എയര്‍ ഇന്ത്യ എക്സ്പ്രസ് ക്രൂവിന് പുതിയ യൂണിഫോം

Web Desk
1 Min Read

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂ, ഫ്രണ്ട് ലൈന്‍ സ്റ്റാഫ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം ഏര്‍പ്പെടുത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ടെയില്‍സ് ഓഫ് ഇന്ത്യ കാമ്പയിന് അനുസൃതമായി ഇന്ത്യയിലെ തനത് വസ്ത്ര നിര്‍മ്മാണ പാരമ്പര്യത്തെയും കരകൗശല വിദ്യകളെയും അടിസ്ഥാനമാക്കിയാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തന്നെ ഡിസൈനറായ പൂജ കൃഷ്ണനാണ് യൂണിഫോം ഡിസൈന്‍ ചെയ്തത്.

city exchange

തമിഴ്നാട്ടിലെ കാഞ്ചീവരം, ഹിമാചല്‍ പ്രദേശിലെ പട്ടു, ഗുജറാത്തിലെ പടോല, അസമിലെ ഗമോസ, മധ്യപ്രദേശിലെ ബാഗ് എന്നിവയില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ പുതിയ യൂണിഫോമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുര്‍ത്തി മോഡലിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ജാക്കറ്റുകള്‍, സ്‌കാര്‍ഫുകള്‍, പോക്കറ്റ് സ്‌ക്വയറുകള്‍ എന്നിവയാണുള്ളത്. സുഖകരവും ഈടുനില്‍ക്കുന്നതുമായ ബാനന ക്രപ്പ് തുണിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എക്സ്പ്രസ് ബ്ലൂ, എക്സ്പ്രസ് ഓറഞ്ച് നിറങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വനിതാ കാബിന്‍ ക്രൂ, വിമാനത്താവളത്തിലെ സര്‍വീസ് സ്റ്റാഫ്, ഏവിയേഷന്‍ സെക്യൂരിറ്റി, ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് വിഭാഗം എന്നിവയിലെ ജീവനക്കാര്‍ക്കായുള്ള യൂണിഫോമുകളുടെ രൂപകല്‍പ്പനയ്ക്കാണ് പൂജ കൃഷ്ണന്‍ നേതൃത്വം നല്‍കിയത്. ജീവനക്കാരുടെ ആവശ്യങ്ങളും ജോലി സാഹചര്യങ്ങളും അടുത്തറിഞ്ഞുള്ള അനുഭവസമ്പത്തും ഇതില്‍ നിര്‍ണായകമായി.

പുരുഷ കാബിന്‍ ക്രൂവിനായുള്ള യൂണിഫോം ട്രെന്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഒരുക്കിയത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ യൂണിഫോം പ്രാബല്യത്തില്‍ വന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!