഗ്ലൂരിലെ ഇന്നൊവേഷന്‍ ബൈ ഡിസൈന്‍ സ്ഥാപകനും ചീഫ് ഇന്നൊവേറ്ററുമായ ഡോ. സുധീന്ദ്ര കൗശിക് എന്നിവരും സംസാരിക്കും.

കേരളത്തില്‍ നിന്ന് ലോകോത്തര കമ്പനി കെട്ടിപ്പടുത്ത ഡെന്റ്‌കെയര്‍ സ്ഥാപകനും എം ഡിയുമായ ജോണ്‍ കുര്യാക്കോസ് തന്റെ സംരംഭക യാത്ര പങ്കുവെയ്ക്കും. ഒരു ബിസിനസിന്റെ വിവിധ ഘട്ടങ്ങളില്‍ ഫിനാന്‍സ് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വര്‍മ ആന്‍ഡ് വര്‍മയുടെ ജോയിന്റ് മാനേജിംഗ് പാര്‍ട്ണറും സാമ്പത്തിക വിദഗ്ധനുമായ വി സത്യനാരായണന്‍ വിശദീകരിക്കും. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്നതിനെക്കുറിച്ച് ആഷിഖ് ആന്‍ഡ് അസോസിയേറ്റ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി എസ് ആഷിഖ് എ എം സംസാരിക്കും.

മുത്തൂറ്റ് ഫിന്‍കോര്‍പ് ബിസിനസ് ഡെവലപ്‌മെന്റ് ചാനല്‍ മേധാവി റോയ്‌സണ്‍ ഫ്രാന്‍സിസും ചടങ്ങില്‍ സംസാരിക്കും. 300 പേര്‍ക്കു മാത്രമാകും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: റിനി 90725 70055, അനൂപ് 90725 70065.


error: Content is protected !!