

ദോഹ: ‘കാത്തുവെക്കാം സൗഹൃദതീരം’ എന്ന പ്രമേയത്തില്‍ 2023 നവംബര്‍ 2, 3 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ (മുഖ്യരക്ഷാധികാരി), ശറഫ് പി ഹമീദ് (ചെയര്‍മാന്‍), എബ്രഹാം ജോസഫ് (ഉപദേശകസമിതി ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു. ഷമീര്‍ വലിയവീട്ടില്‍ ആണ് ജനറല്‍ കണ്‍വീനര്‍.

1999-ല്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍കൈ എടുത്ത് ആരംഭിച്ച മലയാളി സമ്മേളനങ്ങള്‍ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ഖത്തറിലെ മലയാളികളുടെ ഏറ്റവും വലിയ പൊതുസംഗമ വേദിയാണ്. കാലിക പ്രസക്തമായ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനോടകം നടന്ന ഏഴ് മലയാളി സമ്മേളനങ്ങളും ഖത്തര്‍ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ അനല്‍പമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ തനിമയായ മനുഷ്യസൗഹൃദം കൂടുതല്‍ കരുത്തോടെ കാത്തുവെക്കുവാനുള്ള ശ്രമമാണ് എട്ടാം സമ്മേളനം മുന്നോട്ട് വെക്കുന്നത്.

അബൂഹമൂറിലെ ഐ സി സി അശോക ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഡോ. സമദ്, എസ് എ എം ബഷീര്‍, അഡ്വ. ജാഫര്‍ ഖാന്‍, ഡോ. സാബു, മുസ്തഫ എന്‍ കെ, മശ്ഹൂദ് തിരുത്തിയാട്, മന്‍സൂര്‍ മൊയ്തീന്‍, ഡേവിസ് എടക്കളത്തൂര്‍, ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഉസ്മാന്‍ കല്ലന്‍, കെ വി ബോബന്‍, സാം വിളനിലം, ഡോ. പ്രതിഭ, മുന്നി രാജ, നസീഹ മജീദ്, പി എസ് എം ഹുസൈന്‍, റഷീദ് അലി ചുങ്കത്തറ, മിനി സിബി, ഹുസൈന്‍ കടന്നമണ്ണ, ഷാജി സ്‌കറിയ, ടി വി മജീദ് നാദാപുരം, എ പി ഖലീല്‍, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, ഡോ. അന്‍വര്‍, കെ ടി ഫൈസല്‍ സലഫി, റഷീദലി വി പി തുടങ്ങിയവര്‍ സംസാരിച്ചു.

