
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രതിമാസ സാഹിത്യസദസ്സും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. എഫ് സി സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഖിയാഫ് പ്രസിഡണ്ട് ഡോ. സാബു കെ സിയുടെ ‘ഹര്‍ഷവര്‍ഷം’ എന്ന കവിതാസമാഹാരവും ആര്‍ രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലുമാണ് ചര്‍ച്ച ചെയ്തത്.

‘ഹര്‍ഷവര്‍ഷം’ അവലോകനം അസീസ് മഞ്ഞിയിലും ആത്രേയകം ആസ്വാദനം ഷൈജു ധമനിയും നിര്‍വഹിച്ചു.

ജീവിതാനുഭവങ്ങളെയും പ്രകൃതിസ്‌നേഹത്തെയും ആര്‍ദ്രമായ വരികളിലൂടെ അവതരിപ്പിക്കുന്ന ഡോ. സാബു കെ സിയുടെ മനോഹരമായ കവിതാസമാഹാരമാണ് ‘ഹര്‍ഷവര്‍ഷം’. പേര് സൂചിപ്പിക്കുന്നത് പോലെ ആനന്ദത്തിന്റെ പെയ്യലുകളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. പ്രകൃതി, പ്രണയം, ആത്മീയത, മനുഷ്യബന്ധങ്ങളുടെ ആഴം എന്നിവയാണ് കവിതകളുടെ പ്രധാന പ്രമേയങ്ങള്‍.
സാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യ്ക്ക് ശേഷം പുറത്തുവന്ന ‘ആത്രേയകം’ മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും പുതിയ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന നോവലാണ്. തിരസ്‌കരിക്കപ്പെട്ടവരുടെ കണ്ണിലൂടെ മഹാഭാരതത്തെ പുനര്‍വായിക്കുന്ന കൃതി, സ്ത്രീജീവിതത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളെയും ആത്മീയ അന്വേഷണങ്ങളെയും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
മാതൃത്വത്തിന്റെയും സഹനത്തിന്റെയും വേറിട്ട തലങ്ങള്‍ അടയാളപ്പെടുത്തുന്ന നോവല്‍, മലയാള നോവല്‍ സാഹിത്യത്തിലെ പാരമ്പര്യ വഴിത്താരകളില്‍ നിന്ന് മാറിനടക്കുന്ന ഒന്നാണ്.
കഥാപാത്രസൃഷ്ടികൊണ്ട് അനുവാചകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ‘ആത്രേയകം’ വായനക്കാര്‍ക്ക് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് ഷൈജു ധമനി അഭിപ്രായപ്പെട്ടു.
ഹബീബുര്‍ റഹ്മാന്‍ കിഴിശ്ശേരി, ഷഫീക്ക് അറക്കല്‍, അന്‍സാര്‍ അരിമ്പ്ര, സ്മിത പൗലോസ് എന്നിവര്‍ വായനാനുഭവങ്ങള്‍ പങ്കുവെച്ചു. ഖിയാഫ് വൈസ് പ്രസിഡന്റ് അഷ്‌റഫ് മടിയാരി അധ്യക്ഷത വഹിച്ചു. വാളൂരാന്‍ മോഡറേറ്ററായി. ഷംല ജഹ്ഫര്‍ സ്വാഗതവും നജിത പുന്നയൂര്‍ക്കുളം നന്ദിയും പറഞ്ഞു.
എഴുത്തുകാരി ആര്‍ രാജശ്രീയുടെ ആശംസാ ശബ്ദസന്ദേശം സദസ്സില്‍ കേള്‍പ്പിച്ചു.
വായനയുടെ വെളിച്ചത്തില്‍ കൃതികളെ അടുത്തറിയാനും ആശയങ്ങള്‍ പങ്കുവെക്കാനും അവസരമൊരുക്കിയ സാഹിത്യസദസ്സില്‍ ഗ്രന്ഥകാരന്‍ ഡോ. സാബു കെ സി സദസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

