

ദോഹ: ഈണം ദോഹയുടെ നേതൃത്വത്തില്‍ 16ന് വൈകിട്ട് ആറിന് ഐ സി സി അശോകാ ഹാളില്‍ യുംനാസ് മ്യൂസിക്കല്‍ ഈവ് അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗസല്‍, സൂഫി, ഖവാലി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗായിക യുംന അജിന്‍ വേദിയിലെത്തുക.

ചെറുപ്പം മുതല്‍ ഈണം ദോഹയുടെ വേദിയില്‍ പാടിയിരുന്ന യുംന വര്‍ഷങ്ങള്‍ക്കിപ്പുറം പ്രശസ്തയായി വീണ്ടും ഈണത്തിന്റെ വേദിയിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്.

സംഗീതത്തിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യവുമായാണ് ദോഹയിലെ സംഗീത രംഗത്ത് പതിറ്റാണ്ടിന്റെ മികവുമായി നക്ഷത്ര തിളക്കത്തോടെ സംഗീത കൂട്ടായ്മയായ ഈണം ദോഹ പ്രവര്‍ത്തിക്കുന്നത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് നിത്യാ മാമന്‍ ഉള്‍പ്പെടെ നിരവധി പ്രതിഭകളുടെ വളര്‍ച്ചയില്‍ ഭാഗമാകാന്‍ സാധിച്ച സംഗീത കൂട്ടായ്മയാണ് ഈണം ദോഹ.
ഒന്നര പതിറ്റാണ്ടിനിടയില്‍ ജീവകാരുണ്യ രംഗത്ത് നിരവധി കാര്യങ്ങള്‍ നിര്‍വഹിച്ച ഈണം ദോഹ നാട്ടില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷം സംഗീതനിശ സംഘടിപ്പിച്ചിട്ടുണ്ട്. മുക്കത്തെ അന്ധന്മാര്‍ മാത്രം താമസിക്കുന്ന കേന്ദ്രത്തിലും തണല്‍ വടകരയിലും നിയാര്‍ക്ക് നെസ്റ്റ് കൊയിലാണ്ടിയിലും അഭയം പൂക്കാടിലും നരിക്കുനി അത്താണിയിലും നിരവധി സംഗീത പരിപാടികള്‍ ഈണം ദോഹ സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ദോഹയിലെ കാന്‍സര്‍ വാര്‍ഡിലെ രോഗികളുടെ മാനസികോല്ലാസത്തിനും ഈണം ദോഹ മുന്നിട്ടിറങ്ങിയിരുന്നു.
കോവിഡ് സൃഷ്ടിച്ച ഇടവേളക്കു ശേഷം യുംനയുടെ വ്യത്യസ്ത പരിപാടിയുമായാണ് ഈണം ദോഹ രംഗത്തെത്തുന്നത്. യുംനാസ് മ്യൂസിക്കല്‍ ഈവിലേക്കുള്ള പ്രവേശനം പാസ് മൂലമായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഈണം ദോഹ പ്രസിഡന്റ് ഫരീദ് തിക്കോടി, ജനറല്‍ സെക്രട്ടറി മുസ്തഫ എം വി, പി ആര്‍ ഒ ഫൈസല്‍ മൂസ, അല്‍ ഏബ്ള്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അസ്‌ക്കര്‍, സഹറ ഹെല്‍ത്ത് ബ്യൂട്ടി സലൂണ്‍ എം ഡി ബിജുമോന്‍ അക്ബര്‍, 98.6 എഫ് എം റേഡിയോ മാര്‍ക്കറ്റിംഗ് ഹെഡ് നൗഫല്‍, ശരത് സി നായര്‍ എന്നിവരോടൊപ്പം ഗായിക യുംന അജിനും പങ്കെടുത്തു.

