

ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികം ഖത്തര്‍ ഇന്ത്യന്‍ എംബസി ആഘോഷിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ദേശീയ പതാക ഉയര്‍ത്തി.

250ലേറെ ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ ദേശീയഗാനം ആലപിച്ചാണ് പരിപാടിക്ക് തുടക്കമായത്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന്റെ ചില ഭാഗങ്ങള്‍ അംബാസഡര്‍ വായിച്ചു.


ഇന്ത്യ- ഖത്തര്‍ ബന്ധങ്ങളെക്കുറിച്ചും ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാംസ്‌കാരിക ബന്ധങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉന്നതതല സന്ദര്‍ശനങ്ങള്‍, ബിസിനസ്, ഔദ്യോഗിക തലങ്ങളിലെ ഇടപെടലുകള്‍ എന്നിവയിലൂടെ അടയാളപ്പെടുത്തിയ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും അംബാസഡര്‍ സംസാരിച്ചു.

കുട്ടികളുടെയും സമൂഹാംഗങ്ങളുടെയും ദേശസ്‌നേഹ പ്രകടനങ്ങളും ‘ഭാരത് കോ ജാനിയെ’ ക്വിസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരെ അനുമോദിക്കുന്ന ചടങ്ങും പരിപാടിയില്‍ അരങ്ങേറി.

ഖത്തരി ബിസിനസുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 700 വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത പരിപാടിയാണ് എംബസി സംഘടിപ്പിച്ചത്.
ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ ഊര്‍ജ്ജവകുപ്പ് ചെയര്‍മാനുമായ സാദ് ബിന്‍ ഷെരിദ അല്‍ കാബി മുഖ്യാതിഥിയായിരുന്നു. പ്രോട്ടോക്കോള്‍ ചീഫ് അംബാസഡര്‍ ഇബ്രാഹിം യൂസിഫ് അബ്ദുല്ല ഫഖ്റോയും ഖത്തറിലെ എറിട്രിയയുടെ ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെ ഡീനും അംബാസഡറുമായ അംബാസഡര്‍ അലി ഇബ്രാഹിം അഹമ്മദ്, ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി എന്നിവരും ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങളെക്കുറിച്ച് അംബാസഡര്‍ വിപുല്‍ തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഖത്തര്‍ അമീറിന്റെയും നേതൃത്വത്തില്‍ വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിലായി ബന്ധം ബഹുമുഖമായി വളര്‍ന്നതായും ഭാവിയില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ കൂടുതല്‍ ശക്തമായ പങ്കാളിത്തമുണ്ടാകുമെന്നും അംബാസഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു. വ്യാപാരം, ടൂറിസം, സംസ്‌കാരം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ആഴത്തിലുള്ള ഇടപെടലുകള്‍ സാധ്യമാക്കുന്നതില്‍ ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ സംഭാവനകളെയും അംബാസഡര്‍ അഭിനന്ദിച്ചു.

വൈകിട്ട് മണിപ്പൂരി നര്‍ത്തകര്‍, സന്തൂര്‍, തബല കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍, സമകാലിക കലാകാരന്മാരുടെ കൂട്ടായ്മയുടെ സാംസ്‌കാരിക പ്രകടനങ്ങളും അരങ്ങേറി.

