
ഗാസ: കഴിഞ്ഞ 22 മാസത്തിനിടെ ഗാസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് കുറഞ്ഞത് 192 മാധ്യമ പ്രവര്‍ത്തകരെയെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് (സി പി ജെ). ആധുനിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ രാജ്യമായി ഇസ്രായേല്‍ മാറി.

ഇന്നുച്ചയ്ക്ക് ഗാസയില്‍ നാസര്‍ ആശുപത്രിക്ക് നേരെ നടത്തിയ ഇരട്ട ആക്രമണത്തില്‍ നാല് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതാണ് ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഹൊസം അല്‍ മസ്‌റി, അല്‍ ജസീറയിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് മുഹമ്മദ് സലാമ, ദി ഇന്‍ഡിപെന്റന്റ് അറബിക്, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തക മറിയം അബു ദഖ, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് മോസ് അബു താഹ എന്നിവരാണ് തിങ്കളാഴ്ച ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യ- യുക്രെയന്‍ യുദ്ധത്തില്‍ ആകെ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 18 ആണ്. എന്നാല്‍ അതിനേക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇസ്രായേല്‍ 11 ഇരട്ടിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.
അപൂര്‍വ്വമായ ഗൈഡഡ് ടൂറുകള്‍ ഒഴികെ ഗാസയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ആഗോള വാര്‍ത്ത കവറേജിന് ഫലസ്തീനിലെ റിപ്പോര്‍ട്ടര്‍മാരേയും പ്രദേശവാസികളേയുമാണ് ആശ്രയിക്കേണ്ടി വരുന്നത്. അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിഷേധം ഏര്‍പ്പെടുത്തിയതിനോടൊപ്പം പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്ന ഇരട്ട ഗെയിമാണ് ഇസ്രായേല്‍ നടത്തുന്നത്.
ഭീരുക്കളായ ഇസ്രായേല്‍ സത്യം ലോകത്തെ അറിയിക്കുന്നത് തടയാന്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കുകയാണെന്നും യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവും ഗാസയിലെ ഫലസ്തീന്‍ ജനതയുടെ ജീവിത സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

