ഖത്തറിന് നേരെയുണ്ടായ വ്യോമാക്രമണശ്രമങ്ങള്‍ പ്രതിരോധിച്ചു; ഷെല്‍ അവശിഷ്ടം തട്ടി കുട്ടിക്ക് പരിക്ക്

Web Desk
1 Min Read

ദോഹ: വെള്ളിയാഴ്ച പുലര്‍ച്ചെ ഖത്തറിന് നേരെയുണ്ടായ നിരവധി വ്യോമാക്രമണശ്രമങ്ങള്‍ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിലൊന്നിനിടെ വീണ ഷെല്‍ അവശിഷ്ടം തട്ടി ഒരു കുട്ടിക്ക് പരിക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചു.

city exchange

ജൂലൈ 17 വെള്ളിയാഴ്ച പുലര്‍ച്ചെ സുരക്ഷാ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം രണ്ട് തവണ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആദ്യ മുന്നറിയിപ്പ് രാവിലെ 3.30ഓടെയും രണ്ടാമത്തേത് ഏകദേശം 5.45 ഓടെയുമായിരുന്നു.

ആദ്യ മുന്നറിയിപ്പിന് പിന്നാലെ രാജ്യത്തിനെ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം സൈന്യം പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് ഉണ്ടായ മറ്റൊരു ആക്രമണശ്രമത്തിനുശേഷം നിരവധി വ്യോമാക്രമണങ്ങള്‍ കൂടി തടഞ്ഞതായി മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

ആദ്യ ആക്രമണം തടഞ്ഞതിന് പിന്നാലെ, പ്രതിരോധ നടപടികള്‍ക്കിടെ ഷെല്‍ അവശിഷ്ടം തട്ടി ഒരു കുട്ടിക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

- Advertisement -
Ad image

രാജ്യത്തെ ലക്ഷ്യമിട്ട ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്ന് അംഗീകൃത അടിയന്തര പ്രതികരണ പദ്ധതികള്‍ സിവില്‍ ഡിഫന്‍സ് വിഭാഗം നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ പങ്കുവെക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമനടപടികള്‍ക്ക് ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!