

ദോഹ: ഫിഫ അറബ് കപ്പ് 2021ന്റെ ഭാഗമായി നവംബര്‍ 26 മുതല്‍ ഡിസംബര്‍ നാലു വരെ കോര്‍ണിഷ് സ്ട്രീറ്റ് ഇരുഭാഗത്തേക്കും അടക്കുമെന്ന് ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍, ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് എന്നിവയുമായി സഹകരിച്ച് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.

ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് 11-ാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെ ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ കോര്‍ണിഷില്‍ അരങ്ങേറും. ഫുട്ബാള്‍ ആരാധകര്‍ക്ക് മികച്ച അനുഭവമായിരിക്കും ഇത് സമ്മാനിക്കുക.
റോഡ് അടച്ചിടുന്ന സമയത്ത് അശ്ഗാലിന്റെ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളും സ്വീകരിക്കും.

റോഡ് വഴി യാത്ര ചെയ്യുന്നവര്‍ ഈ സമയത്ത് മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ഉചിതം. ഖത്തര്‍ റയില്‍, മുവസലാത്തിന്റെ കര്‍വ തുടങ്ങിയവ ആശ്രയിച്ചാല്‍ മറ്റു റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാകും. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ചയോടെ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വഴി അറിയിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.

