

കോഴിക്കോട്: ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലുണ്ടായ വന്‍തീപിടുത്തം പരിഭ്രാന്തി പരത്തി. ചെറുവണ്ണൂര്‍ ടി പി റോഡില്‍ കാലിക്കറ്റ് ടൈല്‍സിനു സമീപത്ത് പെയിന്റ് നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലാണ്
അഗ്നിബാധയുണ്ടായത്. സമീപം പ്രവര്‍ത്തിച്ചിരുന്ന അപ്പര്‍ സ്റ്റിച്ചിങ് യൂണിറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. കൈക്കും കാലിനും പൊളളലേറ്റഗോഡൗണ് ജീവനക്കാരായ പുളിക്കല്‍ സിയാകണ്ടം സ്വദേശി സുഹൈലിനെ (19) ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോഡൗണില്‍ പത്തിലധികം pീവനക്കാരുണ്ടായിരുന്നെങ്കിലും ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒരു സ്കൂട്ടറും ബുള്ളറ്റും പൂര്‍ണ്ണമായും കത്തിച്ചാമ്പലായി. ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള സി ടി ഏജന്‍സീസ് എന്ന സ്ഥാപനത്തിലാണ് അപകടം.


വൈകിട്ടു അഞ്ചോടെ വന്‍പൊട്ടിത്തെറിയോടെയാണ് തീ ആളിപ്പടരാന്‍ തുടങ്ങിയത്. അസംസ്കൃത വസ്തുക്കളുമായെത്തിയ ടാങ്കര്‍ ലോറിയിലേക്കു തീ പടര്‍ന്നെങ്കിലും നാട്ടുകാരുടെ സംയോജിത ഇടപെടലിലൂടെ ഗോഡൗണ്‍ കോംപൗണ്ടിനു പുറത്തെത്തിക്കാനായത് വന്‍ അപകടം ഒഴിവാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
പെരിന്തല്‍മണ്ണ സ്വദേശി പെയിന്റ് നിര്‍മ്മാണത്തിനുളള ടിന്നര്‍ ടാങ്കര്‍ ലോറികളിലെത്തിച്ചു ചെറിയ ബാരലുകളിലാക്കി സൂക്ഷിക്കുന്ന സ്ഥലമാണിത്. വൈകുന്നേരത്തോടെ ടാങ്കര്‍ ലോറിയില്‍ ടിന്നര്‍ ബാരലിലേക്ക് റീ ഫില്ല് ചെയ്യുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നാല്പതിലധികം ഫയര്‍ യൂണിറ്റുകളാണ് തീ അണക്കാനായി കഠിന ശ്രമം നടത്തിയത്. മണിക്കൂറുകളായി തീ ആളിക്കത്തുന്നതിനാല്‍ ഗോഡൗണ്‍ ബില്‍ഡിങ് പൂര്‍ണ്ണമായും തകര്‍ന്നു.
തീ ആളിപ്പടര്‍ന്നു രാഗേഷിന്റെ ഉടസ്ഥതയിലുളള സമീപത്തെ പെര്‍ഫെക്റ്റ് ഫുട്ട്വെയര് അഗ്നിക്കിരയായി. ഈ കമ്പനിയിലെ റക്സിന്, കംപ്യൂട്ടര്‍, മെഷനറികള്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. ഈ ബില്‍ഡിങ്ങിനും വന്‍ നാശനഷ്ടങ്ങളാണ് അഗ്നിബാധയുണ്ടാക്കിയത്.
ഗോഡൗണിന്റെ സമീപത്തെ ഇരുനില വീട്ടിലെ വാട്ടര്‍ടാങ്ക് കത്തിനശിച്ചു. ജില്ലാ പൊലീസ് മേധാവി അക്ബര്‍, സെപ്ഷ്യല്‍ ബ്രാഞ്ച് എ സി പി ഉമേഷ്, ട്രാഫിക് എ സി പിമാരായ കുഞ്ഞിമൊയ്തീന്‍കുട്ടി, ജോണ്സണ്, ട്രാഫിക് ഡി സി പി ഡോ. ശ്രീനിവാസ്, ഫറോക്ക് എ സി പി എം എ സിദ്ദിഖ് തുടങ്ങി ജില്ലയിലെ മുഴുവന്‍ പൊലീസ് മേധാവികളും സംഭവ സ്ഥലത്തെത്തി. ജില്ലാ ഫയര്‍ ഓഫീസര്‍ അഷ്റഫലി, റീജിയണല്‍ ഫയര്‍ ഓഫീസര്‍ റജീഷ്, സ്റ്റേഷന് ഓഫീസര്‍ റോബി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണക്കാനുളള ശ്രമം നടത്തിയത്.

