Connect with us

Featured

രണ്ട് വര്‍ഷത്തിനിടെ റോഡപകട മരണങ്ങളില്‍ 32 ശതമാനം കുറവ്

Published

on


ദോഹ: റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണത്തിന് ഇടയാക്കന്ന ഗുരുതര റോഡപകടങ്ങളില്‍ 32 ശതമാനം കുറവ്.
ദേശീയ ആസൂത്രണ കൗണ്‍സിലിന്റെ ഡാറ്റ കാണിക്കുന്നത് ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ മൊത്തം 52 പേരാണ് റോഡപകടങ്ങളില്‍ മരിച്ചതെന്നാണ്. 2022ല്‍ ഇതേ കാലയളവില്‍ 77 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണങ്ങളില്‍ 32.4 ശതമാനം കുറവാണിത്.

വേഗപരിധിയും സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗവും മാത്രമല്ല, ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബോധവല്‍ക്കരണം നടത്താനും ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് റോഡ് സുരക്ഷ മെച്ചപ്പെടുന്നത്. ആധുനികവും അത്യാധുനികവുമായ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതും വാഹന ഫിറ്റ്‌നസ് ഉറപ്പാക്കുന്ന വാര്‍ഷിക പരിശോധനാ സംവിധാനവും മെച്ചപ്പെട്ട റോഡ് സുരക്ഷാ സൂചകങ്ങള്‍ക്ക് കാരണമായി.

കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ആകെ 3,163 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ കേസുകളില്‍ ഭൂരിഭാഗവും നിസ്സാര സ്വഭാവമുള്ളവയാണ്. വലിയ അപകടങ്ങള്‍ 172 എണ്ണം മാത്രമാണുണ്ടായത്. ജനുവരിയില്‍ 843 അപകടങ്ങളും ഫെബ്രുവരിയില്‍ 754 അപകടങ്ങളും മാര്‍ച്ചിലും ഏപ്രിലിലും യഥാക്രമം 804, 762 അപകട കേസുകളും രജിസ്റ്റര്‍ ചെയ്തു. ആകെ 52 മരണങ്ങളില്‍ ജനുവരിയില്‍ 17, ഫെബ്രുവരിയില്‍ 12, മാര്‍ച്ചില്‍ 13, ഏപ്രിലില്‍ 10 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 3,041 റോഡപകടങ്ങള്‍ ഉണ്ടായതില്‍ 58 പേരാണ് മരിച്ചത്. ആകെയുള്ളവയില്‍ 179 എണ്ണം വലിയ അപകടങ്ങളും ബാക്കിയുള്ളവ ചെറിയ അപകടങ്ങളുമാണ്. 2023 ജനുവരിയില്‍ 788 അപകടങ്ങള്‍ ഉണ്ടായി. 2023 ഫെബ്രുവരിയില്‍ 668 അപകടങ്ങള്‍ രേഖപ്പെടുത്തി. യഥാക്രമം 806, 779 എന്നിവ 2023 മാര്‍ച്ചിലും ഏപ്രിലിലും രേഖപ്പെടുത്തി. ദേശീയ ആസൂത്രണ കൗണ്‍സിലിന്റെ കണക്കനുസരിച്ച് 2022 ജനുവരി- ഏപ്രില്‍ കാലയളവില്‍ മൊത്തം 2,904 റോഡപകടങ്ങള്‍ ഉണ്ടായതില്‍ 77 പേര്‍ മരിച്ചു.

റോഡ് സുരക്ഷാ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍, രാജ്യത്തുടനീളമുള്ള റോഡുകളിലും കവലകളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലൂടെ ട്രാഫിക് പോലീസ് സീറ്റ് ബെല്‍റ്റിന്റെയും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെയും ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി.


error: Content is protected !!